ഗാങ്‌ടോക്ക്: മേഘസ്‌ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിലുണ്ടായ കെടുതികളിൽ വിറങ്ങലിച്ച് സിക്കിം. ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെത്തി. മരിച്ചവരിൽ ആറ് സൈനികരും ഉൾപ്പെട്ടതായാണ് വിവരം. സൈനികരടക്കം നൂറോളം പേരെ കാണാതായിട്ടുണ്ട്. കാണാതായ സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രളയത്തിൽ ഒലിച്ചുപോയവർക്കായി തിരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘങ്ങളെ കേന്ദ്ര സർക്കാർ സിക്കിമിലേക്ക് അയച്ചു.

മരിച്ചവരിൽ ഒരു സൈനികനെ തിരിച്ചറിഞ്ഞു. ഒഡീഷ സ്വദേശി സരോജ് കുമാർ ദാസിനെയാണ് തിരിച്ചറിഞ്ഞത്. മരണ സഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം, ടീസ്ത നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സിക്കിമിലെ സ്‌കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ ആഭ്യർത്ഥിച്ചു.

ബംഗാളിലും പ്രളയക്കെടുതി തുടരുകയാണ്. പ്രളയം നാശം വിതച്ച സിക്കിമിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ക്യാമ്പുകളിൽ ബന്ധുക്കളെ നഷ്ടപ്പെട്ടവരുടെ നിലവിളികളാണ്. സിക്കിമിലെ പ്രളയത്തിന് കാരണം നേപ്പാളിലുണ്ടായ ഭൂകമ്പമാണോയെന്ന സംശയവും ഉയരുന്നുണ്ട്. ഇതിനുള്ള സാധ്യതയും വിദഗ്ദ്ധർ പരിശോധിക്കുകയാണെന്ന് ജലകമ്മീഷൻ അറിയിച്ചു.

പ്രദേശത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും റെഡ് അലർട്ട് തുടരുകയാണ്. കാണാതായ സൈനികർക്കായുള്ള തെരച്ചിൽ തുടരുകയാണ്. സൈനികരുടെയും മറ്റുള്ളവരുടെയും കുടുംബാംഗങ്ങൾക്കായി ഇന്ത്യൻ സൈന്യം മൂന്ന് ഹെൽപ് ലൈനുകൾ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി മൂവായിരത്തിലധികം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിവരം. ഇവരിൽ മലയാളികളുമുണ്ട്.

അതേസമയം, ലാച്ചെൻ താഴ്‌വരയിലെ വിനോദസഞ്ചാരികൾ സുരക്ഷിതരെന്ന് സർക്കാർ അറിയിച്ചു. ഇവിടെ വൈദ്യുതിയും മൊബൈൽ നെറ്റ്‌വർക്കും പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. ടീസ്റ്റ നദിയിലെ ജലനിരപ്പ് താഴാത്തതിനാൽ പശ്ചിമബംഗാളിലും പതിനായിരം പേരെ ക്യാമ്പുകിലേക്ക് മാറ്റിയിട്ടുണ്ട്. ബംഗാളിലെ ഒമ്പത് ജില്ലകളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിലായി 190 ക്യാമ്പുകൾ തുറന്നു.

ഒക്ടോബർ 15 വരെ സിക്കിമിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ടീസ്റ്റ നദിയിലൂടെ കുത്തിയൊലിച്ചെത്തിയ പ്രളയജലം വടക്കൻ സിക്കിമിലെ ചുങ്താം ഡാമും ജലവൈദ്യുതിനിലയവും തകർത്തെറിയുകയായിരുന്നു. ടീസ്റ്റ നദിക്കരയിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു. കരസേന, ദുരന്ത നിവാരണ സേന എന്നിവയുടെ നേതൃത്വത്തിൽ ഇവർക്ക് ഭക്ഷണവും മറ്റു സഹായങ്ങളുമെത്തിച്ചു. മിന്നൽ പ്രളയം സംഹാരതാണ്ഡവമാടിയ സിക്കിമിൽ 11 പാലങ്ങളും 277 വീടുകളും ഒലിച്ചുപോയിട്ടുണ്ട്.

സിക്കിമിനെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത പലയിടങ്ങളിലും ഒലിച്ചുപോയതോടെ, സംസ്ഥാനവുമായി കരമാർഗമുള്ള ബന്ധം ഏറെക്കുറെ വിച്ഛേദിക്കപ്പെട്ടു. ഗാങ്‌ടോക്കിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഇന്ദ്രേനി പാലം അടക്കം 14 പാലങ്ങളും തകർന്നു.