വാഷിങ്ടൻ: അമേരിയിലെ മെയിൻ സംസ്ഥാനത്തെ ലെവിസ്റ്റണിലുണ്ടായ വെടിവയ്‌പ്പിൽ 22 പേർ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോർട്ട്. ലെവിസ്റ്റണിലെ നിരവധി സ്ഥലങ്ങളിൽ വെടിവയ്‌പ്പുണ്ടായതായാണ് വിവരം. തോക്കുമായി തെരുവിലിറങ്ങിയ ആക്രമിയുടെ വെടിയേറ്റ് അറുപതോളം പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപക വെടിവയ്‌പ്പുണ്ടായത്.

തോക്കുമായി ഇരച്ചെത്തിയ ആൾ ജനക്കൂട്ടത്തിനു നേരെ തുടരെ തുടരെ വെടിയുതിർക്കുകയായിരുന്നു. ലെവിസ്റ്റണിലെ കായിക കേന്ദ്രത്തിൽ ഒരു ബോളിങ് അലിയിലാണ് ആദ്യം വെടിവയ്‌പ്പുണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെ ഒരു ബാറിലും വാൾമാർട്ട് വിതരണ കേന്ദ്രത്തിലും വെടിവയ്‌പ്പുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വെടിവെയ്‌പ്പ് നടത്തിയ ആളുടേതെന്നു സംശയിക്കുന്ന ഒരു ചിത്രം അധികൃതർ പുറത്തുവിട്ടു. തോക്കേന്തിയ ഒരു യുവാവിന്റെ ചിത്രമാണിത്. അതേസമയം, ഇയാളേക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭ്യമല്ല. അക്രമവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെടിയൊച്ചയും ആളുകൾ മരിച്ചു വീഴുന്നതും കണ്ട് ആളുകൾ പരിഭ്രാന്തരായി. നിരവധി പേർ തോക്കിൻ മുനയിൽ നിന്നും ഓടി രക്ഷപ്പെട്ടു. അതേസമയം ആക്രമിയെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.