ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സ്‌ഫോടനത്തിൽ തകർക്കുമെന്നും കേന്ദ്ര സുരക്ഷാ ഏജൻസിക്ക് ഇമെയിൽ ഭീഷണി സന്ദേശം ലഭിച്ചു. ജയിലിൽ കഴിയുന്ന ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയെ വിട്ടയയ്ക്കണമെന്നും 500 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം. ഒരു കേന്ദ്ര ഏജൻസിക്കാണ് ഇ മെയിൽ സന്ദേശം ലഭിച്ചത്.

ഭീഷണി ഇമെയിലിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മുംബൈ പൊലീസിനെ അറിയിക്കുകയും ഗുജറാത്ത് പൊലീസിന് പുറമെ പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളുമായി അതിന്റെ ഉള്ളടക്കം ഉടൻ പങ്കിടുകയും ചെയ്തു.

''ലോറൻസ് ബിഷ്‌ണോയിയെ മോചിപ്പിക്കുകയും 500 കോടി രൂപ നൽകുകയും ചെയ്തില്ലെങ്കിൽ നരേന്ദ്ര മോദിയേയും നരേന്ദ്ര മോദി സ്റ്റേഡിയവും ഞങ്ങൾ തകർക്കും. എല്ലാം ഹിന്ദുസ്ഥാനിലാണ് വിൽക്കുന്നത്. അതിനാൽ ഞങ്ങൾക്കും ചിലതൊക്കെ വാങ്ങണം. നിങ്ങൾ എത്ര മുൻകരുതൽ എടുത്താലും ഞങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല. നിങ്ങൾക്ക് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ മെയിലിൽ പറഞ്ഞതുപോലെ ചെയ്യുക'' എന്നാണ് ഇ മെയിൽ സന്ദേശം.

ദേശീയ അന്വേഷണ ഏജൻസി മുംബൈ പൊലീസ്, ഗുജറാത്ത് പൊലീസ് പ്രധാനമന്ത്രിയുടെ സുരക്ഷാ സമിതി എന്നിവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കവും ആരംഭിച്ചു. വാങ്കഡെ സ്റ്റേഡിയത്തിൽ അഞ്ച് ലോകകപ്പ് മാച്ച് നടക്കുന്നതിനാൽ മുംബൈ പൊലീസ് സുരക്ഷ ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു.

2014 മുതൽ ബിഷ്‌ണോയി ജയിലിലാണ്. എന്നാൽ ജയിലിലിരുന്നും ഇയാൾ കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകി. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയതിലുൾപ്പെടെ ബിഷ്‌ണോയിക്ക് പങ്കുണ്ട്. നടൻ സൽമാൻ ഖാനെതിരെയും ബിഷ്‌ണോയി ഭീഷണി മുഴക്കിയിരുന്നു.