ലണ്ടൻ: വന്നേലും വേഗത്തിൽ പോയെ എന്ന ഗോഡ്ഫാദറിലെ സിനിമ ഗാനം പോലെയായി സിനിമ നടിയായ സാനിയ ഇയ്യപ്പന്റെ യുകെയിലേക്കുള്ള വരവും പോക്കും. മൂന്നു വർഷത്തെ ആക്ടിങ് ആർട്സ് ആൻഡ് പെർഫോമൻസ് എന്ന കോഴ്സ് പഠിക്കാൻ എത്തിയ വിവരം സാനിയ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്.

തുടർന്നങ്ങോട്ട് യുകെയിലെ മനോഹര ദൃശ്യങ്ങൾക്ക് സെൽഫി ചാരുത നൽകി താൻ യുകെയെ ഇഷ്ടപ്പെട്ടു തുടങ്ങി എന്നറിയിച്ചു കൊണ്ടിരുന്നതും നടി തന്നെയാണ്. ഈ കോഴ്സ് ചെയ്യാൻ മാനസികമായി ഒരുങ്ങിയെന്നും അതിനിടയിൽ ഉണ്ടാകാവുന്ന സിനിമ നഷ്ടങ്ങൾ മനസിലാക്കി ഗൗരവത്തോടെ എടുത്ത തീരുമാനം ആണിതെന്നും സാനിയ വ്യക്തമാക്കിയിരുന്നു. എന്നാൽ യുകെയിലെ മധ്യവേനൽ അവധി കഴിഞ്ഞു യൂണിവേഴ്‌സിറ്റികൾ തുറന്നു ഒരു മാസം പിന്നിടുമ്പോഴേക്കും സാനിയ യുകെ യൂണിവേഴ്‌സിറ്റി മടുത്തു മടങ്ങിയിരിക്കുകയാണ്. ഇക്കാര്യം സാനിയ തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നതും.

എന്നാൽ സ്വന്തം പണം മുടക്കി പഠിക്കാൻ വന്നെന്ന ന്യായം പറഞ്ഞാലും സറെ യൂണിവേഴ്‌സിറ്റിയിലെ കോഴ്സ് വ്യക്തമായ കാരണം ഇല്ലാതെ ഉപേക്ഷിക്കുമ്പോൾ സാനിയ നഷ്ടമാകുന്നത് മറ്റൊരു വിദ്യാർത്ഥിയുടെ അവസരമാണ്. യുകെ യൂണിവേഴ്‌സിറ്റികളിൽ, അതും പെർഫോമിങ് ആർട്സ് പോലെ വളരെ ദുർലഭമായ കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ആയിരങ്ങളാണ്. അവരിൽ കൂടുതൽ മികവ് കാട്ടാൻ ആയതുകൊണ്ട് തന്നെ ആയിരിക്കണം സാനിയക്ക് അഡ്‌മിഷൻ കിട്ടിയത്. ഒപ്പം ഏറെക്കാലമായി യുകെ യൂണിവേഴ്‌സിറ്റികൾ ആർത്തി കാട്ടുന്ന വിദേശ വിദ്യാർത്ഥി എന്ന അഡ്രസും കൂടുതൽ ഫീസും സാനിയയുടെ അഡ്‌മിഷൻ ഉറപ്പാക്കിയ ഘടകങ്ങളാണ്. മറ്റു പതിനായിരക്കണക്കിന് വിദേശ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നതും ഇതേ കാരണങ്ങൾ കൊണ്ട് തന്നെയാണ്.

എന്നാൽ അഡ്‌മിഷൻ എടുത്ത ശേഷമാണു സാനിയ ഉൾപ്പെടെ, പ്രത്യേകിച്ചും ഇന്ത്യൻ വിദ്യാർത്ഥികൾ യുകെ യൂണിവേഴ്‌സിറ്റിയുടെ കർക്കശ സ്വഭാവം തിരിച്ചറിയുന്നത്. അതിൽ ഏറ്റവും പ്രധാനം മുടങ്ങാതെ ക്‌ളാസുകളിൽ എത്തുക എന്നത് തന്നെയാണ്. ക്‌ളാസിൽ ഹാജരാണ് എന്ന് തെളിയിക്കാനുള്ള ഇലക്ട്രോണിക് ഡിവൈസ് സ്‌കാൻ ചെയ്യാൻ സ്വൈപ് കാർഡ് ഓരോ വിദ്യാര്ഥിയുടെയും പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതും എല്ലാവരും ക്‌ളാസിൽ എത്തുന്നു എന്നുറപ്പ് വരുത്താനാണ്. ക്‌ളാസുകളിൽ നിന്നും മുങ്ങുന്ന ശീലമുള്ള മലയാളി വിദ്യാർത്ഥികൾ കഴിഞ്ഞ വർഷങ്ങളിൽ മറ്റുള്ളവരുടെ കൈകളിൽ സ്വൈപ് കാർഡ് കൊടുത്തയച്ചു അറ്റൻഡൻസ് ഉറപ്പാക്കിയത് കയ്യോടെ പിടിക്കപ്പെട്ടിരുന്നു.

