ന്യൂഡൽഹി: ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലിലുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണെന്നും പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറുകളിൽ ഇന്ത്യ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മോദി വ്യക്തമാക്കി. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേ സമയം ഹമാസിന്റെ ആക്രമണത്തെ അപലപിച്ച് വിവിധ ലോകരാജ്യങ്ങൾ രംഗത്തെത്തി.

'ഇസ്രയേലിലെ അക്രമവാർത്തകൾ അതിയായ ഞെട്ടലുളവാക്കി. നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥന. പ്രതിസന്ധി നിറഞ്ഞ ഈ വേളയിൽ ഇസ്രയേലിനോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു', മോദി എക്സിൽ കുറിച്ചു.

ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. അത്യാവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളിൽ തുടരണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും നൽകിയിട്ടുണ്ട്.

അതേ സമയം ഇസ്രയേലിനെതിരെയുള്ള സൈനിക നീക്കത്തിൽ ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും രംഗത്ത് വന്നു. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന ഫലസ്തീൻ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത നേതാവ് അലി ഹുസൈനി ഖമെനെയിയുടെ ഉപദേശകനാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീനിന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാർഥ്യമാകുന്നതുവരെ ഫലസ്തീൻ പോരാളികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നാണ് ഇറാന്റെ നിലപാട്.

ഫലസ്തീനെതിരായ സംഘർഷത്തിന്റെ ഏക ഉത്തരവാദി ഇസ്രയേൽ മാത്രമാണെന്ന് ഖത്തറും വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയും പുറത്തിറക്കി. ഇരു വിഭാഗങ്ങളും അക്രമങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഖത്തർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ അക്രമ സംഭവങ്ങളുടെ മറവിൽ ഗസ്സയിലെ ഫലസ്തീൻകാർക്കെതിരെ യുദ്ധം ചെയ്യുന്നതിൽനിന്ന് ഇസ്രയേലിനെ തടയാൻ രാജ്യാന്തര സമൂഹം ഇടപെടണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

അതേസമയം, ഇസ്രയേലിനെതിരായ സൈനിക നീക്കത്തിൽനിന്ന് ഹമാസ് പിൻവാങ്ങമെന്ന് അഭ്യർത്ഥിച്ച് സൗദി അറേബ്യ രംഗത്തെത്തി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് സൗദിയെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്കു പുറമേ യൂറോപ്യൻ കമ്മിഷനും പ്രമുഖ രാജ്യങ്ങളും ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു. യുഎസ്എ, ഫ്രാൻസ്, ജർമനി, യുകെ, സ്‌പെയിൻ, ബെൽജിയം, ഗ്രീസ്, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങൾ ആക്രണത്തിനെതിരെ രംഗത്തെത്തി.

ഇസ്രയേലിന് നേരയുണ്ടായ റോക്കറ്റ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ബെൽജിയം പ്രതികരിച്ചു. ആക്രമണവും ഭീകരതയും ദുരിതം കൂട്ടാനേ സഹായിക്കൂ എന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രി ഹജ്ജ ലഹ്ബീബ് എക്സിൽ കുറിച്ചു. യുദ്ധം ബാധിക്കുന്ന എല്ലാവർക്കുമൊപ്പം രാജ്യം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ അസന്നിഗ്ദ്ധമായി അപലപിക്കുന്നുവെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എക്സിൽ പോസ്റ്റിൽ കുറിച്ചു. ഇത്തരം ഹീനമായ ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള യുദ്ധത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പരമാവധി സംയമനം പാലിക്കണമെന്നും സാധാരണക്കാരെ അപകടത്തിലേക്കെത്തിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ഈജിപ്ത് ആഹ്വാനം ചെയ്തു. സ്ഥിതിഗതികളെ കുറിച്ച് ചർച്ച ചെയ്യാൻ ഈജിപ്ത് വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസെപ് ബോറെലുമായി ടെലിഫോൺ സംഭാഷണം നടത്തി.

ഇസ്രയേലിനെതിരായ ആക്രമണങ്ങളെ' അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രംഗത്തെത്തി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ഇരകളോടും കുടുംബങ്ങളോടും പൂർണ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും മാക്രോൺ എക്സിൽ പ്രതികരിച്ചു. ഇസ്രയേലിനോടും ഇസ്രയേലികളോടും ഒപ്പം നിൽക്കുന്നതായി ഫ്രഞ്ച് എംബസി അറിയിച്ചു. ഇസ്രയേലിനെതിരെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പറഞ്ഞു.

ഇരു രാജ്യങ്ങളും അക്രമത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് റഷ്യ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഗസ്സ മുനമ്പിൽനിന്ന് വൻതോതിലുള്ള റോക്കറ്റാക്രമണവും ദക്ഷിണ മേഖലയിലേക്കുള്ള നുഴഞ്ഞുകയറ്റവും തുടരുന്നതിനിടെ, ഇസ്രയേൽ ഫലസ്തീനെതിരെ യുദ്ധം പ്രഖ്യാപിച്ചു. അക്രമ സംഭവങ്ങളിൽ ഇതുവരെ 40 പേർ കൊല്ലപ്പെട്ടതായും ഏഴുനൂറിലേറെപ്പേർക്ക് പരുക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. നിരവധി ആളുകൾ ഗുരുതരാവസ്ഥയിലാണ്. ഈ മേഖലയിൽ സമീപകാലത്തെ ഏറ്റവും വലിയ സംഘർഷമാണ് ശനിയാഴ്ച രാവിലെ ആരംഭിച്ചത്.

ശനിയാഴ്ച പുലർച്ചെയാണ് ഓപ്പറേഷൻ അൽഅഖ്‌സ സ്റ്റോം എന്ന പേരിൽ ഇസ്രയേലിനെതിരെ സൈനിക നീക്കം ആരംഭിച്ചതെന്ന് ഹമാസിന്റെ സൈനിക വിഭാഗം നേതാവ് മുഹമ്മദ് ഡീഫ് പരസ്യ പ്രസ്താവനയിൽ അറിയിച്ചത്. ടെൽ അവീവ് പ്രദേശം വരെ അപായ സൈറണുകൾ മുഴങ്ങിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. ഗസ്സയിൽനിന്നു വ്യാപകമായി നുഴഞ്ഞുകയറ്റവും നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ സൈനികരെ തടവിലാക്കിയതായി ഹമാസ് അവകാശപ്പെട്ടു. ഇസ്രയേലിന്റെ റോഡുകളിൽ റോന്തു ചുറ്റുന്ന വിഡിയോകൾ പുറത്തുവന്നു.

സമീപവർഷങ്ങളിൽ ഇസ്രയേലിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഹമാസ് ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗസ്സ മുനമ്പിൽ നിന്ന് നടത്തിയ റോക്കറ്റ് ആക്രമണത്തിന് പിന്നാലെ നഗരപ്രദേശങ്ങളിലേക്ക് കടന്ന തോക്കുധാരികൾ ഉൾപ്പെട്ട സംഘം നിരവധി പേരെ കൊലപ്പെടുത്തി.

ഇതിനിടെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചു. തങ്ങൾ ഇപ്പോൾ യുദ്ധത്തിലാണെന്നും ഇതിൽ വിജയിക്കുമെന്നും പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു ജനങ്ങളെ അഭിസംബോധന ചെയ്തത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നെതന്യാഹു പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെത്തിയിട്ടുണ്ട്.