ശബരിമല: സിപിഎം അംഗത്തിന് പമ്പയിലെ ബലിത്തറ നൽകുന്നതിന് വേണ്ടി അർഹതപ്പെട്ട ആദിവാസി യുവാവിനെ പുറത്താക്കി ദേവസ്വം ബോർഡ്. 20 ബലിത്തറകളിൽ ഒരെണ്ണം ആദിവാസി വിഭാഗത്തിന് നൽകണമെന്ന ഹൈക്കോടതി നിർദ്ദേശം ലംഘിച്ചാണ് ദേവസ്വം ബോർഡിന്റെ നടപടി. അഞ്ചു പുരോഹിതർ ചേർന്ന് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ദേവസ്വം ബോർഡിന് നോട്ടീസ് അയച്ചു. ഹർജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.

മണ്ഡല-മകര വിളക്ക് കാലത്ത് പമ്പയിൽ തീർത്ഥാടകർക്ക് ബലി തർപ്പണം നടത്തുന്നതിന് വേണ്ടിയാണ് ബലിത്തറകൾ അനുവദിച്ചിരിക്കുന്നത്. ശബരിമല തീർത്ഥാടനത്തിൽ ബലിയിടൽ ഒരു ആചാരവും അനുഷ്ഠാനവുമാണ്. വനവാസ കാലത്ത് ശ്രീരാമൻ പിതാവിന്റെ മരണവാർത്തയറിഞ്ഞ് പമ്പ ത്രിവേണിയിൽ മോക്ഷത്തിനായി ബലിയിട്ടതാണ് ഇത്തരമൊരു ആചാരത്തിന് പിന്നിലെന്ന് ഐതിഹ്യമുണ്ട്.

അയ്യപ്പന്റെ പഴമ്പാട്ടുകളിൽ പറയുന്നതുകൊള്ളക്കാരനായ ഉദയനെയും സംഘത്തെയും വധിച്ച അയ്യപ്പനും കൂട്ടരും ഇവിടെയെത്തി തങ്ങളുടെ കൂട്ടത്തിൽ കൊല്ലപ്പെട്ടവരുടെ മോക്ഷത്തിനായി ബലിതർപ്പണം നടത്തിയെന്നുമാണ്. ഉദയനെതിരായ പോരാട്ടത്തിൽ അയ്യപ്പനെ സഹായിച്ചത് ആദിവാസികളാണ്. അതു കൊണ്ടു തന്നെ അവർക്ക് പമ്പയിൽ ബലിതർപ്പണ കർമം നടത്താനുള്ള അവകാശമുണ്ട്.

ഇക്കുറി പിതൃതർപ്പണത്തിനുള്ള ബലിത്തറകൾ അനുവദിച്ചപ്പോൾ ശബരിമല വനത്തിലെ ആദിവാസികളെ പട്ടികയ്ക്ക് പുറത്താക്കുകയാണ് ദേവസ്വം ബോർഡ് ചെയ്തത്. അട്ടത്തോട് ആദിവാസി കോളനിയിലെ അനന്തു അനീഷ് ആദിവാസി വിഭാഗത്തിലെ അപേക്ഷകനായിരുന്നു. തിരുവനന്തപുരത്ത് നടന്ന അഭിമുഖത്തിൽ പങ്കെടുത്തു. പിതൃതർപ്പണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുകയും ചെയ്തു. ആദിവാസി വിഭാഗത്തിന്റെ പട്ടികയിൽ ഒന്നാമതെത്തിയിട്ടും അനന്തുവിനെ പരിഗണിച്ചില്ല. പകരം ആദിവാസി ബലിത്തറ ചിറ്റാറിലുള്ള സിപിഎം അംഗത്തിന് കൊടുക്കുകയായിരുന്നു. കഴിഞ്ഞ വർഷവും ആദിവാസി ബലിത്തറ ചിറ്റാർ സ്വദേശിക്കാണ് കൊടുത്തത്.

ആകെയുള്ള 20 ബലിത്തറകളിൽ ഒന്നു മാത്രമാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം ആദിവാസികൾക്കായി മാറ്റി വച്ചിട്ടുള്ളത്. മാനദണ്ഡങ്ങൾ ലംഘിച്ച് ഇഷ്ടക്കാർക്ക് മാത്രം ബലിത്തറകൾ അനുവദിച്ചതിനെതിരേ അഞ്ചു പുരോഹിതർ നൽകിയ പരാതി ഇന്നലെയാണ് ഹൈക്കോടതി പരിഗണിച്ചത്. ബലിത്തറയിലെ പുരോഹിതന്മാർ കേസുകളിൽ പ്രതിയാകരുതെന്നും സ്വഭാവശുദ്ധിയുണ്ടാകണമെന്നും അപേക്ഷാ സമയത്തെ മാനദണ്ഡങ്ങളിൽ ഉണ്ടായിരുന്നു.

ഇതിന് വിരുദ്ധമായി ആലപ്പുഴ ജില്ലയിൽ രണ്ട് അബ്കാരി കേസിലെ പ്രതിക്കും ബലിത്തറ അനുവദിച്ചതായി ഇവർ കോടതിയെ അറിയിച്ചു. തുടർന്നാണ് ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിക്കൊണ്ട് ഹൈക്കോടതി ദേവസ്വം ബോർഡിന് നോട്ടീസ് അയച്ചത്.