തുടർന്ന് ഇത് ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ ആംഗ്ലിയ റസ്‌കിന് യൂണിവേഴ്‌സിറ്റി അടക്കം അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. ഇതോടൊപ്പം ഇത്തരം പ്രവർത്തികൾ ആവർത്തിച്ചാൽ ഡിസ്മിസൽ ഉണ്ടാകും എന്ന് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് മീഡിയ റൂമിൽ അടക്കം പരസ്യപ്പെടുത്തി ഓരോ വിദ്യാർത്ഥിയെയും അറിയിക്കുകയും ചെയ്തിരുന്നു. അച്ചടക്കം ഉറപ്പു വരുത്തുക മാത്രമല്ല, ക്‌ളാസുകളിൽ വിദ്യാർത്ഥികൾ പഠിക്കാനുള്ള ആഗ്രഹത്തോടെ എത്തുന്നു എന്ന് ഉറപ്പു വരുത്തുക കൂടിയാണ് ഇത്തരം പ്രവർത്തിയിലോടെ യൂണിവേഴ്സിറ്റികൾ ലക്ഷ്യമിടുന്നത്.

മാത്രമല്ല ഏറ്റവും കുറഞ്ഞത് 80 ശതമാനം അറ്റൻഡൻസ് വേണം എന്നതും യുകെ യൂണിവേഴ്‌സിറ്റികളിൽ നിർബന്ധമാണ്. പഠിക്കാനുള്ള പണവും ജീവിക്കാനുള്ള വകയും ജോലി ചെയ്തു കണ്ടെത്താം എന്ന് കരുതി കേരളത്തിൽ നിന്നും എത്തുന്ന വിദ്യാർത്ഥികളിൽ പലർക്കും ഈ 80 ശതമാനം അറ്റൻഡൻസ് ലഭിക്കാറില്ല, ഒടുവിൽ യൂണിവേഴ്‌സിറ്റിയുടെ കയ്യും കാലും പിടിച്ചു എക്സ്റ്റൻഷൻ വാങ്ങിയാണ് കോഴ്സ് പൂർത്തിയാക്കുക. നിവർത്തികേടും ഗതികേടും ആണെന്ന് യൂണിവേഴ്സിറ്റിയോട് ബോധ്യപ്പെടുത്തുക എന്നത് അത്ര എളുപ്പവുമല്ല. വിദ്യാർത്ഥികൾ ക്‌ളാസിൽ ഇല്ലെങ്കിൽ പ്രൊഫസർമാർ അടക്കം ജോലിയും കൂലിയും ഇല്ലാതാകുന്ന സംവിധാനമാണ് യുകെ യൂണിവേഴ്‌സിറ്റികൾ പിന്തുടരുന്നത്.

മലയാളി വിദ്യാർത്ഥികൾ മൊത്തമായി അഡ്‌മിഷൻ നേടിയ കോഴ്‌സുകൾ ഉണ്ടായിരുന്ന പല യൂണിവേഴ്സിറ്റികളിലും അഡ്‌മിഷൻ എടുത്തു മുങ്ങിയ വിദ്യാർത്ഥികൾ കാരണം ഇപ്പോൾ കോഴ്‌സുകൾ നിർത്തലാക്കിയ അവസ്ഥയിലാണ്. ലെസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ സോഷ്യൽ വർക്കർ കോഴ്സ് ഇല്ലാതായത് ഇങ്ങനെയാണ് എന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നു. കിങ്സ്റ്റൻ യൂണിവേഴ്‌സിറ്റി. ഷെഫീൽഡ് യൂണിവേഴ്‌സിറ്റി, നോട്ടിങ്ങാം യൂണിവേഴ്‌സിറ്റി, ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ഒക്കെ ഇത്തരത്തിൽ വിദ്യാർത്ഥികൾ കോഴ്സ് ഉപേക്ഷിച്ചു മുങ്ങിയത് യൂണിവേഴ്‌സിറ്റിക്ക് കനത്ത ബാധ്യത ആയി മാറുക ആയിരുന്നു.

