- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മൊറോക്കോയിലെ തുടർഭൂചലനത്തിൽ മരണം 600 പിന്നിട്ടു; 329 പേർക്ക് പരിക്കേറ്റു; 51 പേരുടെ നില അതീവ ഗുരുതരം; നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ; രക്ഷാപ്രവർത്തനം തുടരുന്നു; കെട്ടിടങ്ങൾ ഒഴുകിയ പോലെ തോന്നിയെന്ന് ദൃക്സാക്ഷികൾ
റാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ പിടിച്ചുലച്ച ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 600 കടന്നു. മരണസംഖ്യ 632 എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. 329 പേർക്ക് പരിക്കേറ്റു. ഇവരിൽ 51 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ പകുതിയിലും അൽ-ഹൗസ്, തരൂഡന്റ് പ്രവിശ്യകളിലായി ഉള്ളവരാണ്. മറകേഷ് നഗരത്ത് തെക്ക് പടിഞ്ഞാറൻ മേഖലയിലെ ഹൈ അറ്റ്‌ലാന്റിസ് മലനിരകളാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 18.5 കിലോമീറ്റർ ആഴത്തിൽ നിന്നാണ് ഭൂകമ്പമുണ്ടായതെന്നാണ് അമേരിക്കൻ ജിയോളജിക്കൽ സർവേ വിശദമാക്കുന്നത്.
വെള്ളിയാഴ്ച രാത്രി 11ന് ആണ് ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി.19 മിനിറ്റിനുശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ തുടർച്ചലനങ്ങളുണ്ടായതായും യുഎസ് ഏജൻസി അറിയിച്ചു. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതായി അധികൃതർ പറഞ്ഞു. വൈദ്യുതി ബന്ധവും ടെലഫോൺ നെറ്റ്‌വർക്കും നഷ്ടമായി.
കെട്ടിടങ്ങൾ ഇടിഞ്ഞു വീഴുന്നതിന്റേയും തകർന്നടിഞ്ഞ കെട്ടിട അവശിഷ്ടങ്ങളുടേയും വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധി ചരിത്ര സ്മാരകങ്ങളും തകർന്നുവെന്നാണ് വിവരം.
നിരവധി പേർ ഇപ്പോഴും മണ്ണിനടിയിലാണ്. ഭക്ഷണവും വെള്ളവുമില്ലാതെ ആയിരങ്ങൾ തെരുവിലാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്. രണ്ട് ഭൂകമ്പങ്ങൾക്ക് പിന്നാലെ ആളുകൾ അൽപ പ്രാണനോടെ തുറസായ പ്രദേശങ്ങളിൽ നിന്നതാണ് ആൾനാശത്തെ കൂടുതൽ ഉയർന്ന് നിലയിലേക്ക് പോകാതിരിക്കാൻ കാരണമായെന്നാണ് പ്രദേശവാസികൾ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്.
കാസാബ്ലാൻകയിലും എസ്സൗറിയയിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ എത്തിയെന്നാണ് റിപ്പോർട്ട്. ചരിത്ര സ്മാരകങ്ങളും നിരവധി കെട്ടിടങ്ങളും ഭൂകമ്പത്തിൽ തകർന്നടിഞ്ഞു. മേഖലയിലെ രക്ഷാപ്രവർത്തനം ദുഷ്‌കരമായിട്ടുള്ളതിനാൽ മരണസംഖ്യ ഉയരുമെന്ന് ആശങ്കയാണ് നിലവിലുള്ളത്. വലിയ ശബ്ദം കേട്ടുവെന്നും കെട്ടിടങ്ങൾ ഒഴുകി നീങ്ങുന്നത് പോലെ തോന്നിയെന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട പ്രദേശവാസികൾ വിശദമാക്കുന്നത്.
നിരവധിപ്പേർ കെട്ടിടങ്ങൾക്കും വീടുകൾക്കും ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭൂകമ്പത്തിൽ ബാധിക്കപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നുവെന്നും അനുശോചനം രേഖപ്പെടുത്തിയ കുറിപ്പിലൂടെ പ്രധാനമന്ത്രി വിശദമാക്കി.
Extremely pained by the loss of lives due to an earthquake in Morocco. In this tragic hour, my thoughts are with the people of Morocco. Condolences to those who have lost their loved ones. May the injured recover at the earliest. India is ready to offer all possible assistance to…
- Narendra Modi (@narendramodi) September 9, 2023
'മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ വേദനയുണ്ട്. ഈ ദുരന്തസമയത്ത്, എന്റെ ചിന്തകൾ മൊറോക്കോയിലെ ജനങ്ങൾക്കൊപ്പമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ പ്രയാസകരമായ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയാറാണ്- അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. വിവിധ ലോക രാജ്യങ്ങൾ മൊറോക്കോയ്ക്ക് സഹായം വാഗ്ദാനം ചെയ്തു.




