- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഎഡ് കോഴ്‌സുകൾ ഇല്ലാതാകും; സെന്ററുകൾ അടച്ചു പൂട്ടും; ഇനി അദ്ധ്യാപകബിരുദം നാലുവർഷ കോഴ്സാക്കി സംയോജിത അദ്ധ്യാപക വിദ്യാഭ്യാസ പരിപാടി; കേന്ദ്ര നിർദ്ദേശം കേരളം അംഗീകരിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ അദ്ധ്യാപക വിദ്യാഭ്യാസവും അടിമുടിമാറുമെന്ന് റിപ്പോർട്ട്. കേന്ദ്രനിർദ്ദേശം പാലിച്ച്, അദ്ധ്യാപകരാവാനുള്ള മിനിമം യോഗ്യത ബിരുദമാക്കും. ഇപ്പോഴുള്ള ഡി.എൽ.എഡ്., ബി.എഡ്. കോഴ്സുകൾ ഒഴിവാക്കി സംയോജിതബിരുദം നടപ്പാക്കാനാണ് പദ്ധതി. അതായത് അദ്ധ്യാപക പ്രവേശനത്തിന് പുതിയ കോഴ്‌സ് എത്തും. അതിനെ അദ്ധ്യാപക ബിരുദമെന്നാകും വിളിക്കുക. അദ്ധ്യാപകബിരുദം നാലുവർഷ കോഴ്സാക്കി സംയോജിത അദ്ധ്യാപക വിദ്യാഭ്യാസപരിപാടി നടപ്പാക്കാനാണ് കേന്ദ്രനിർദ്ദേശം.
അദ്ധ്യാപകബിരുദ പ്രവേശത്തിന് കേരളത്തിൽ പ്രത്യേകം അഭിരുചിപ്പരീക്ഷയും ഏർപ്പെടുത്തും. അദ്ധ്യാപകവൃത്തിയിൽ താത്പര്യമുള്ളവരാണ് വരുന്നതെന്ന് ഉറപ്പാക്കാനാണിത്. ഈ ശുപാർശകളുമായി അദ്ധ്യാപകവിദ്യാഭ്യാസം സംബന്ധിച്ച റിപ്പോർട്ട് എസ്.സി.ഇ.ആർ.ടി. ഉടൻ സർക്കാരിനു സമർപ്പിക്കും.
അദ്ധ്യാപകരാവാൻ കുറഞ്ഞയോഗ്യത ബിരുദമായി നിശ്ചയിക്കണമെന്നാണ് സ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിച്ച ഖാദർ കമ്മിറ്റിയുടെയും ശുപാർശ. ഈ സമിതിയും അഭിരുചിപ്പരീക്ഷ എന്ന ആശയം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് എസ്.സി.ഇ.ആർ.ടി. സർക്കാരിനു റിപ്പോർട്ടുനൽകുക.
നിലവിൽ ബിരുദത്തിന് ശേഷം ബിഎഡ് കോഴ്‌സ് പഠിക്കണം. ബി എഡ് യോഗ്യതയുള്ളവരാണ് അദ്ധ്യാപകരമായി മാറുന്നത്. ഇതിനാണ് മാറ്റം വരുത്തുന്നത്. കേന്ദ്ര നിർദ്ദേശം കേരളം അംഗീകരിക്കും. ബി.എ.-ബി.എഡ്., ബി.എസ്സി.-ബി.എഡ്., ബി.കോം.-ബി.എഡ്. എന്നീ മൂന്നുതരം കോഴ്സുകൾ വേണമെന്നയാണ് കേന്ദ്ര നിർദ്ദേശം. ഈ മാതൃക കേരളവും പിന്തുടർന്നേക്കും. പുതിയ പരിഷ്‌കാരത്തോടെ ഇപ്പോഴുള്ള ഡി.എൽ.എഡ്., ബി.എഡ്. കോഴ്സുകൾ ഇല്ലാതാവും. സംസ്ഥാനത്ത് 202 ഡി.എൽ.എഡ്. കേന്ദ്രങ്ങളുണ്ട്. സർക്കാർ-38, എയ്ഡഡ്-64, സ്വാശ്രയം-100 എന്നിങ്ങനെയാണവ. സർക്കാരിന്റെ നാലെണ്ണമടക്കം 187 ബി.എഡ്. സ്ഥാപനങ്ങളുമുണ്ട്. ഇതെല്ലാം പൂട്ടേണ്ടി വരും.
അദ്ധ്യാപക കോഴ്‌സ് നിർദ്ദേശം നിർദ്ദേശം നടപ്പായാൽ ഡി.എൽ.എഡ്. കേന്ദ്രങ്ങൾ പൂട്ടേണ്ടിവരും. ബി.എഡ്. പഠനത്തിനുമാത്രമായി സ്ഥാപനങ്ങൾ പാടില്ല. പകരം, ബഹുതലവിഷയങ്ങൾ പഠിപ്പിക്കുന്ന കേന്ദ്രമായി ഇവയെ മാറ്റാനാണ് കേന്ദ്രനിർദ്ദേശം. ബി.എഡ്. കേന്ദ്രങ്ങൾ മറ്റു കോളേജുകളുമായി ലയിപ്പിക്കും. അല്ലാത്തവ പൂട്ടേണ്ടിവരുമെന്നാണ് സൂചന.
സ്‌കൂൾ വിദ്യാഭ്യാസം 5+3+3+4 എന്ന ഘടനയിലാക്കണമെന്നും നിർദേശമുണ്ട്. കേന്ദ്രഘടന കേരളം സ്വീകരിച്ചിട്ടില്ല. അതിനാൽ, പ്രീ-സ്‌കൂൾമുതൽ ഹയർ സെക്കൻഡറിവരെ മൂന്നുവിഭാഗങ്ങളായി തിരിച്ചുള്ള അദ്ധ്യാപകബിരുദ കോഴ്സുകളാവും നടപ്പാക്കുക. പ്രത്യേക അഭിരുചിപ്പരീക്ഷ നടത്തി കോഴ്സുകളിൽ പ്രവേശനംനടത്തും.
ബി എഡ് കോഴ്‌സ് രണ്ട് കൊല്ലമാണ് പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സംയോജിത ഡിഗ്രി വരുമ്പോൾ ഒരു വർഷം കുറവിൽ അദ്ധ്യാപക യോഗ്യത നേടാനാകും.
മറുനാടന്‍ മലയാളി ബ്യൂറോ