- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീരേന്ദ്ര കുമാറിന്റെ സഹോദരി ആട്ട് ചെട്ടിയുടെ കൂടെ ഒളിച്ചോടിയെന്ന് വ്യാജവാർത്ത; മനോരമ എഡിറ്ററുടെ കത്തുണ്ടാക്കി വ്യാജ വാർത്ത; ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യയെ സ്വഭാവഹത്യ ചെയ്ത് വ്യാജ വാർത്ത; വയൽക്കിളി നേതാവ് വയൽ നികത്തിയെന്ന് വ്യാജ വാർത്ത; മറിയക്കുട്ടി സംഭവം ഒറ്റപ്പെട്ടതല്ല; ദേശാഭിമാനി മാപ്പുപറയാത്ത വ്യാജവാർത്തകൾ അനവധി!
കോഴിക്കോട്: 87കാരിയായ മറിയക്കുട്ടിയാണെല്ലോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിക്കാനിറങ്ങിയ അടിമാലി സ്വദേശി മറിയക്കുട്ടി എന്ന വയോധികക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണമായിരുന്നു. അവർക്ക് രണ്ട് ഏക്കർ ഭൂമിയുമുണ്ടെന്നായിരുന്നു സിപിഎം മുഖപത്രമായ ദേശാഭിമാനി വാർത്തകൊടുത്തത്. ഒരു മകൾ വിദേശത്താണെന്നും, മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നുമാണ് വാർത്തയിൽ പറയുന്നത്. എന്നാൽ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന മറിയക്കുട്ടിക്ക് ഒരു സെന്റ് ഭുമിപോലും സ്വന്തമായി ഇല്ല. മകളുടെ വീട്ടിലാണ് അവർ താമസം. വിധവാ പെൻഷൻ മുടങ്ങിയതോടെ അവർ കടുത്ത ദുരിതത്തിലുമാണ്.
ദേശാഭിമാനിയുടെ വ്യാജവാർത്ത സൈബർ സഖാക്കൾ ഏറ്റുപിടിച്ചതോടെ മറിയക്കുട്ടിക്കെതിരെ പ്രചാരണം ശക്തമായി. എന്നാൽ ഇതിനെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞ് മറിയക്കുട്ടി രംഗത്ത് എത്തിയതോടെ, ദേശാഭിമാനി തിരുത്തി. മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന വ്യാജ വാർത്തയിൽ ഖേദം പ്രകടിപ്പിച്ച് പത്രം, മകൾ വിദേശത്തെന്ന തങ്ങളുടെ വാർത്ത തെറ്റാണെന്നും അറിയിച്ചിട്ടുണ്ട്.
പക്ഷേ രാഷ്ട്രീയ എതിരാളികൾക്ക് എതിരെ നിരന്തരം വ്യാജ വാർത്ത കൊടുക്കുക എന്നത് ദേശാഭിമാനിയുടെ പതിവ് രീതിയാണെന്ന് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. നിരന്തരമിങ്ങനെ വ്യാജ വാർത്തകൾ നൽകിയും പ്രചരിപ്പിച്ചും ഒരിക്കൽ പോലും ഒരു മാപ്പോ, ഖേദമോ ഇരയാക്കപ്പെട്ടവരോട് ദേശാഭിമാനി പ്രകടിപ്പിച്ചിട്ടില്ല. എന്നിട്ട് സിപിഎം നേതാക്കൾ നിരന്തരമായി മാധ്യമ ധാർമ്മികതയെ കുറിച്ച് ക്ലാസ് എടുക്കയാണ് ചെയ്യാറുള്ളത്.
സുശീലാദേവി മുതൽ ആന്തൂർ സാജന്റെ ഭാര്യ വരെ
സിപിഎം മുഖപത്രമായ ദേശാഭിമാനി ഒരുക്കലും മാപ്പുപറയാത്ത വ്യാജ വാർത്തകൾ എണ്ണിയെണ്ണിയാണ് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. അതിൽ ഏറ്റവും വലിയ വ്യാജൻ നമ്പി നാരായണനെ പ്രതിയാക്കി കൊണ്ടുള്ള ഐഎസ്ആർഒ ചാരക്കേസ് വാർത്തയാണ്. നമ്പിനാരായണൻ എന്ന ശസ്ത്രജ്ഞനെ ഇത്രയധികം ദ്രോഹിച്ചിട്ടും, ഒരു ഖേദം പോലും ദേശാഭിമാനിക്കില്ല. പകരം ചാരക്കേസ് പുറത്തുകൊണ്ട് വന്നതിന്റെ മുഴുവൻ ക്രെഡിറ്റും ഞങ്ങൾക്കാണെന്ന രീതിയിൽ ദേശാഭിമാനി, കൊൽക്കത്തയിലെ ഇംഗ്ലീഷ് പത്രമായ ടെലഗ്രാഫിനെ ഉദ്ധരിച്ചു നൽകിയ വർത്തയുണ്ട്. ദേശാഭിമാനി ഇല്ലായിരുന്നു എങ്കിൽ ഐഎസ്ആർഒ ചാരക്കേസ് പുറത്ത് വരില്ലായിരുന്നു എന്നാണ് വാർത്തയിലെ കണ്ടെന്റ്.
