- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
2018 ലെ പോലെ പ്രളയം; വീടുകളിൽ വെള്ളം കയറി ദുരിതക്കെട്ട്; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്ന തലസ്ഥാനത്ത് പെയ്തത് റെഡ് അലേർട്ടിന്റെ മഴ; മഴ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് മന്ത്രി ആന്റണി രാജു; പരിശോധിക്കുമെന്ന് റവന്യുമന്ത്രിയും; സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു
തിരുവനന്തപുരം: ശനിയാഴ്ച ഉറങ്ങാൻ കിടന്ന തലസ്ഥാന നഗരവാസികൾ ഞായറാഴ്ച രാവിലെ ഉണർന്നപ്പോൾ ഞെട്ടി. വീടുകൾക്കും, ഫ്‌ളാറ്റുകൾക്കും ചുറ്റും വെള്ളപ്പൊക്കം. ഉടൻ വാട്‌സാപ്പുകളിൽ സന്ദേശം വന്നു, 2018 ലെ പ്രളയം പോലെ. ഗൗരീശപട്ടം പോലെ ചില സ്ഥലങ്ങളിൽ പുലർച്ചെ തന്നെ വീടുകളിലേക്ക് വെള്ളം കയറുന്ന അവസ്ഥയായിരുന്നു. റസിഡന്റ്‌സ് അസോസിയേഷനുകൾ ഉണർന്നുപ്രവർത്തിച്ച് രക്ഷാപ്രവർത്തനം തുടങ്ങിയതോടെ മിക്ക വീട്ടുകാരെയും ഉയർന്ന് സ്ഥലങ്ങളിലേക്ക് മാറ്റി. ശനിയാഴ്ച വൈകുന്നേരത്തോടെ തുടങ്ങി ഞായറാഴ്ച പുലർച്ചയോടെ മഴി അവസാനിക്കുകയും ചെയതു. രാവിലെ മൂടിക്കെട്ടിയ അന്തീക്ഷമായിരുന്നെങ്കിലും, പിന്നീട് വെയിൽ തെളിഞ്ഞു.
മന്ത്രി വി ശിവൻകുട്ടിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു:
'കഴിഞ്ഞ രാത്രി മുതൽ പെയ്യുന്ന മഴ തിരുവനന്തപുരം നഗരത്തിൽ അസാധാരണമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. കടൽവെള്ളം കയറിയത് പിൻവാങ്ങാത്ത സാഹചര്യവും ഉണ്ട്. ജില്ലാ ഭരണകൂടം യുദ്ധകാല അടിസ്ഥാനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുകയാണ്. ആവശ്യം വേണ്ട സർക്കാർ ഓഫീസുകൾ തുറന്നു പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിച്ചു.'
തലസ്ഥാനത്തിന് ശനിയാഴ്ച നൽകിയിരുന്നത് യെല്ലോ അലേർട്ടായിരുന്നു. എന്നാൽ, അപ്രഖ്യാപിത റെഡ് അലേർട്ടിന്റെ സാഹചര്യമായിരുന്നു.തെക്കൻ തമിഴ്‌നാടിനു മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയായിരുന്നു പ്രശ്‌നകാരി. പടിഞ്ഞാറൻ കാറ്റ് ശക്തമായതോടെ കൂടുതൽ മേഘങ്ങൾ കേരള തീരത്തേക്ക് എത്തിയതും മഴ ശക്തമാക്കി. അതിതീവ്ര മഴ കാലാവസ്ഥാ കേന്ദ്രം പോലും പ്രതീക്ഷിച്ചില്ല.
മഴ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് മന്ത്രി ആന്റണി രാജു ഇന്ന് തുറന്നുപറയുകയും ചെയ്തു. മൂന്നു നാല് ആഴ്ചകൊണ്ട് പെയ്യുന്ന മഴ മൂന്നുമണിക്കൂർകൊണ്ട് പെയ്തു. വേലിയേറ്റം വെള്ളമിറങ്ങിപ്പോകുന്നതിന് തടസ്സമായെന്നും ആമയിഴഞ്ചാൻ തോടിന്റെ ആഴംകൂട്ടുന്നത് പരിശോധിക്കുമെന്നും ആന്റണി രാജു പറഞ്ഞു.
അതേസമയം, തലസ്ഥാനത്തുണ്ടായ മഴ മുന്നറിയിപ്പിൽ അപാകതയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. ജില്ലയിൽ സാമാനകളില്ലാത്ത രീതിയിലാണ് മഴ പെയ്തത്. മുന്നറിയിപ്പിൽ അപാകതയുണ്ടായെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കെ രാജൻ തിരുവനന്തപുരത്ത് പറഞ്ഞു. നഷ്ടപരിഹാരം ക്യാബിനറ്റ് തീരുമാനിക്കുമെന്നും റവന്യു മന്ത്രി കൂട്ടിച്ചേർത്തു.
മഴ മാറിയിട്ടും തലസ്ഥാനത്തെ ദുരിതക്കെട്ട് ഒഴിയുന്നില്ല. വീടുകളിൽ ചളിയടിഞ്ഞ് കിടക്കുന്നതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മടങ്ങാനായില്ല. തോടുകളിലെ ജലനിരപ്പ് കുറഞ്ഞതോടെ ഇടറോടുകളിലെ വെള്ളക്കെട്ടും ഒഴിഞ്ഞുതുടങ്ങി. പക്ഷേ വീടുകളിൽ വെള്ളം കയറിയതിന്റെ ദുരിതം ശേഷിക്കുകയാണ്. പൊഴിയൂരിൽ ശക്തമായ കടലാക്രമണത്തിൽ മൂന്ന് വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. 56 വീടുകളാണ് വെള്ളം കയറിയത്. ഇന്നലെ വെള്ളം കയറിയ ടെക്‌നോപാർക്കിലെ പ്രധാന കവാടത്തിൽ വെള്ളക്കെട്ട് കുറഞ്ഞു. പക്ഷേ വാഹനങ്ങൾ പലതും ഇപ്പോഴും വെള്ളത്തിലാണ്. അതേസമയം, കരമന, വാമനപുരം ആറുകളിൽ ജലനിരപ്പ് ഉയർന്നുനിൽക്കുന്നതിനാൽ ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്.
സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
12 ജില്ലകളിൽ കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
രാത്രിയോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മഴ കനക്കുമെന്നാണ് സർക്കാർ നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവജാഗ്രത വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി അറിയിപ്പുണ്ട്. തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് കൂടുതൽ തീവ്ര ന്യൂനമർദ്ദമായി മാറും.
48 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ ന്യൂനമർദ്ദം
തമിഴ്‌നാട് തീരത്തിന് മുകളിൽ ചക്രവാതചുഴി നിലനിക്കുന്നു.വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അറബികടലിൽ ന്യൂനമർദ സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിനും കേരള- ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത.
പടിഞ്ഞാറു - വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബർ ഇരുപത്തിയൊന്നോടെ (21-10-2023) വീണ്ടും ശക്തി പ്രാപിച്ചു മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