- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി ആയിരങ്ങൾ; റോഡുകളും പാലങ്ങളുമെല്ലാം തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരം; നിലയ്ക്കാത്ത നിലവിളികൾ; മൊറോക്കോ ഭൂചലനത്തിൽ മരണം 2000 കടന്നു
റാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ പിടിച്ചുകുലുക്കിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2012 ആയി. 2059 പേർക്ക് പരിക്കേറ്റു. 1404 പേരുടെ നില ഗുരുതരമാണ്. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈദ്യുതിയില്ലാതായത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധിപേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. റോഡുകളും പാലങ്ങളുമെല്ലാം തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ചരിത്ര സ്മാരകങ്ങളും പൗരാണിക നഗരങ്ങളും നിലംപൊത്തി.
ഈ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മാരകേഷ് നഗരത്തിൽ നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു. ഗതാഗത-വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും നിലച്ചു. രാജ്യത്ത് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് വർഷങ്ങൾതന്നെ വേണ്ടിവരുമെന്നാണ് റെഡ് ക്രോസ് അടക്കമുള്ള സംഘടനകൾ പറയുന്നത്.
മറകേഷ് നഗരത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ഹൈ അറ്റ്‌ലാന്റിസ് മലനിരകളാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 18.5 കിലോമീറ്റർ ആഴത്തിൽ നിന്നാണ് ഭൂകമ്പമുണ്ടായതെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 10 മണി കഴിഞ്ഞാണ് ഭൂകമ്പമുണ്ടായത്. ആദ്യത്തെ ഭൂകമ്പത്തിന് പിന്നാലെ 4.9 തീവ്രതയിൽ വീണ്ടും ഭൂകമ്പമുണ്ടായത് ദുരന്തത്തിന്റെ ആഴം കൂട്ടി.
മറകേഷ് നഗരത്തിലെ തെക്കൻ മേഖലയിലും റാബത്തിലും പർവത മേഖലകളിലെ ഗ്രാമങ്ങളിലുമാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. ഉറങ്ങുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് പുറത്തേക്ക് ഓടിയതെന്ന് ഭൂചലനം നടക്കുമ്പോൾ മറകേഷിലുണ്ടായിരുന്ന കാസബ്ലാങ്ക നിവാസിയായ ഗന്നൂ നജെം എന്ന 80കാരി പറഞ്ഞു. മൊറോക്കോയിൽ 120 വർഷത്തിനിടെ ഏറ്റവും നാശം വിതച്ച ഭൂകമ്പമാണ് ഇന്നലെ ഉണ്ടായതെന്ന് വിദഗ്ദ്ധർ പറയുന്നു.
വിനാശകരമായ ഭൂകമ്പങ്ങൾ അപൂർവ്വമായ സ്ഥലങ്ങളിൽ കെട്ടിടങ്ങൾ വേണ്ടത്ര മുൻകരുതലോടെ നിർമ്മിക്കുന്നില്ലെന്നും ഇത് നാശനഷ്ടങ്ങളുടെ തീവ്രത കൂട്ടുന്നുവെന്നും ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രൊഫസർ ബിൽ മക്ഗുയർ അഭിപ്രായപ്പെട്ടു.
മറകേഷിലെ തന്റെ കെട്ടിടത്തിൽ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടതായി എഞ്ചിനീയറായ ഫൈസൽ ബദൂർ പറഞ്ഞു. ഈ ഭൂകമ്പത്തിന്റെ തീവ്രതയിൽ ഭയന്നുപോയതിനാൽ പലരും വീടിനുള്ളിൽ തിരിച്ചുകയറാൻ പേടിച്ച് പുറത്ത് തങ്ങുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. കട്ടിൽ പറന്നുപോകുന്നതുപോലെ തോന്നിയെന്ന് ഫ്രഞ്ച് പൗരനായ മൈക്കേൽ ബിസെറ്റ് പറഞ്ഞു. താൻ വസ്ത്രം പോലും ധരിക്കാൻ സമയമില്ലാതെ പുറത്തേക്ക് ഓടി. എല്ലായിടത്തും കേട്ടത് നിലയ്ക്കാത്ത അലമുറകളാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കുടുംബത്തിലെ 10 പേർ മരിച്ചെന്ന് ഇംഗ്ലണ്ടിൽ നിന്നെത്തിയ വിനോദസഞ്ചാരി മിമി തിയോബോൾഡ് കണ്ണീരോടെ പറഞ്ഞു. ഇതിനു മുൻപ് മൊറോക്കോയിൽ 1960ൽ അഗാദിറിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 12,000ത്തിലധികം പേർ മരിച്ചു. 2004ൽ വടക്കുകിഴക്കൻ മൊറോക്കോയിലെ അൽ ഹോസിമയിൽ ഭൂകമ്പം ഉണ്ടായപ്പോൾ 628 പേരാണ് മരിച്ചത്.
