ഉത്തരകാശി: തുരങ്കത്തിൽ കുടുങ്ങി മൂന്ന് ആഴ്ചയോളം മരണത്തെ മുഖാമുഖം കണ്ട അവർ ജീവിതത്തിന്റെ പുതുവെളിച്ചത്തിലേക്ക്. ഉത്തരാഖണ്ഡിലെ സിൽകാരയിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് ഉള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ ഓരോരുത്തരെയായി പുറത്തെത്തിച്ചു തുടങ്ങി. ഇതിനകം 15 പേരെ പുറത്തെത്തിച്ചിട്ടുണ്ട്. രാത്രി ഏഴേമുക്കാലോടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങിയത്. തുരങ്കത്തിലേക്ക് ആംബുലൻസ് എത്തിച്ച് ഓരോരുത്തരെ വീതം ഓരോ ആംബുലൻസിലേക്ക് മാറ്റിയാണ് പുറത്തേക്ക് കൊണ്ടുവരുന്നത്. അതിനാൽ 41 പേരെയും പുറത്തേക്ക് കൊണ്ടുവരാൻ ഏറെ സമയമെടുക്കുമെന്നാണ് റിപ്പോർട്ട്

തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സ്‌ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങൾ തുരങ്കത്തിന് അകത്തേക്ക് കയറിയതിനു പിന്നാലെയാണ് ഓരോരുത്തരെയായി പുറത്തെത്തിക്കുന്നത്. ഇവരെ കൊണ്ടുപോകാനായി ആംബുലൻസുകളും തുരങ്കത്തിനുള്ളിലേക്കു പോയിട്ടുണ്ട്. രക്ഷപ്പെടുത്തുന്നവർക്കു പ്രാഥമിക ചികിത്സ നൽകാനായി തുരങ്കത്തിനകത്തു തന്നെ താത്ക്കാലിക ഡിസ്‌പെൻസറി സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കൽ പരിശോധന നടത്തിയശേഷമാണ് തൊഴിലാളികളെ ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത്.

അപകടം നടന്ന് 17 ദിവസങ്ങൾക്ക് ശേഷമാണ് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞത്. നവംബർ 12-ന് ദീപാവലി ദിവസമാണ് തുരങ്കം തകർന്ന് തൊഴിലാളികൾ കുടുങ്ങിയത്. അന്നു മുതൽ ഒരുനിമിഷം ഇടവേളയില്ലാതെ നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് ഒടുവിലാണ് 41 പേർ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. പുറത്തെത്തിച്ച തൊഴിലാളികളുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി കൂടിക്കാഴ്ച നടത്തി. ദൗത്യം വിജയിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് സംഘത്തിനൊപ്പമുള്ള വിദഗ്ധൻ ക്രിസ് കൂപ്പറും രംഗത്തെത്തി.

രക്ഷാദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ യന്ത്രങ്ങളില്ലാതെ മനുഷ്യർ നടത്തിയ തുരക്കലിലൂടെയാണ് തൊഴിലാളികൾക്ക് സമീപത്തേക്ക് എത്താനായത്. റാറ്റ് ഹോൾ മൈനിങ് എന്ന രീതിയാണ് ഇതിനായി അവലംബിച്ചത്. ഇതിനൊപ്പം തുരങ്കത്തിന് മുകളിൽ നിന്ന് കുത്തനെ തുരന്ന് മറ്റൊരു രക്ഷാമാർഗവും തുറന്നിരുന്നു. പുറത്തെത്തിച്ച തൊഴിലാളികളെ സ്ഥലത്ത് സജ്ജമാക്കിയിരുന്ന ആംബുലൻസുകളിൽ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയാണ്. ആശുപത്രിയിൽ കട്ടിലുകൾ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും നേരത്തേ തന്നെ ഒരുക്കിയിരുന്നു.

അവസാന ഘട്ടത്തിൽ തുരങ്ക നിർമ്മാണ കമ്പനിയിലെ തൊഴിലാളികളാണ് അവശിഷ്ടം നീക്കിയത്. ഇന്ന് ആറു മീറ്ററോളം അവശിഷ്ടം നീക്കി. ഇന്ത്യൻ സൈന്യം സ്ഥലത്തുണ്ടായിരുന്നെങ്കിലും സേവനം ഉപയോഗപ്പെടുത്തിയില്ല. സൈന്യത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ കൂടുതൽ വേഗത്തിൽ തൊഴിലാളികളെ പുറത്തെത്തിക്കാൻ കഴിയുമായിരുന്നെന്നും മലയാളി രഞ്ജിത് ഇസ്രയേൽ പറഞ്ഞു.

