ലണ്ടൻ: കറുത്ത വംശജനെ വെടിവെച്ചു കൊന്ന സഹപ്രവർത്തകനെതിരെ നടപടി കൈക്കൊണ്ടതിൽ പ്രതിഷേധിച്ച് നൂറുകണക്കിന് സായുധ പൊലീസ് സേനാംഗങ്ങൾ ആയുധങ്ങൾ തിരിച്ചേൽപ്പിച്ചതോടെ ലണ്ടൻ നഗരത്തിന്റെ സുരക്ഷയിൽ കടുത്ത ആശങ്കയുയർന്നിരിക്കുകയാണ്. ഇതോടെ പരസ്പര സഹായ നിയമ പ്രകാരം കൗണ്ടികളിൽ നിന്നുള്ള സായുധ സേനാംഗങ്ങളുടെ സേവനം ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് ലണ്ടൻ പൊലീസ്. സൈന്യത്തിന്റെ സേവനവും ആവശ്യപ്പെടാൻ ഇടയുണ്ടെന്നറിയുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 5 ന് തന്റെ ഓഡി കാർ ഓടിച്ചു പോകുന്നതിനിടയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരണമടഞ്ഞത്. ഓഫീസർ എൻ എക്സ് 121 എന്ന് മാത്രം വെളിപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനെതിരെ കൊലപാതക കുറ്റം ചുമത്തിയതാണ് സഹപ്രവർത്തകരെ ചൊടിപ്പിച്ചത്. മെറ്റ് പൊലീസിന്റെ എം ഒ 19 സായുധ കമാൻഡിലെ ഉദ്യോഗസ്ഥരാണ് അവരുടെ ബ്ലൂ ഓഥറൈസേഷൻ കാർഡുകൾ തിരിച്ചേൽപിക്കാൻ തുടങ്ങിയിരിക്കുന്നത്.

ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ സിസ്റ്റത്തിൽ കുടുങ്ങിയ ക്രിസ് കാബ എന്ന24 കാരനായ യുവാവിനെ പിന്തുടരുകയായിരുന്നു പൊലീസ്. കാബയുടെ മരണം കറുത്ത വർഗ്ഗക്കാർക്കിടയിൽ കനത്ത പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു. റാപ്പ് താരം സ്റ്റോംസി ഉൾപ്പടെ കാബയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ന്യു സ്‌കോട്ട്ലാൻഡ് യാർഡിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തിരുന്നു.

ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്ടിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൗൺ പ്രോസിക്യുഷൻ സർവ്വീസ് ആയിരുന്നു കൊലക്കുറ്റത്തിന് പൊലീസ് ഉദ്യോഗസ്ഥനെ പ്രതിയാക്കി കേസ് റെജിസ്റ്റർ ചെയ്തത്. എന്നാൽ, രാഷ്ട്രീയ ലാഭത്തിനായി ഉദ്യോഗസ്ഥനെ ബലിയാടാക്കുകയാണ് എന്നാണ് സഹപ്രവർത്തകർ ആരോപിക്കുന്നത്.

സായുധ സേന കമാൻഡിന്റെ കെന്റിലെ പരിശീലന കേന്ദ്രത്തിലെത്തി മെറ്റ് കമ്മീഷണർ സർ മാർ റോവ്ലി സേനാംഗങ്ങളുടെ കോപം ശമിപ്പിക്കാൻ ശ്രമിച്ചിരുന്നു എങ്കിലും അത് ഫലം കണ്ടില്ല. തങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്നും ആവശ്യമായ പിന്തുണ ലഭിക്കുന്നില്ലെന്നും സേനാംഗങ്ങൾ പരാതിപ്പെട്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കമ്മീഷണറുടെ ഇടപെടൽ ഏറെ വൈകിയാണ് ഉണ്ടായതെന്നും, അത് തീരെ ഫലപ്രദമായില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നൂറു കണക്കിന് സായുധ സേനാംഗങ്ങൾ ആയുധം തിരികെ ഏൽപിച്ചു എന്നാണ് ചില സ്രോതസ്സുകളെ ഉദ്ധരിച്ച് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്. അവർ കുപിതരും ആശങ്കാകുലരുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അവരുടെ കുടുംബാംഗങ്ങളും ഏറെ ആശങ്കയിൽ ജീവിക്കുന്നു എന്നും ഇത്തരം ഒരു മാനസിക സാഹചര്യം ആയുധം കൈയിൽ കൊണ്ടു നടക്കുന്നതിന് അനുയോജ്യമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ആയുധം കൈകാര്യം ചെയ്യുന്നതിനുള്ള മാനസികാവസ്ഥ ഇല്ലെങ്കിൽ അതിൽ നിന്നും പിന്മാറാനുള്ള വഴിയുണ്ട്. അതുപയോഗിച്ചാണ് ഇവർ ഇപ്പോൾ സായുധസേനാംഗങ്ങൾ എന്ന നിലയിലുള്ള ജോലിയിൽ നിന്നും പിന്മാറാനുറച്ചിരിക്കുന്നത്. കൗണ്ടർ ടെററിസ്റ്റ് സ്പെഷ്യലിസ്റ്റ് ഫയറാം ഓപ്പറേഷൻ ടീമിലുള്ള ഏതാനും പേർ മാത്രമാണ് ഇപ്പോൾ ലണ്ടനിൽ ജോലിയിലുള്ളതെന്നും സൺ റിപ്പോർട്ട് ചെയ്യുന്നു.