ലണ്ടൻ: സീരിയൽ കില്ലർ, ലൂസി ലെറ്റ്ബി, കോടതിക്കെതിരെ നൽകിയ വിധിക്കെതിരെ ഇരകളുടെ കുടുംബങ്ങൾ രംഗത്തെത്തി. ഏഴ് കുട്ടികളെ കൊല്ലുകയും, മറ്റ് ആറു കുട്ടികളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തതിന് ജീവിതാവസാനം വരെ തടവ് ശിക്ഷയായിരുന്നു 33 കാരിയായ നഴ്സിന് വിധിച്ചത്. ഈ മാസം അവസാനത്തോടെ ലൂസിയുടെ അപ്പീൽ കോടതിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, അതിന്മേലുള്ള വാദങ്ങളും മറ്റും മാസങ്ങളോളം തുടരാനാണ് സാധ്യത.

2015 നും 2016 നും ഇടയിൽ കൗണ്ടസ്സ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ നിയോനാറ്റൽ യൂണിറ്റിൽ നവജാത ശിശുക്കളെ കൊല്ലുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതിനായിരുന്നു ലൂസി ലെറ്റ്ബി ശിക്ഷിക്കപ്പെട്ടത്. ഇപ്പോൾ, ലെറ്റ്ബി അപ്പീൽ നൽകുന്നത് തികച്ചും അവജ്ഞയുളവാക്കുന്നതാണെന്ന് ഇരകളിൽ ഒരാളുടെ പിതാവ് പറഞ്ഞു. ഏന്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പൊൾ അപ്പീൽ നൽകുന്നതെന്ന് മനസ്സിലാകുന്ന അയാൾ, തങ്ങൾ ഒരുവിധം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് മുഴുവൻ നീതിന്യായ സംവിധാനത്തെയും നോക്കുകുത്തിയാക്കുന്ന പ്രവൃത്തിയാണെന്നും പറഞ്ഞു.

വിശ്വസിക്കാൻ കഴിയാത്ത വിദഗ്ധോപശേത്തിന്റെ അടിസ്ഥാനത്തിലും, ശാസ്ത്ര സത്യങ്ങൾക്ക് നിരക്കാത്ത നിഗമനങ്ങളുടെ അടിസ്ഥാനത്തിലുമാണ് ലൂസിക്ക് മേൽ കേസ് ചാർത്തിയതെന്ന് ആരോപിച്ച് ഒരു ശാസ്ത്രജ്ഞൻ ഫണ്ട് റൈസിങ് കാമ്പെയിൻ ആരംഭിച്ചതിനു പുറകെയാണ് ഇപ്പോൾ അപ്പീൽ നൽകുന്നത്. ബയോടെക് സ്റ്റാർട്ട് അപ് കമ്പനികളുടെ സയന്റിഫിക് കൺസൾട്ടന്റ് എന്ന് അവകാശപ്പെടുന്ന കാലിഫോർണിയൻ സ്വദേശി സാറിറ്റ ആഡംസ് ആണ് ലൂസിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

സയൻസ് ഓൺ ട്രയൽ എന്ന ഒരു സംഘത്തിന്റെ നേതാവു കൂടിയാണവർ. യു കെ ചരിത്രത്തിലിന്നു വരെ കാണാത്ത വിധത്തിലുള്ള അനീതി നടപ്പാക്കലാണ് ലെറ്റ്ബിയെ ശിക്ഷിച്ചതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഈ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. രണ്ട് കൊലപാതക ചാർജ്ജുകളിൽ നിന്നും ലെറ്റ്ബിയെ ഒഴിവാക്കിയിരുന്നു. മാത്രമല്ല, മറ്റ് അഞ്ച് കുട്ടികളുമായി ബന്ധപ്പെട്ട ആറ് കൊലപാതക ശ്രമങ്ങളുടെ ചാർജ്ജിലും ഒരു വിധി പറയാൻ കോടതിക്ക് കഴിഞ്ഞിട്ടില്ല.

മാഞ്ചസ്റ്ററിൽ സെപ്റ്റംബർ 25 ന് നടക്കുന്ന വിസ്താരത്തിൽ, ഈ കേസുകളിൽ ഒരു പുനർ വിചാരണ ആവശ്യമാണോ എന്ന കാര്യം ക്രൗൺ പ്രോസിക്യുഷൻ സർവ്വീസ് തീരുമാനിക്കും. ആ വിസ്താരത്തിൽ തന്റെ അപ്പീൽ സമർപ്പിക്കാനാണ് ലെറ്റ്ബി ഒരുങ്ങുന്നത്. ശിക്ഷിക്കപ്പെട്ട എല്ലാ കേസുകളിലെയും വിധികൾക്കെതിരെ ലെറ്റ്ബി അപ്പീൽ നൽകും എന്നാണറിയുന്നത്. ഏത് കേസിൽ ശിക്ഷിക്കപ്പെട്ടാലും, അപ്പീൽ നൽകാൻ വിധി വന്ന ദിവസം മുതൽ 28 ദിവസത്തെ സമയമുണ്ട്. ലെറ്റ്ബിയുടെ കേസിലെ വിധി വന്ന് 28 ദിവസം ഇന്നലെ പൂർത്തിയായി.

അപ്പീൽ നൽകാനായി ലെറ്റ്ബി നൽകിയ അപേക്ഷ ഇപ്പൊൾ ഒരു ജഡ്ജ് പരിശോധിച്ച് അത് അപ്പീലിന് പോകാൻ ആകുമോ എന്ന കാര്യം തീരുമാനിക്കും. അനുവാദം നൽകുഃകയാണെങ്കിൽ മൂന്ന് മുതിർന്ന ജഡ്ഡുമാർ അപ്പീൽ കേള്ക്കും. ശിക്ഷ വിധിച്ചത് അന്യായമാണെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമെ അപ്പീൽ കേള്ക്കുകയുള്ളു. ലെറ്റ്ബിയോടൊപ്പം നിയോനാറ്റൽ യൂണിറ്റിൽ ജോലി ചെയ്തിരുന്ന ജാനെറ്റ് കോക്സ് എന്ന നഴ്സും കഴിഞ്ഞമാസം ലെറ്റ്ബി നിരപരാധിയാണെന്നാണ് വിശ്വസിക്കുന്നതെന്ന് പറഞ്ഞിരുന്നു.