മാതൃഭൂമിയിലെ എംപി വീരേന്ദ്ര കുമാറിന്റെ പെങ്ങൾ എംപി സുശീലാദേവി ആട്ട് ചെട്ടിയുടെ കൂടെ ഒളിച്ചോടി പോയെന്ന് വാർത്ത നൽകിയ പരമ്പര്യമുണ്ട് ദേശാഭിമാനിക്ക്. 2007- ൽ, ജീവിച്ചിരിക്കുന്ന ആ സ്ത്രീ മരിച്ചെന്ന് ഫോട്ടോ സഹിതം വാർത്ത നൽകിയത് 'ഭൂമി പിടിക്കാൻ മാതൃഭൂമിയെന്ന' പരമ്പരയുടെ അഞ്ചാം ഭാഗത്തിലാണ്. ഒടുക്കം 'ദേശാഭിമാനി എന്നെ കൊന്നു' എന്ന തലക്കെട്ടോടെ മാതൃഭൂമിക്ക് സുശീലാ ദേവി അഭിമുഖം നൽകി. അഞ്ചാം ഭാഗത്തോടെ ദേശാഭിമാനി ആ പരമ്പര അവസാനിപ്പിച്ചു. അന്ന് ദേശാഭിമാനിക്ക് സുശീല ദേവി ഒരു കത്തുമയച്ചിരുന്നു, 'രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണെങ്കിലും ഇത്രയും ക്രൂരത ഒരു സ്ത്രീയോട് കാണിക്കരുതെന്ന്' പറഞ്ഞു കൊണ്ട്. പക്ഷേ ദേശാഭിമാനി തിരുത്തിയില്ല. പിന്നീട് അയേ വീരേന്ദ്രകുമാർ യുഡിഎഫ് വിട്ട് എൽഫിഎഫിൽ എത്തിയപ്പോൾ ദേശാഭിമാനിക്ക് വിശുദ്ധൻ ആവുകയും ചെയ്തു.
ടിപി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി ഇല്ലാതാക്കിയ വാർത്ത ദേശാഭിമാനി നൽകിയത് വെട്ടുകളുടെ എണ്ണം ഇരുപതിലേക്ക് കുറച്ച് കൊണ്ടാണ്. കേരളം മൊത്തം ടിപി നിറഞ്ഞു നിന്നപ്പോൾ അദ്ദേഹത്തിന്റെ കൊലപാതകത്തെ അപലപിക്ക പോലും ചെയ്യാത്ത നേതാക്കളെ കുറിച്ചും ദേശാഭിമാനി നൽകിയ വ്യാജ വാർത്തകൾ കുറിച്ചും മുൻ ദേശാഭിമാനി ജീവനക്കാരൻ തന്നെ എഴുതിയിട്ടുള്ള ബ്ലോഗുകൾ ഇപ്പോഴും നെറ്റിൽ കിട്ടും. പരമ്പരകൾ തന്നെയുണ്ട്.
വാളയാർ പെൺകുട്ടികളുടെ അമ്മയെ കുറിച്ച് ദേശാഭിമാനി എഴുതിപ്പിടിപ്പിച്ച കാര്യങ്ങൾ ഒന്നും ആരും മറന്നിരിക്കാൻ സാധ്യതയില്ല. ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയ സംഭവം വെള്ളപൂശാൻ നടത്തിയ ആ ശ്രമങ്ങൾ ഒക്കെ എത്ര മാത്രം നീചമായിരുന്നു.ആന്തൂരിൽ ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യയെ കുറിച്ചും വ്യാജവാർത്ത എഴുതി. ഫോൺ കോളുകളുടെ എണ്ണമെടുത്ത് വാർത്ത നൽകിയിട്ട് ഒരു മാപ്പ് ആ സ്ത്രീയോട് പറഞ്ഞിട്ടുണ്ടോ ഈ ദേശാഭിമാനി. ആരെ സംരക്ഷിക്കാനായിരുന്നു അത്തരമൊരു വർത്തയെന്ന് കേരളം കൃത്യമായി തിരിച്ചറിഞ്ഞിട്ടും അയാളുടെ ആത്മഹത്യയുടെ കാരണം തെളിവ് സഹിതം പുറത്ത് വന്നിട്ടും ആ വാർത്ത തിരുത്തിയിരുന്നോ ഇതേ ദേശാഭിമാനി.
വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ഒൻപത് അംഗ ഗൂഢസംഘം രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് സമരകാലത്ത് ദേശാഭിമാനി റിപ്പോർട്ട് ചെയ്തത്. ഒരു സ്ത്രീയുടെ അടക്കം 9 പേരുടെ ചിത്രങ്ങൾ സഹിതം 2022 നവംബർ 30 ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയും താഴെയുണ്ട്. രാജ്യദ്രോഹികളെന്നാണ് അന്നാ മനുഷ്യരെ ദേശാഭിമാനി വിളിച്ചത്.
കോവിഡ് കാലത്ത് ഇതര സംസ്ഥാന തൊഴിലാളികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പഞ്ചായത്ത് കെട്ടിടത്തിൽ പാർപ്പിക്കുന്നു എന്ന വാർത്ത വീഡിയോ ഫോട്ടോ തെളിവുകൾ സഹിതം ശേഖരിച്ചു മാധ്യമങ്ങൾക്ക് നൽകിയ എഎൻഐ കോഴിക്കോട് സ്റ്റിംങ്ങർ ആയ എൻപി സക്കീറിനെതിരെ ദേശാഭിമാനി നൽകിയ വാർത്ത സക്കീർ തൊഴിലാളികൾക്കിടയിൽ നുഴഞ്ഞു കയറി കാലപമുണ്ടാക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ്. നിരന്തരം അയാൾക്കെതിരെ വാർത്ത നൽകി. പൊലീസ് അയാൾക്കെതിരെ കേസെടുക്കുന്ന അവസ്ഥ വരെ ഉണ്ടായത് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകർക്ക് അറിയാവുന്ന കാര്യമല്ലേ, എന്തായിരുന്നു സക്കീർ ചെയ്ത തെറ്റെന്നും, എന്താണ് സക്കീറിന്റെ വർത്തയെന്നും, എപ്പോൾ മുതലാണ് അയാൾ ആക്രമിക്കപ്പെട്ടു തുടങ്ങിയതെന്നും അന്വേഷിക്കൂ. എത്രമാത്രം നീചമായിട്ടാണ് ചിലർ അതിനെ കൈമാര്യം ചെയ്യുന്നതെന്ന് മനസ്സിലാകും. എന്തിനായിരുന്നു സക്കീറിനെ കലാപകാരി ആക്കിയത്, എന്ത് ആയിരുന്നു തെളിവ്?
മഹാരാജാസിൽ കെഎസ്യു അംഗമായ പെൺകുട്ടിക്ക് മാർക്ക് കൂട്ടി നൽകി എന്ന വാദത്തിൽ കോളേജ് അന്വേഷണം നടത്തി അങ്ങനെ ഒന്ന് ഇല്ലെന്ന് പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞതിന്റെ പിറ്റേ ദിവസം ദേശാഭിമാനി ആരോപണം ഉറപ്പിക്കും വിധം വാർത്ത നൽകി. ആ റിപ്പോർട്ട് നിലനിൽക്കെ, മറ്റ് ചാനലുകൾ പ്രിൻസിപ്പളിന്റെ റിപ്പോർട്ട് ഉദ്ധരിച്ചു വാർത്ത നൽകിയിട്ടും ദേശാഭിമാനി വ്യാജ വർത്ത തിരുത്തിയില്ല. അതിനുശേഷം കെഎസ്യു നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റ് വാർത്ത വരുന്നു. ബിഎ പഠിച്ച ആളിന്റെ പേരിൽ ബികോം സർട്ടിഫിക്കറ്റ് നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഒരു ഫാക്റ്റ് ചെക്ക് പോലും ഇല്ലാതെ ദേശാഭിമാനി ആ പയ്യന്റെ ഫോട്ടോ സഹിതം വാർത്ത നൽകി. ഇതിലും കേസ് നിലനിൽക്കയാണ്.
വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റുർ വയൽ നികത്തി റോഡുണ്ടാക്കിയെന്ന വാർത്ത, കുഴിമന്തി കഴിച്ചു വിദ്യാർത്ഥിനി മരിച്ചെന്ന വാർത്ത, ധന്യ രാമൻ കലക്ട്രേറ്റ് മാർച്ചിനിടയിൽ നിന്നെടുത്ത ഒരു ഫോട്ടോ കെവിന്റെ മരണ ചടങ്ങിനിടയിൽ സെൽഫി എടുത്തെന്ന തരത്തിൽ വാർത്ത ആക്കിയത്... അങ്ങനെയുള്ള നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയാ ആക്റ്റവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നതും. ഇതിൽ ഒന്നുപോലും ദേശാഭിമാനി തിരുത്തിയിട്ടില്ല.
സിപിഎമ്മിന് മനോരമയിലും സെൽ
കേരള ചരിത്രത്തിലെ ഏറ്റവം വലിയ വ്യാജ വാർത്ത എന്ന പറയുന്ന വാർത്ത നിർമ്മിച്ചതിനും ക്രഡിറ്റ് ദേശാഭിമാനിക്കാണ്. മനോരമയുടെ വ്യാജ ലെറ്റർപാഡ് ഉണ്ടാക്കി എഡിറ്റർ കെ എം മാത്യുവിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയാണ് കേരള മാധ്യമ ചരിത്രത്തിൽ സമാനകൾ ഇല്ലാത്ത ഫേക്ക് ന്യുസ് ദേശാഭിമാനി നൽകിയത്. ഇതിന്റെ പേരിലുള്ള കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കയാണ്.
2001 ഫെബ്രുവരി 15ന് ദേശാഭിമാനിയിലെ ഒന്നാം പേജ് വാർത്ത 'മനോരമയിലും സിപിഐ എം സെൽ: കെ എം മാത്യുവിന്റെ കത്ത് ' എന്നതായിരുന്നു. മനോരമയ്ക്കകത്ത് സിപിഐ എം പ്രവർത്തനം തടയാൻ ചീഫ് എഡിറ്റർ കെ.എം മാത്യു കണ്ണൂർ യൂണിറ്റ് കോ ഓർഡിനേറ്റിങ് എഡിറ്റർക്ക് അയച്ച കത്ത് സഹിതമാണ് വാർത്ത പ്രസിദ്ധീകരിച്ചത്.
വാർത്ത ഇങ്ങനെയാണ്. -'മാർക്സിസ്റ്റ് പാർട്ടിയുടെ രഹസ്യ പ്രവർത്തനം നമ്മുടെ സ്ഥാപനത്തിനകത്ത് നടക്കുന്നതായറിയുന്നു. നമ്മുടെ സുപ്രധാനമായ ചില വിവരങ്ങൾ ഈയിടയായി ചോർന്നു സിപിഐഎമ്മിന് ലഭിക്കുന്നുണ്ട്. താങ്കളുടെ യൂണിറ്റിൽ ഡെസ്കിലും മാനേജ്മെന്റിലും ചിലർ മാർക്സിസ്റ്റ് പാർട്ടിയുമായി ബന്ധംവെയ്ക്കുന്നുണ്ട്. ആ പാർട്ടിയുടെ ഒരു സെൽ അവിടെ പ്രവർത്തിക്കുന്നുണ്ടെന്നും വിവരമുണ്ട്. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നേരിൽ എത്തിക്കാൻ താൽപര്യം. വേണ്ട ജാഗ്രത പുലർത്തുമല്ലോ' എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. 'മലയാള മനോരമയുടെ ജീവനക്കാർക്കിടയിലെ സിപിഐഎം പ്രവർത്തനം നിരോധിക്കാൻ ചീഫ് എഡിറ്റർ കെ.എം മാത്യു എഴുതിയ കത്ത് ' എന്ന അടിക്കുറിപ്പോടെയാണ് വാർത്തക്കൊപ്പം കത്തും പ്രസിദ്ധീകരിച്ചു. ഇതിനെതിരെ കെ.എം മാത്യു കേസ് ഫയൽ ചെയ്തു. അന്നത്തെ ദേശാഭിമാനി ന്യൂസ് എഡിറ്റർ ജി.ശക്തിധരൻ, പ്രിന്ററും പബ്ലിഷറുമായ പി. കരുണാകരൻ, ചീഫ് എഡിറ്റർ വി എസ് അച്യുതാനന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ എന്നിവരായിരുന്നു എതിർ കക്ഷികൾ.