തുരങ്കത്തിൽ കുടുങ്ങിയവരുടെ ബന്ധുക്കളോടു തയാറായിരിക്കാൻ രക്ഷാപ്രവർത്തകർ നിർദ്ദേശം നൽകിയിരുന്നു. 'അവരുടെ വസ്ത്രങ്ങളും ബാഗുകളും തയാറാക്കി വയ്ക്കൂ' എന്നാണ് അധികൃതർ തുരങ്കത്തിനു പുറത്ത് കാത്തുനിൽക്കുന്ന ബന്ധുക്കളോട് പറഞ്ഞത്. പുറത്തെത്തിച്ച ഉടനെ തന്നെ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അറിയിച്ചു. തൊഴിലാളികളെ കാണാനായി ക്ഷമയോടെ കാത്തിരിക്കുകയാണ് ബന്ധുക്കൾ. അതേസമയം, മലയുടെ മുകളിൽനിന്ന് താഴേക്ക് കുഴിക്കുന്ന ജോലിയും നടന്നിരുന്നു.

അമേരിക്കൻ നിർമ്മിത ഓഗർ മെഷീൻ ഉപയോഗിച്ചാണ് അതീവ ദുഷ്‌കരമായിരുന്ന രക്ഷാപ്രവർത്തനത്തിന്റെ നിർണായക ഘട്ടം പൂർത്തിയാക്കിയത്. എന്നാൽ ദിവസങ്ങൾക്കകം ഓഗർ മെഷീൻ തകരാറായി. ഇതോടെയാണ് യന്ത്രസഹായത്തോടെയുള്ള ഡ്രില്ലിങ്ങിന് പുറമെ റാറ്റ് ഹോൾ മൈനിങ് സ്വീകരിച്ചത്. ഇത് കൂടാതെയാണ് വെർട്ടിക്കൽ ഡ്രില്ലിങ്ങും നടത്തിയത്. തൊഴിലാളികൾ കുടുങ്ങിയ ഉടൻ തന്നെ ഇവർക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന്, ഓക്സിജൻ എന്നിവ എത്തിക്കാൻ ആരംഭിച്ചിരുന്നു. ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് അകത്ത് കടത്തിയാണ് ഇവ എത്തിച്ചത്. കൂടാതെ ഇവർക്ക് രക്ഷാപ്രവർത്തകരും കുടുബാംഗങ്ങളുമായി സംസാരിക്കാനുള്ള സംവിധാനങ്ങളടക്കം ഈ പൈപ്പ് വഴി ഒരുക്കിയിരുന്നു.

കുഴലിൽ വെള്ളിയാഴ്ച കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെടുക്കാൻ സാധിച്ചതാണ് ദൗത്യത്തിനു പുതുജീവനേകിയത്. പിന്നാലെ കുഴലിലൂടെ നിരങ്ങിനീങ്ങിയ രക്ഷാപ്രവർത്തകർ തുരങ്കത്തിൽ അടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പും സ്റ്റീൽ പാളികളും ഗ്യാസ് കട്ടർ ഉപയോഗിച്ചു നീക്കം ചെയ്യാൻ തുടങ്ങി. മണിക്കൂറുകൾ അധ്വാനിച്ച് ഏതാനും ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കിയശേഷം ഇവർ പുറത്തിറങ്ങി. തുടർന്ന്, പുറത്തുള്ള യന്ത്രത്തിന്റെ സഹായത്തോടെ അതിശക്തമായി കുഴൽ അകത്തേക്കു തള്ളി. വീണ്ടും രക്ഷാപ്രവർത്തകർ നുഴഞ്ഞുകയറി അവശിഷ്ടങ്ങൾ നീക്കി. ഈ രീതിയിൽ ഇഞ്ചിഞ്ചായാണ് കുഴൽ മുന്നോട്ടു നീക്കിയത്.

എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, ബി.ആർ.ഒ, ചാർധാം പദ്ധതി നടപ്പാക്കുന്ന എൻ.എച്ച്.ഐ.ഡി.സി.എൽ, ഐ.ടി.ബി.പി, സൈന്യം തുടങ്ങി നിരവധി പേർ ചേർന്നാണ് രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയത്. ചാർധാം പദ്ധതിയുടെ ഭാഗമായി ദേശീയപാത 134-ൽ നിർമ്മിക്കുന്ന 4.531 കിലോമീറ്റർ നീളമുള്ള തുരങ്കമാണ് സിൽകാരയിലെത്. 1119.69 കോടി രൂപയാണ് തുരങ്കത്തിന്റെ നിർമ്മാണ ചെലവ്. ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ഉൾപ്പെടെ കണക്കാക്കുമ്പോൾ ആകെ ചെലവ് 1383.78 കോടി രൂപയാകും. നാല് വർഷമാണ് നിർമ്മാണ കാലാവധി.