കലവൂർ: കാറിടിച്ചു പരിക്കേറ്റ ഏഴാം ക്ലാസ് വിദ്യാർത്ഥി തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ മരിച്ചു. സൈക്കിൾ യാത്രക്കാരനായ 12കാരൻ അനൂപാണ് തക്ക സമയത്ത് ചികിത്സ ലഭിക്കാതിരുന്നത് മൂലം മരിച്ചത്. അപകടശേഷം ഡ്രൈവർ അതേ കാറിൽത്തന്നെ അനൂപിനെ എടുത്തുകൊണ്ടുപോയെങ്കിലും നേരേ ആശുപത്രിയിലേക്കല്ല പോയതെന്നു ബന്ധുക്കൾ ആരോപിക്കുന്നു.

കലവൂർ മുണ്ടുപറമ്പിൽ ദിവ്യമോളുടെ ഏകമകനാണ് കാറുകാരന്റെ അനാസ്ഥമൂലം മരിച്ചത്. അനൂപിനെ ഇടിച്ചപ്പോൾ തന്നെ ഇയാൾ കാറിൽ കയറ്റിക്കൊണ്ടു പോയി. ശേഷം ഇടിച്ചകാർ ആൾപ്പെരുമാറ്റമില്ലാത്ത പുരയിടത്തിൽ ഒളിപ്പിച്ചശേഷം മറ്റൊരു കാർ വിളിച്ചാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ബന്ധുക്കൾ പറയുന്നു. അപ്പോഴേക്കും കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. കറങ്ങിനടന്ന് തക്കസമയത്തു ചികിത്സ ലഭ്യമാക്കാതെ പന്ത്രണ്ടുകാരന്റെ ജീവൻ നഷ്ടപ്പെടുത്തിയതിന്റെ അമർഷത്തിലാണു നാട്ടുകാരും ബന്ധുക്കളും.

കുങ്ഫു ക്ലാസിനായി അനൂപ് സൈക്കിളിൽ പോകുമ്പോൾ കലവൂർ-വളവനാട് എ.എസ്. കനാൽ റോഡിൽ ഞായറാഴ്ച രണ്ടു മണിയോടെയായിരുന്നു അപകടം. അപകടത്തിനിടയാക്കിയ കാറിന്റെ നമ്പർ പ്ലേറ്റ് നാട്ടുകാർക്ക് അപകടസ്ഥലത്തുനിന്നു ലഭിച്ചിരുന്നു. ഇതു പൊലീസിനു കൈമാറുകയും ചെയ്തു. ഡ്രൈവറെ അറസ്റ്റു ചെയ്തിട്ടില്ലെന്നും കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മണ്ണഞ്ചേരി എസ്.എച്ച്.ഒ. ജെ. നിസാമുദ്ദീൻ പറഞ്ഞു. രക്തക്കറയുമായി ഒരു കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽക്കണ്ട് ദുരൂഹത തോന്നിയ നാട്ടുകാർ മണ്ണഞ്ചേരി പൊലീസിൽ അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നു പറയുന്നു.

അലറിക്കരഞ്ഞ് ദിവ്യ മോളും അമ്മൂമ്മ ഭാസുരയും
ഏകമകന്റെ മൃതശരീരം വീട്ടിലെത്തിച്ചപ്പോൾ അലറിക്കരഞ്ഞ ദിവ്യമോളുടെ കണ്ണു നീർ കണ്ടു നിന്നവരുടേയും കരളലിയിച്ചു. മരണവീട്ടിലേക്കെത്തിയവരെല്ലാം ആ കണ്ണീരിൽ ഒപ്പം ചേർന്നു. അമ്മൂമ്മ ഭാസുരയുടെ പതംപറഞ്ഞുള്ള കരച്ചിലും ആർക്കും താങ്ങാനാവുന്നതായിരുന്നില്ല.

ഞായറാഴ്ച ആയതിനാൽ അമ്മവീട്ടിലായിരുന്നു അനൂപ്. അവിടെനിന്ന് സൈക്കിളിൽ കുങ്ഫൂ ക്ലാസിലേക്കു പോകുന്നവഴി കലവൂർ-വളവനാട് എ.എസ്. കനാൽ റോഡിൽ കാറിടിച്ചാണ് അനൂപ് മരിച്ചത്. കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയായ അനൂപിനെ അവസാനമായി ഒരുനോക്കുകാണാൻ വിദ്യാർത്ഥികളും അദ്ധ്യാപകരും നേരത്തേതന്നെ എത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ആദ്യം കലവൂർ ബ്ലോക്ക് ജങ്ഷനു കിഴക്കുള്ള അമ്മയുടെ വീട്ടിലാണ് എത്തിച്ചത്. പഠനത്തിലും മിടുക്കനായിരുന്നു അനൂപ്. കുങ്ഫൂവിൽ ഗ്രീൻ ബെൽറ്റ് നേടിയിരുന്നു.