കണ്ണൂർ: നാലു മാസമായി വിശപ്പും ദാഹവും ഇല്ല. ആരോടും ചങ്ങാത്തമോ അടുപ്പമോ ഇല്ല. മോർച്ചറിക്ക് മുന്നിലെ വരാന്തയിൽ ഒരേ കിടപ്പാണ് രാമു. നാലു മാസം മുമ്പ് ആരൊക്കെയോ ചേർന്ന് അകത്തേക്ക് കൊണ്ടു പോയ തന്റെ യജമാനനെ കാത്താണ് രാമുവിന്റെ സങ്കടം നിറഞ്ഞ ഈ കിടപ്പ്. വിശപ്പും ദാഹവും കൃത്യമായ ഉറക്കമില്ലായ്മയും കൊണ്ട് ക്ഷീണിച്ച കണ്ണുകൾ ഇടയ്ക്കിടെ മോർച്ചറി വാതിലിലേക്ക് പോകും. തന്റെ യജാമനൻ ഇനിയും പുറത്തേക്ക് വരുന്നില്ല എന്നു കാണുമ്പോൾ വീണ്ടും അതേ സങ്കട കിടപ്പ് തന്നെ. ആരെയാണ് നായ കാത്തിരിക്കുന്നതെന്ന് അറിയാതെ വന്നതോടെ രാമു എന്ന പേരിലാണ് ആശുപത്രിയിലുള്ളവർ നായയെ വിളിക്കുന്നത്.

മാസങ്ങളായി ഈ നായ കണ്ണൂർ ജനറൽ ആശുപത്രിയുടെ മോർച്ചറിക്കു മുന്നിൽ കാത്തു കിടക്കുന്നുണ്ട്. മഴയും വെയിലും തണുപ്പുമെല്ലാം ഏറെക്കൊണ്ടു. എങ്കിലും തന്റെ യജമാനൻ പുറത്തേക്ക് വരാതെ പോകില്ല എന്ന വാശിയിലാണ് ഈ നായ. മോർച്ചറിക്കുള്ളിലേക്കു കൊണ്ടുപോയ യജമാനനെ കാത്തിരിക്കുന്നതാകാം എന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. ശരീരങ്ങൾ മോർച്ചറിയിൽ നിന്നു വിട്ടുനൽകുന്നതു മതിലിനുമപ്പുറം പിൻഭാഗത്തു കൂടെയാണ്. അതിനാൽ തന്റെ യജമാനൻ എന്നന്നേയ്ക്കുമായി യാത്ര പറഞ്ഞ് പോയത് അവൻ അറിഞ്ഞിട്ടുണ്ടാവില്ല.

നാലു മാസത്തോളമായി നായ ജീവനക്കാരുടെ കണ്ണിൽപെട്ടിട്ട്. തെരുവുനായ്ക്കൾ ആശുപത്രിയിൽ ഒരു പുതുമയല്ലാത്തതിനാൽ ആരും ആദ്യം ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഇവൻ അവർക്കൊപ്പം കൂടിയില്ല. വിശന്നു വലഞ്ഞാൽ പോലും മറ്റുള്ളവർ നൽകുന്ന ഭക്ഷണം കഴിക്കില്ല. ക്ഷീണത്താൽ അടഞ്ഞുപോകുന്ന കണ്ണുകൾ വലിച്ചുതുറന്നു മോർച്ചറിക്കു മുന്നിൽത്തന്നെ കിടക്കും. മോർച്ചറി ജീവനക്കാർ കയ്യിൽവച്ചു നൽകുന്ന ഭക്ഷണം മാത്രമാണ് ആശ്രയം. വലതുചെവിക്ക് അരികിലായി കഴുത്തിൽ മുറിവ് തുന്നിയുപോലൊരു പാടുണ്ട്. ആർക്കും ശല്യമില്ല, ആരോടും പരിഭവമില്ല. എല്ലാവർക്കും വഴിമാറിക്കൊടുക്കും.

ദിവസങ്ങൾക്ക് മുൻപ് ആശുപത്രി സന്ദർശനത്തിന് എത്തിയ ആരോഗ്യ മന്ത്രിയേപ്പോലും കൂസാതെ ആശുപത്രി വളപ്പിൽ തന്നെ തുടരുകയായിരുന്നു ഈ നായ. മിക്ക സമയത്തും വരാന്തകളിലൂടെ നടക്കുന്ന നായയുടെ നടപ്പ് അവസാനിക്കുന്നത് മോർച്ചറിക്ക് മുന്നിലാണ്. അടഞ്ഞ് കിടക്കുന്ന മോർച്ചറി വാതിൽ തുറക്കുമെന്ന പ്രതീക്ഷയോടെ പ്രിയപ്പെട്ട ആരോ മടങ്ങി വരുമെന്ന കാത്തിരിപ്പിലാണ് നായയുള്ളത്.