ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നബിദിനാഘോഷ റാലിക്കിടെ ചാവേർ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലെ മസ്ജിദിനു സമീപമാണ് സ്‌ഫോടമുണ്ടായത്.

മസ്തൂങ് ജില്ലയിലെ മദീന മസ്ജിദിന് സമീപമാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സ്ഫോടനം ചാവേർ ആക്രമണമാണെന്നാണ് പുറത്തുവരുന്ന വിവരം. കൊല്ലപ്പെട്ടവരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മസ്തൂങ് ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് നവാസ് ഗാഷ്‌കോരിയുമുൾപ്പെടുന്നു. ഡി.എസ്‌പിയുടെ വാഹനത്തിന് സമീപമാണ് ചാവേർ പൊട്ടിത്തെറിച്ചത്.



സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. സ്ഫോടനത്തിനു പിന്നിൽ തങ്ങൾക്ക് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് പാക്കിസ്ഥാനി താലിബാൻ പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. ഒരു മാസത്തിനിടെ മസ്തൂങ്ങിലുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണിത്.

മതപരമായ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ആളുകൾക്ക് നേരെയുള്ള ആക്രമണം ഹീനമായ കൃത്യമാണെന്ന് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്‌ഫോടനത്തിൽ തീവ്രവാദ ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പാക്കിസ്ഥാൻ അറിയിച്ചു. ഈ മാസം ആദ്യം ഇതേ ജില്ലയിലുണ്ടായ സ്‌ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു.

നബിദിനാഘോഷങ്ങളോടനുബന്ധിച്ച് ഒത്തുകൂടിയവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സെപ്റ്റംബർ മാസത്തിൽ മസ്തുംഗ് ജില്ലയിൽ മാത്രം നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. നേരത്തെയുണ്ടായ സ്ഫോടനത്തിൽ ജാമിഅത്ത് ഉലമ ഇ ഇസ്ലാം ഫസുൾ നേതാവ് ഹഫീസ് ഹംദുള്ള അടക്കം കൊല്ലപ്പെട്ടിരുന്നു. ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.