ടെൽ അവീവ്: പശ്ചിമേഷ്യയിൽ അശാന്തി പടർത്തിയ ഹമാസിന്റെ ആക്രമണത്തിന് മുന്നിൽ ആദ്യം പകച്ചുപോയ ഇസ്രയേൽ ശക്തമായ പ്രത്യാക്രമണമാണ് ഗസയെ ലക്ഷ്യമിട്ട് നടത്തുന്നത്. ബോംബുകളും മിസൈലുകളും തൊടുത്ത് ഗസ്സയിൽ തീമഴ പെയ്യിച്ച ഇസ്രയേലിന്റെ ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.

ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ ആക്രമണം അന്തർദേശീയ മാധ്യമത്തിലൂടെ ലോകം തത്സമയം കണ്ട് നടുങ്ങി. ഗസ്സയിലെ ബഹുനില കെട്ടിടം ഇസ്രയേലിന്റെ ഫൈറ്റർ ജെറ്റ് ആക്രമണത്തിൽ ചാരമാകുന്നതിന്റെ ദൃശ്യങ്ങളാണ് അന്തർദേശീയ മാധ്യമമായ അൽ ജസീറ വഴി തത്സമയം ലോകം കണ്ടത്. വനിതാ റിപ്പോർട്ടർ യൗമ്ന അൽ സെയ്ദ് തത്സമയ വിവരങ്ങൾ നൽകിക്കൊണ്ടിരിക്കുമ്പോൾ അവരുടെ പിന്നിലായി കെട്ടിടം തകർക്കപ്പെടുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്.

ഗസ്സയിൽനിന്ന് തത്സമയവിവരങ്ങൾ നൽകുകയായിരുന്നു യൗമ്ന അൽ സെയ്ദ്. ഇതേസമയത്തുതന്നെയാണ് ഗസ്സയിലെ ഫലസ്തീൻ ടവർ ലക്ഷ്യമാക്കി യുദ്ധവിമാനത്തിൽനിന്ന് ആക്രമണം ഉണ്ടായത്. അവതാരകൻ ചോദ്യം പൂർത്തിയാക്കി, റിപ്പോർട്ടർ തത്സമയ വിവരങ്ങൾ പറയാൻ ഒരുങ്ങുമ്പോഴാണ് ആക്രമണം. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചുപോകുന്ന മാധ്യമപ്രവർത്തക, ഫ്രെയിമിൽനിന്ന് മാറുന്നു. ഇതേസമയത്ത്, റിപ്പോർട്ടറോടും മറ്റ് ടീം അംഗങ്ങളോടും സുരക്ഷിതമായിരിക്കാൻ അവതാരകൻ ആവശ്യപ്പെടുന്നത് ദൃശ്യത്തിൽ കാണാം.

അൽപസമയത്തിനുശേഷം ഫ്രെയിമിൽ തിരിച്ചെത്തുന്ന റിപ്പോർട്ടർ, ഗസ്സ നഗരത്തിന്റെ മധ്യത്തിലുള്ള ഫലസ്തീൻ ടവറിലാണ് ആക്രമണമുണ്ടായതെന്ന് വിശദീകരിക്കുന്നു. കെട്ടിടം പൂർണ്ണമായും തകർന്നുവെന്നും നിലംപരിശായെന്നും ഇവർ വ്യക്തമാക്കി.

ജനങ്ങൾ വീട് വിട്ടു പോകണമെന്ന് ഗസ്സയിലെ പല മേഖലകളിലും ഇസ്രയേൽ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഗസയിൽ ആരംഭിച്ച യുദ്ധത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 232 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം ഹമാസിന്റെ ആക്രമണത്തിൽ 250 ഇസ്രയേലികളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

നിരവധി ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയിരിക്കുകയാണ്. ഒരുപാട് പേരുണ്ടെന്നാണ് ഹമാസിന്റെ സൈനിക വിങ് നൽകുന്ന സൂചന. അതേസമയം ഗസയിൽ അതിശക്തമായ തിരിച്ചടിയാണ് ഇസ്രയേൽ നൽകിയത്. നിരവധി തവണ മിസൈൽ വർഷം നടത്തിയിട്ടുണ്ട്. അതേസമയം ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ ടെൽ അവീവ് നഗരത്തിലെ കെട്ടിടങ്ങൾ തകർന്നു.

ഇസ്രയേൽ അതിശക്തമായ തിരിച്ചടിയാണ് നൽകുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇരുന്നൂറിൽ അധികം ഫലസ്തീൻകാർ കൊല്ലപ്പെട്ടതായും ബിബിസി റിപ്പോർട്ടിൽ പറയുന്നു. ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. അയ്യായിരത്തിൽ അധികം റോക്കറ്റുകൾ വർഷിച്ചതായി ഹമാസ് നേരത്തെ അവകാശപ്പെട്ടിരുന്നു.

ഇസ്രയേലിന്റെ ദക്ഷിണ മേഖല വഴി നിരവധി ഹമാസ് പ്രവർത്തകരാണ് നുഴഞ്ഞുകയറിയത്.ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളിലെ പലരെയും അവർ ഗസ്സയിലേക്ക് കടത്തികൊണ്ടുപോകുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം ടെൽ അവീവ് നഗരം ലക്ഷ്യമിട്ട് നൂറ്റമ്പതോളം റോക്കറ്റുകൾ അയച്ചുവെന്നാണ് ഹമാസിന്റെ അവകാശവാദം.

ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ ഭൂരിഭാഗം വിമാനക്കമ്പനികളും റദ്ദാക്കിയിരിക്കുകയാണ്. അമേരിക്കൻ എയർലൈൻസും, എയർഫ്രാൻസും, എമിറേറ്റ്സുമെല്ലാം സർവീസുകൾ റദ്ദാക്കി. ജർമനിയും, ലുഫ്താൻസയും താൽക്കാലികമായി സർവീസുകൾ നിർത്തിയിരിക്കുകയാണ്.

അതേസമയം ലെബനനിലെ ഹെസ്ബുള്ള സൈന്യവും ഇസ്രയേലിനെതിരായ യുദ്ധത്തിൽ പങ്കുചേർന്നതായി അഭ്യൂഹങ്ങൾ ശക്തമാണ്. അതേസമയം നിരവധി പേർ ഗസയിൽ നിന്ന് പലായനം ചെയ്യുന്നുണ്ട്. കമ്പിളിപ്പുതപ്പും, ഭക്ഷണസാധനങ്ങളുമായി ഇവർ പലായനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.