ദേശാഭിമാനിവ്യാജരേഖ ചമച്ച് വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ നിരപരാധിയായ താൻ പ്രതിയാക്കപ്പെട്ടുവെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ വെളിപ്പെടുത്തൽ നേരത്തെ ചർച്ചയായിരുന്നു.ശക്തിധരൻ ഫേസ് ബുക്കിലെഴുതിയ കുറിപ്പിലിൽ ഇങ്ങനെ പറയുന്നു:- 'ശ്രീ കെ എം മാത്യു എന്നോട് ഒരു മര്യാദ കാണിച്ചു. ഒരു ദിവസം അതിരാവിലെ ഫോണിൽ എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു, 'ഞങ്ങൾ ചില കേസുകൾ കൊടുത്തിട്ടുണ്ട്. കുടുംബ തീരുമാനമാണ്. താനല്ല പ്രതി എന്ന് അറിയാം'.ഉറക്കത്തിലായിരുന്ന ഞാൻ കിടക്കയിൽ കിടന്ന് കൊണ്ട് അന്നത്തെ പത്രം എടുത്തു നോക്കിയപ്പോൾ മനോരമയിൽ ഒന്നാം പേജിൽ 8 കോളത്തിൽ വാർത്ത, വ്യാജരേഖാ നിർമ്മാണം ജി ശക്തിധരനെതിരെ കേസ്''- -നടുങ്ങിപ്പോയി എന്നാണ് വ്യാജരേഖ കേസിൽ പ്രതിയായതിനെക്കുറിച്ച് ശക്തിധരൻ വെളിപ്പെടു ത്തുന്നത്.
.ഒരു പത്രത്തിനെ അപകീർത്തിപ്പെടുത്താൻ ആ പത്രത്തിന്റെ ചീഫ് എഡിറ്ററുടെ പേരിൽ വ്യാജരേഖ ചമച്ചു പ്രസിദ്ധീകരിച്ചു എന്നതിന് മറ്റൊരു പത്രത്തിന്റെ പേരിൽ കോടതിയിൽ കേസ് വരുന്നത് ഇന്ത്യയിൽ ആദ്യമായായിരുന്നു. ദേശാഭിമാനി പ്രസിദ്ധീകരിച്ച ലെറ്റർഹെഡിൽ കെ.എം മാത്യുവിന്റേതായി കൊടുത്തിരിക്കുന്ന ഫോൺനമ്പർ പോലും അദ്ദേഹത്തിന്റേതല്ല. കത്തിൽ തീയതി വെച്ചിട്ടുമില്ല. അദ്ദേഹം കണ്ണൂരിലെ കോ-ഓർഡിനേറ്റിങ് എഡിറ്റർക്ക് ഇത്തരമൊരു കത്തയച്ചിട്ടില്ല. കത്തിലെ ഭാഷയും പ്രയോഗങ്ങളും മനോരമയുടെ ശൈലിയല്ല. മനോരമ സിപിഎമ്മിനെപ്പറ്റി എഴുതുമ്പോൾ സാധാരണയായി സിപിഎം എന്നോ മാർക്സിസ്റ്റ് പാർട്ടി എന്നോ ആണ് എഴുതാറ്. സിപിഎം എന്നല്ല. സിപിഎം എന്നെഴുതുന്നത് ദേശാഭിമാനിയാണ്. പാർട്ടി എന്നെഴുതുന്നത് ദേശാഭിമാനിയുടെ ശൈലിയാണ്. -ബന്ധംവയ്ക്കുക- എന്ന് തെക്കൻ ജില്ലകളിൽ സാധാരണയായി പ്രയോഗിക്കാറില്ല. കൂടുതലായും മലബാറിലേതാണ് ആ പ്രയോഗം. -ഡസ്കും മാനേജ്മെന്റും- എന്നൊരു പ്രയോഗം മനോരമയിലില്ല. കത്തിൽ പറഞ്ഞിരിക്കു ന്നതുപോലെ ഒരു പ്രധാന വിഷയം ഉണ്ടെങ്കിൽ ചുമതലപ്പെട്ടയാളുമായി നേരിട്ടോ ടെലിഫോണിലൂടെയോ സംസാരിക്കുക യാണു മനോരമയിൽ ചെയ്യുക. കത്തയക്കുകയല്ല - കോൺഫിഡൻഷ്യൽ- എന്നു രേഖപ്പെടുത്തിയവ ഒഴികെ മനോരമയിൽ വരുന്ന നൂറുകണക്കിനു കത്തുകൾ തുറക്കുന്നത് പല ജീവനക്കാർ ചേർന്നാണ്. കോൺഫിഡൻഷ്യൽ എന്ന് രേഖപ്പെടുത്താതെ ഇത്തരം ഒരു കത്ത് ചീഫ് എഡിറ്റർ അയയ്ക്കില്ല.
