കണ്ണൂർ: കണ്ണൂർ രാജ്യാന്തരവിമാനത്താവളത്തിന്റെ നിലവിലെ സ്ഥിതി പഠിക്കാനും വിലയിരുത്താനും രണ്ട് പാർലമെന്ററി സമിതികൾ ഇന്ന് വിമാനത്താവളത്തിലെത്തും. വ്യോമയാനം, ടൂറിസം എന്നിവയുടെ ചുമതലയുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളാണ് ഇന്ന് മട്ടന്നൂർ മൂർഖൻപറമ്പിലുള്ള കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നത്. കേരളത്തിൽ നിന്നുള്ള എംപിമാരായകെ.മുരളീധരൻ, ആന്റോ ആന്റണി, എ. എ റഹീം എന്നിവർ സിവിൽ ഏവിയേഷൻ, ടൂറിസം സമിതികളിൽ അംഗങ്ങളാണ്.

ഇന്ത്യൻവിമാനകമ്പിനികളുടെ കൂടുതൽ സർവീസുകൾ, പോയന്റ് ഓഫ് കോൾ പദവി ലഭിക്കാത്ത സാഹചര്യത്തിൽ ഗോവയിലെ മനോഹർ വിമാനത്താവളത്തിന് നൽകിയ മാതൃകയിൽ വിദേശവിമാനങ്ങൾക്ക് സർവീസിന് അനുമതി നൽകണമെന്നാണ് കിയാലിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതു വിമാനത്താവളംസന്ദർശിക്കുന്ന പാർലമെന്റ് സമിതിക്കു മുൻപിൽ അവതരിപ്പിക്കുമെന്ന് കിയാൽ അധികൃതർ അറിയിച്ചു. വടക്കെമലബാറിന്റെ വിനോദ സഞ്ചാര സാധ്യതകൂടി കണക്കിലെടുത്ത് സർവീസുകൾ അനുവദിക്കാൻ ഇടപെടണമെന്നും കമ്മിറ്റിയോട് കിയാൽ ആവശ്യപ്പെടും.

തിരുവനന്തപുരത്തു നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ ഉച്ചയ്ക്ക് 12.55ന് കണ്ണൂരിലെത്തുന്ന സമിതി അംഗങ്ങൾ മൂന്നരവരെ വിമാനത്താവളത്തിൽ ചെലവഴിക്കും. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാനായി സംഘം പിന്നീട് ബേക്കലിലേക്ക് പോകും. കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ചാസാധ്യതകൾ കൊവിഡിന് മുൻപ് വളർച്ചയിലുണ്ടായ കുതിപ്പ് എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള വിശദമായ റിപ്പോർട്ട് കിയാൽ അധികൃതർ പാർലമെന്റ് സമിതിക്കു മുൻപിൽ അവതരിപ്പിക്കും.

സമിതിയെ സ്വീകരിക്കാൻ വ്യോമയാന മന്ത്രാലയം ജോയന്റെ് സെക്രട്ടറി റുബീന അലി, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഇന്നലെ തന്നെ കണ്ണൂർ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ഇവരും യോഗത്തിൽ പങ്കെടുക്കും. വാണിജ്യമന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റ്സമിതിയും ഇതിനകം കണ്ണൂരിലെത്തിയിട്ടുണ്ട്. ബേക്കൽ, മടിക്കേരി എന്നിവടങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ സമിതി അംഗങ്ങൾ പങ്കെടുക്കും.

കൈത്തറി കയറ്റുമതി കേന്ദ്രമെന്ന നിലയിൽ കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ ടൗൺ ഓഫ് എക്സ്പോർട്ട് എക്സലൻസ് പദവിയുള്ള നഗരമാണ് കണ്ണൂർ. വാണിജ്യ പുരോഗതിക്കുള്ള സാധ്യതകൾ പരിഗണിച്ചു സമിതിയും കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് അനുകൂലമായി ഇടപെടുമെന്നപ്രതീക്ഷയിലാണ് കിയാൽ.