അറ്റ്ലസ് പർവതമേഖലാ പ്രവിശ്യയായ അൽ ഹൗസിലെ 'ഇഖിൽ' ആണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ചരിത്രനഗരമായ മാരകേഷിന് തെക്കുപടിഞ്ഞാറ് 72 കിലോമീറ്റർ അകലെയാണിത്. ഇവിടെ 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് യു.എസ്. ജിയോളജിക്കൽ സർവേ അറിയിച്ചു. രാത്രി 11.11 -നുണ്ടായ ഭൂകമ്പം സെക്കൻഡുകൾ നീണ്ടുനിന്നു. പിന്നാലെ 4.9 തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങളുണ്ടായി.
കെട്ടിടങ്ങൾക്കടിയിൽ ഇനിയും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയരുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 350 കിലോമീറ്റർ അകലെയുള്ള തലസ്ഥാനമായ റബാത്തിലും പ്രകമ്പനം അനുഭവപ്പെട്ടു. ആറുപതിറ്റാണ്ടിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭൂകമ്പമാണിതെന്ന് മൊറോക്കോ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജോഗ്രഫി അറിയിച്ചു.
അറ്റ്ലസ് പർവതപ്രദേശത്തെ ഹൗസ്, ടറൗഡന്റ് എന്നിവയുൾപ്പെടെയുള്ള അഞ്ച് പ്രവിശ്യകളിലാണ് കൂടുതൽ ആൾനാശമുണ്ടായത്. തീരപ്രദേശങ്ങളായ റബാത്, കാസബ്‌ളാങ്ക, എസോയിറ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി.
2004-ലാണ് മൊറോക്കോയിൽ അവസാനമായി ഭൂകമ്പമുണ്ടായത്. അന്നത്തെ ഭൂകമ്പത്തിൽ 628 പേർ കൊല്ലപ്പെടുകയും 926 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 1960 -ലുണ്ടായ ഭൂകമ്പത്തിൽ (5.8 തീവ്രത) 12000 പേർ മരിച്ചു.
ശക്തമായ ഭൂകമ്പം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടവും യുനെസ്‌കോ പൈതൃകനഗരവുമായ മാരകേഷിനെ തകർത്തുതരിപ്പണമാക്കി. പുരാതനകെട്ടിടങ്ങൾ പലതും തകർന്നു. ഉറക്കച്ചടവിൽ ഓടിരക്ഷപ്പെടാൻപോലും പലർക്കുമായില്ല.
''ചുമരിലെ വസ്തുക്കൾ ഇളകാൻ തുടങ്ങിയപ്പോൾത്തന്നെ മാസങ്ങൾ പ്രായമുള്ള തന്റെ കുഞ്ഞിനെയെടുത്ത് ഓടുകയായിരുന്നു. മറ്റുവീട്ടുകാരെക്കുറിച്ചുപോലും ചിന്തിച്ചില്ല.''- രക്ഷപ്പെട്ട ഒരച്ഛൻ പറഞ്ഞു. ഭൂകമ്പം കനത്തനാശംവിതച്ച മാരകേഷ്-സഫി മേഖലയിൽ 45 ലക്ഷംപേരാണ് താമസിക്കുന്നത്. ഭൂകമ്പത്തിന്റെ പ്രകമ്പനം പോർച്ചുഗലിലും അൽജീരിയയിലും സ്പെയിനിലും അനുഭവപ്പെട്ടെന്ന് പോർച്ചുഗൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സീ ആൻഡ് അറ്റ്‌മോസ്ഫിയറും അൽജീരിയൻ സിവിൽ ഡിഫൻസ് ഏജൻസിയും അറിയിച്ചു. മൊറോക്കോയിലെ നാലാമത്തെ വലിയനഗരമാണ് മാരകേഷ്.
അൽഹൗസ് പ്രവിശ്യയിലെ ഭൂകമ്പബാധിതമേഖലകളിലേക്ക് സഹായമെത്തിക്കാൻ റോഡുഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് ടാലത് എൻ യാക്കൂബ് നഗരഭരണകൂടം അറിയിച്ചു. പലതും പർവതപ്രദേശങ്ങളിലെ വിദൂരഗ്രാമങ്ങളായതിനാൽ രക്ഷാപ്രവർത്തകർക്കിങ്ങോട്ടെത്താൻ ദുർഘടമായ പാതകൾ താണ്ടണം. രക്ഷാപ്രവർത്തനത്തിനായി മൊറോക്കൻഭരണകൂടം സൈന്യത്തെയും അടിയന്തരസേനയെയും വിന്യസിച്ചു. സഹായത്തിന് റെഡ്‌ക്രോസും രംഗത്തുണ്ട്.
മാരകേഷിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന കൂട്ടോബിയ പള്ളിയും ഭൂകമ്പത്തിൽ തകർന്നു. 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളിക്ക് 69 മീറ്റർ ഉയരമുണ്ട്. യുനെസ്‌കോയുടെ പൈതൃകപട്ടികയിലിടം നേടിയ പുരാതനനഗരത്തെ ചുറ്റിയുള്ള പ്രശസ്തമായ ചെമ്മതിലിനും കേടുപാടുകൾ പറ്റി.




