ശ്രീനഗർ: ജമ്മു കശ്മീരിൽ അനന്ത്‌നാഗ് ജില്ലയിലെ കോകെർനാഗിൽ ഭീകരവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥർക്കു വീരമൃത്യു. കരസേനയിലെ കേണലും മേജറും ജമ്മു കശ്മീർ പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടുമാണു വീരമൃത്യു വരിച്ചത്. കേണൽ മൻപ്രീത് സിങ്, മേജർ ആഷിഷ് ധോഞ്ചക്, ഡെപ്യൂട്ടി സൂപ്രണ്ട് ഹിമൻയുൻ മുസമിൽ ഭട്ട് എന്നിവർക്കാണ് ജീവൻ നഷ്ടമായത്.

ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരുക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരെയും കനത്ത വെടിവയ്‌പ്പു നടക്കുന്നതിനാൽ സ്ഥലത്തു നിന്നും മാറ്റാൻ സാധിച്ചില്ലെന്നാണ് വിവരം. ഭീകരവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നു കഴിഞ്ഞ രാത്രിയാണു പൊലീസും സൈന്യവും സംയുക്തമായി തിരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

രജൗരിയിൽ ഇന്നലെ പുലർച്ചെ മുതലും അനന്തനാഗിൽ ഇന്ന് രാത്രിയോടുയുമാണ് സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത് . വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിങ് 19 രാഷ്ട്രീയ റൈഫിളിലെ കമാന്റിങ് ഓഫീസറാണ്. ഇന്നലെ ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനീകനും വീരമൃത്യു വരിച്ചിരുന്നു. ഇവിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് . രജൗരിയിലെ ഏറ്റുമുട്ടലിൽ 21 ആർമി ഡോഗ് യൂണിറ്റിലെ കെന്റ് എന്ന നായ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ രണ്ട് ഭീകരെ സൈന്യം വധിച്ചു.

അനന്തനാഗിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ആക്രമണം ഉണ്ടായത്. ജമ്മുകശ്മീരിലെ സമാധാനം നശിപ്പിക്കാൻ പാക്കിസ്ഥാൻ അതിർത്തിയിലേക്ക് ഭീകരരെ അയക്കുന്നുവെന്ന് നോർത്തേൺ കമാന്റർ ലിറ്റനന്റജ് ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഏറ്റുമുട്ടൽ സാഹചര്യത്തിൽ രജൗരിയിലും അനന്തനാഗിലും കനത്ത സുരക്ഷ തുടരുകയാണ്.