തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ക്രെയിനുകളുമായി ഒക്ടോബർ ആദ്യവാരം ആദ്യകപ്പലെത്തും. തുറമുഖ നിർമ്മാണത്തിന് വേണ്ട ക്രെയിനുകളുമായുള്ള കപ്പൽ ചൈനയിൽ നിന്ന് പുറപ്പെട്ടതായി അദാനി പോർട്ട്സ് അറിയിച്ചു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പങ്കെടുക്കുന്ന വലിയ പരിപാടിയായി കപ്പലിന്റെ വരവ് ആഘോഷമാക്കാനുള്ള ആലോചനയിലാണ് സംസ്ഥാന സർക്കാർ.

മൂന്ന് സെമി ഓട്ടോമാറ്റിക്ക് ക്രെയിനുകളുമായി കപ്പൽ ചൈനയിലെ ഷാങ്ഹായി ഷെൻഹുവാ തുറമുഖത്ത് നിന്ന് പുറപ്പെട്ട് കഴിഞ്ഞു. ഒക്ടോബർ ആദ്യ വാരം കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്നാണ് അദാനി പോർട്ട്സ് വ്യക്തമാക്കുന്നത്. എന്നാൽ കാലാവസ്ഥ അടക്കമുള്ള മറ്റ് തടസ്സങ്ങൾ ഉണ്ടായില്ലെങ്കിൽ സെപ്റ്റംബർ 29ന് കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്നാണ് തുറമുഖ വകുപ്പ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞത്ത് ആദ്യമായി കപ്പൽ അടുക്കുന്നത് വലിയ ആഘോഷമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

ഇന്ത്യൻ സമുദ്രമേഖലയിലേക്ക് കപ്പൽ പ്രവേശിക്കുന്നതോടെ മാത്രമേ വിഴിഞ്ഞത്ത് എന്ന് എത്തുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. കേന്ദ്രമന്ത്രിയുടെ സമയവും പരിഗണിക്കേണ്ടി വരും.

100 മീറ്റർ ഉയരവും 60 മീറ്റർ കടലിലേക്ക് തള്ളി നിൽക്കുകയും ചെയ്യുന്ന 5600 ടൺ ഭാരമുള്ള ഒരു സൂപ്പർ പോസ്റ്റ് പനാമാക്സ് ക്രെയിനും 30 മീറ്റർ ഉയരമുള്ള രണ്ട് ഷോർ ക്രെയിനുകളുമാണ് കപ്പലിൽ എത്തിക്കുന്നത്.

300 മീറ്റർ നീളമുള്ള കപ്പൽ നങ്കൂരമിടുന്നതിന് നിലവിലെ ബെർത്ത് സജ്ജമാണ്. 400 മീറ്റർ ബെർത്ത് ഇതിനോടകം പൂർത്തിയായിട്ടുണ്ട്. 2400 മീറ്റർ പുലിമുട്ട് നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് 600 മീറ്റർ ബ്രേക്ക് വാട്ടർ നിർമ്മാണം മാത്രമാണ്.

ക്രെയിൻ എത്തിയ ശേഷം ബെർത്തിൽ ഉറപ്പിക്കും. യാർഡിലെത്തുന്ന കപ്പലിൽ നിന്ന് കണ്ടെയ്‌നറുകൾ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് ഈ ക്രെയിനുകൾ ഉപയോഗിച്ചാണ്. 1700 കോടി രൂപയുടെ ക്രെയിനുകളിൽ ആദ്യഘട്ടമായി ഒരു 'ഷിപ് ടു ഷോർ' ക്രെയിനും 2 യാഡ് ക്രെയിനുകളുമാണ് എത്തിക്കുക. ഇത്തരത്തിൽ 4 കപ്പലുകൾ കൂടി പിന്നീട് എത്തും.

ഷാങ്ഹായ് ഷെഹുവാ ഹെവി ഇൻഡസ്ട്രീസിൽ നിന്നാണു ക്രെയിനുകൾ വാങ്ങുന്നത്. ബെർത്തിൽ എത്തുന്ന കപ്പലുകളിൽ നിന്നു കണ്ടെയ്‌നർ ഇറക്കി വയ്ക്കാനും കപ്പലിൽ കയറ്റാനും ഉപയോഗിക്കുന്ന വലിയ ക്രെയിനാണു 'ഷിപ് ടു ഷോർ'. ക്രെയിനുകൾ ഉറപ്പിക്കാൻ 3 മാസമെങ്കിലും എടുക്കും. 3 വർഷം മുൻപ് ഓർഡർ ചെയ്തതാണെങ്കിലും ബെർത്ത് നിർമ്മാണം വൈകിയതിനാലാണു ക്രെയിൻ എത്തിക്കാൻ വൈകിയത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി ചൈനയിൽ നിന്ന് 16 ക്രൈയിനുകൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.