ലണ്ടൻ: അതിമനോഹരമായ വാസ്തുശില്പ കലയ്ക്കും, അതിസുന്ദരമായ കടൽത്തീരങ്ങൾക്കും പേരുകേട്ട മാൾട്ടയിലാണ് ജനങ്ങൾ തങ്ങളുടെ ശരീര സൗന്ദര്യത്തെ കുറിച്ച് ഏറ്റവുമധികം സംതൃപ്തി അനുഭവിക്കുന്നത്. വിവിധ രാജ്യങ്ങളിലായി നടത്തിയ പഠനത്തിൽ തെളിഞ്ഞത് മാൾട്ടയിലെ ജനങ്ങളാണ് തങ്ങളുടെ ശരീര ഘടനയുടെ കാര്യത്തിൽ ലോകത്തിൽ ഏറ്റവും അധികം ആത്മവിശ്വാസം പുലർത്തുന്നത് എന്നാണ്. ആംഗ്ലിയ റാസ്‌കിൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് 65 രാജ്യങ്ങളിൽ നിന്നായി 56,000 പേരുമായി സംവേദിച്ച് സർവ്വേ നടത്തിയത്.

മാൾട്ട, തായ്വാൻ, ബംഗ്ലാദേശ്, കസഖ്സ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാന് സ്വന്തം ശരീര സൗന്ദര്യത്തിൽ ഏറ്റവുമധികം ആത്മവിശ്വാസം പുലർത്തുന്നവർ. അതേസമയം, ആസ്ട്രേലിയ, ഇന്ത്യ, യു കെ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് തങ്ങളുടെ ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറ്റവും കുറവ് ആത്മവിശ്വാസമുള്ളത്. നേരത്തെ നടത്തിയ മറ്റൊരു പഠനത്തിൽ, ശരീര സൗന്ദര്യത്തിലുള്ള വിശ്വാസവും വർദ്ധിച്ച ആത്മാഭിമാനം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നീ ഗുണങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ, ഇതുവരെ രാജ്യങ്ങൾക്കിടയിൽ ശരീര സൗന്ദര്യത്തിലുള്ള ആത്മവിശ്വാസത്തിന്റെ അളവ് എപ്രകാരം വ്യത്യാസപ്പെടുന്നു എന്നതുമായി ബന്ധപ്പെട്ട് പഠനങ്ങൾ ഒന്നും നടന്നിരുന്നില്ല. അതിനുള്ള ഉത്തരമായിട്ടായിരുന്നു 65 രാജ്യങ്ങളിൽ നിന്നായി 56,968 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ പഠനം. ഞാൻ എന്റെ ശരീര സൗന്ദര്യത്തെ ബഹുമാനിക്കുന്നു, എന്റെ അനന്യ സാധാരണമായ ശരീര ഘടനയിൽ ഞാൻ സന്തോഷിക്കുന്നു തുടങ്ങിയ പത്ത് പ്രസ്താവനകളിലൂടെ അവരവരുടെ ശരീരത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഈ ഉത്തരങ്ങൾ വിശകലനം ചെയ്താണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്.

മൊത്തത്തിൽ ഈ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ശരീര സൗന്ദര്യത്തിലുള്ള ആത്മവിശ്വാസം മാനസികാരോഗ്യവുമായും ജീവിത സംതൃപ്തിയുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ശരീര സൗന്ദര്യവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയതിൽ വെച്ച് ഏറ്റവും വലിയ പഠനമാണ് ഇതെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ വീരേൻ സ്വാമി പറഞ്ഞത്. വ്യത്യസ്ത രാജ്യങ്ങളിലേത് പോലെ വ്യത്യസ്ത മേഖലകളിലെ ജനങ്ങൾക്കിടയിലുള്ള അഭിപ്രായവും വിശകലനം ചെയ്തിരുന്നു. പൊതുവെ ഗ്രാമീണ മേഖലകളിൽ വസിക്കുന്നവർക്കാണ് അവരവരുടെ ശരീരത്തെ കുറിച്ച് ഏറെ ആത്മവിശ്വാസമുള്ളത് എന്നാണ് കണ്ടെത്തിയത്.

സ്വന്തം ശരീരത്തെ കുറിച്ച് അഭിമാനം കൊള്ളുന്നവരും ആത്മവിശ്വാസം ഏറെയുള്ളവരുമായ ആളുകൾ വസിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മാൾട്ട, തായ്വാൻ, ബംഗ്ലാദേശ്, കസഖ്സ്ഥാൻ, ദക്ഷിണ കൊറീയിയ, ഫിലിപ്പൈൻസ്, ഈജിപ്ത്, ഇറാഖ്, പോളണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ചപ്പോൾ ആസ്ട്രേലിയ, ഇന്ത്യ, യു. കെ, അയർലന്ദ്, യുക്രെയിൻ, ജർമ്മനി, യു എസ് എ, ചൈന, ഫ്രാൻസ്, ബ്രസീൽ എന്നീ രാജ്യങ്ങളാണ് അവസാന പത്ത് സ്ഥാനങ്ങളിൽ ഉള്ളത്.