ജയിലിൽ ഉദ്യോഗസ്ഥന്മാരുടെ പാർട്ടിസെൽ രൂപീകരിച്ചത് സംബന്ധിച്ച രേഖകളുടെ ഫോട്ടോസ്റ്റാറ്റ് സഹിതം മനോരമയിൽ രണ്ടുമൂന്ന് ദിവസം വന്ന വാർത്തകളോടുള്ള പ്രതികരണം എന്നോണമാണ് അടുത്ത ദിവസം ദേശാഭിമാനിയിൽ വ്യാജക്കത്തിന്റെ ഫോട്ടോസ്റ്റാറ്റും വ്യാജവാർത്തയും വന്നതെന്നും മാത്യുവിന്റെ ഹർജിയിൽ പറഞ്ഞിരുന്നു.
ദേശാഭിമാനിയുടെ വ്യാജരേഖാ വിവാദം അക്കാലത്ത് പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ 'ഒളിക്യാമറകൾ പറയാത്തത് ' എന്ന തന്റെ ആത്മകഥയിൽ വിശദമായി പ്രതി പാദിച്ചിട്ടുണ്ട്. 'സിൽബന്തികളുടെ രാജ്യഭാരം' എന്ന അധ്യായത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ''തിരുവനന്തപുരത്തു നിന്നാണ് ദേശാഭിമാനിയിൽ വാർത്ത വന്നത്. എങ്കിലും കൊച്ചി ന്യൂസ് എഡിറ്റർ ജി. ശക്തിധരൻ ഒന്നാം പ്രതിയാവാൻ കാരണം ,കുറെ മുൻപ് മനോരമയ്ക്കെതിരെ 'വിഷവൃക്ഷത്തിന്റെ അടിവേരുകൾ തേടി 'എന്ന ഒരു പരമ്പര എഴുതിയതു കൊണ്ടായിരിക്കണം. എന്നാൽ ഈ വ്യാജക്കത്ത് പ്രസിദ്ധീകരിക്കുന്നതിൽ ഏറ്റവും എതിർപ്പ് പ്രകടിപ്പിച്ചത് ശക്തിധരനായിരുന്നു. പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായതു മുതൽ ദേശാഭിമാനി യിലെ പല മുതിർന്ന സഖാക്കളേയും പിന്തള്ളി, പുതിയൊരു അധികാര കേന്ദ്രമായി മാറിയ പി.എം.മനോജാണ് ഈ വ്യാജരേഖയുടെ നിർമ്മാതാവ് - അന്ന് ദേശാഭിമാനിയിലെ ഉയർന്ന തസ്തികയിലുള്ളവരുടെ മുഴുവൻ എതിർപ്പുക ളേയും മറികടന്ന്, പിണറായി വിജയന്റെ പിൻബലത്തി ലാണ് ഈ വിദ്വാൻ ഈ വ്യാജരേഖ ചമച്ചത് ' ( ഒളിക്യാമറകൾ പറയാത്തത് - ബർലിൻ കുഞ്ഞനന്തൻ നായർ , പേജ് 57)
ചീഫ് എഡിറ്ററായ തന്നോട് ആലോചിക്കാതെ ആരാണ് ഈ വ്യാജ കത്ത് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചത് എന്നതിനാൽ, വി എസ് അച്ചുതാനന്ദൻ അന്ന് എഡിറ്റോറിയൽ ചുമതലയുള്ളവരോട് വിശദീകരണം തേടിയിരുന്നു. ഈ വ്യാജരേഖ പ്രസിദ്ധീകരിക്കുക വഴി പത്രം അപഹസിക്കപ്പെട്ടുവെന്ന് വി എസ് പറഞ്ഞയായും ബർലിൻ എഴുതിയിട്ടുണ്ട്. ഇത്രയധികം വ്യാജ വാർത്തകൾ ചെയ്ത ദേശാഭിമാനിയും അതിന് കൂട്ടുനിന്ന സിപിഎം നേതാക്കളുമാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