കഴിഞ്ഞ രണ്ടു മൂന്നു വർഷമായി ഈ പ്രവണത എറിയതോടെയാണ് ബ്രിട്ടീഷ് സർക്കാർ സ്വിച്ചിങ് എന്ന ഏർപ്പാട് തന്നെ ഇപ്പോൾ ഇല്ലാതാക്കിയിരിക്കുന്നത്. യുകെ യൂണിവേഴ്‌സിറ്റിയിൽ അഡ്‌മിഷൻ എടുത്ത ശേഷം ഇപ്പോൾ സാനിയ ചെയ്തത് പോലെ കോഴ്സ് തുടങ്ങി ആഴ്ചകൾ കഴിയുമ്പോൾ മറ്റു കാരണം പറഞ്ഞു മുങ്ങുകയാണ് മലയാളികൾ അടക്കമുള്ളവർ ചെയ്തത്. ഇവരെല്ലാം കെയർ വിസ സ്വന്തമാക്കി ജോലിക്കായാണ് യൂണിവേഴ്ഡിറ്റികളിൽ നിന്നും മുങ്ങിയത്. ഇത് മൂലം യൂണിവേഴ്‌സിറ്റിക്ക് ലഭിക്കാനുള്ള കോഴ്സ് ഫീ വഴി വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായത്.

ഒപ്പം ഒരു വിദ്യാർത്ഥിക്ക് പഠിക്കാനായുള്ള അവസരവും നഷ്ടമായി. ഇപ്പോൾ സാനിയ അഡ്‌മിഷൻ എടുത്ത കോഴ്സ് യുകെയിൽ തന്നെ അപ്പൂർവമാണ്. എല്ലാ യൂണിവേഴ്സിറ്റികളും ഓഫർ ചെയ്യുന്ന കോഴ്‌സുമല്ല. അതിനാൽ വർഷത്തിൽ അഡ്‌മിഷൻ ലഭിക്കുന്നവരുടെ എണ്ണവും കുറവായിരിക്കും. സിനിമ അവസരമോ മറ്റു കാരണമോ മൂലമാകാം സാനിയ കോഴ്സ് ഉപേക്ഷിച്ചത്. ഒരു പക്ഷെ സാമ്പത്തിക പ്രയാസം ഇല്ലാത്ത വിദ്യാർത്ഥി എന്ന നിലയിൽ ഫീസും പൂരണമായി അടച്ചിരിക്കാം. പക്ഷെ സാനിയ ഒഴിച്ചിട്ട സീറ്റിൽ മറ്റൊരു വിദ്യാർത്ഥിക്ക് അവസരമില്ല എന്നതാണ് സത്യം. മൂന്നു വർഷ കോഴ്‌സിൽ ലഭിക്കേണ്ട ഫീസിൽ ആദ്യ വർഷത്തെ ഫീസ് അടച്ചിട്ടുണ്ടെകിൽ മറ്റു രണ്ടു വർഷത്തെ കോഴ്സ് ഫീയും യൂണിവേഴ്‌സിറ്റി്ക് നഷ്ടമാകാൻ ആണ് സാധ്യത .

ഇത്തരം ഉത്തരവാദിത്ത രഹിത പെരുമാറ്റം മൂലമാണ് പഞ്ചാബിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കാലങ്ങളായി പല യുകെ യൂണിവേഴ്ഡ്‌സിറ്റികളും അഡ്‌മിഷൻ നല്കാൻ മടിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. അടുത്തകാലം വരെ പഞ്ചാബി വിദ്യാർത്ഥികൾ അയൽനാടുകളായ ഹരിയാനയിലും ഡൽഹിയിലും ഒക്കെ വാടകക്ക് താത്കാലിക താമസം ഒരുക്കി ആ അഡ്രസ് കാണിച്ചാണ് യുകെ യൂണിവേഴ്‌സിറ്റികളിൽ അഡ്‌മിഷൻ നേടിയിരുന്നത്. കെയർ സ്വിച്ചിങ് വിസ ഇല്ലാതായതോടെ യൂണിവേഴ്‌സിറ്റിയിൽ എത്തി മുങ്ങുന്ന ശീലം മലയാളികൾ അവസാനിപ്പിക്കും എന്ന് കരുതവെയാണ് ഒറ്റപ്പെട്ടതു എങ്കിലും സാനിയയുടെ മനം മാറ്റം സോഷ്യൽ മീഡിയ അടക്കം വിമർശന വിധേയമായിരിക്കുന്നത്.