ലണ്ടൻ: കോവിഡ്- 19 ൽ നിന്നും രക്ഷനേടാൻ, ദൈവം നേരിട്ടു നൽകിയ പ്രതിരോധ കിറ്റുകൾ 91 പൗണ്ടിന്(9000 രൂപയോളം) ജനങ്ങൾക്ക് വിറ്റ സുവിശേഷ പ്രചാരകൻ ഇനി ജയിലിൽ അത്യൂന്നതങ്ങളിലെ ദൈവത്തിന്റെ മഹത്വം വാഴ്‌ത്തിപ്പാടും. ദേവദാരു വൃക്ഷത്തിന്റെ ചാറും, ഒലീവെണ്ണയും പിന്നെ ചില പച്ചമരുന്നുകലും ചേർത്ത് ചെറിയ കുപ്പിയിലാക്ക്, ഒരു പ്രാർത്ഥനാ കാർഡും ഒരു ചരടും കൂടിയായിരുന്നു 47 കാരനായ ബിഷപ്പ് ക്ലൈമറ്റ് വൈസ്മാൻ വിശ്വാസികൾക്ക് നൽകിയിരുന്നത്.

തെക്കൻ ലണ്ടനിലെ കാംബർവെല്ലിലുള്ള കിങ്ഡം സഭയുടെ തലവനായ ഇയാളെ ദൈവം നേരിട്ടു സന്ദർശിച്ചു എന്നാണ് ഇയാൾ അവകാശപ്പെടുന്നത്. താൻ പല അദ്ഭുത പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ടെന്നും ഇയാൾ കോടതിയിൽ അവകാശപ്പെട്ടു. താൻ ഒരു തട്ടിപ്പുകാരനാണെന്ന പ്രോസിക്യുഷന്റെ വാദം നിഷേധിച്ച വൈസ്മാൻ, താൻ ദൈവത്തിന്റെ പ്രതിനിധിയാണെന്നും അവകാശപ്പെട്ടു. ഇയാൾ നൽകിയ കിറ്റ് കോവിഡിനെ പ്രതിരോധിക്കുകയും, ഭേദമാക്കുകയും ചെയ്യുമെന്ന് ഇയാളുടെ സഭാംഗങ്ങളെ വിശ്വസിപ്പിച്ച് ചതിച്ച കുറ്റത്തിന് ഇന്നർ ലണ്ടൻ ക്രൗൺ കോടതി ഇയാളെ കഴിഞ്ഞ ഡിസംബറിൽ കുറ്റക്കാരനെന്ന് വിധിച്ചിരുന്നു.

2020 മാർച്ച് 24 ന്, രാജ്യം ലോക്കഡൗണിലെക്ക് നീങ്ങിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു സൗത്ത്വാക്ക് ട്രേഡിങ് സ്റ്റാൻഡേർഡ്സ് ഉദ്യോഗസ്ഥർക്ക് ഇയാളുടെ തട്ടിപ്പിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് നടന്ന വിചാരണയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാളെ കഴിഞ്ഞ ദിവസം കോടതി 12 മാസത്തേക്ക് തടവിന് ശിക്ഷിക്കുകയായിരുന്നു. അതിനു പുറമെ രണ്ടു വർഷത്തെ സസ്പെൻഷനും 130 മണിക്കൂർ നേരത്തെ വേതന രഹിത ജോലിയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. അതിനു പുറമെ സൗത്ത്വാക് ബറോ കൗൺസിലിന് ചെലവിനത്തിൽ 60,072 പൗണ്ടും നൽകണം. ഇത് നൽകുവാൻ മൂന്ന് മാസത്തെ സാവകാശം നൽകിയിട്ടുണ്ട്.

എന്നാൽ, വിചാരണ ചെയ്ത ജൂറി കാര്യം മനസ്സിലാക്കുവാൻ ഉതകുന്ന ചോദ്യങ്ങൾ ചോദിച്ചില്ല എന്ന് പറഞ്ഞ് ഇയാൾ കുറ്റക്കാരനാണെന്ന വിധിയെ ചോദ്യം ചെയ്തിരുന്നു. ഇയാൾ നൽകിയിയ പച്ചമരുന്നുകളുടെ കൂട്ടത്തിലുള്ള ഹിസ്സോപ്, പ്ലേഗ് സുഖപ്പെടുത്തുമെന്ന് ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ഒന്നാണെന്ന് അയാൾ അവകാശപ്പെട്ടു. മാത്രമല്ല, മൂക്ക്, തൊണ്ട,. ശ്വാസകോശം എന്നിവിടങ്ങളിലെ അണൂബാധക്കുള്ള മരുന്നുകളിലും ഇത് ഉപയോഗിക്കുന്നുണ്ട് എന്നും ഇയാൾ വാദിച്ചു.

എന്നാൽ, ആധുനിക കാലത്ത്, ഈ സുഗന്ധമേറിയ ഉദ്യാന സസ്യത്തിന്റെ ഉപയോഗം ഭക്ഷണ പാനീയങ്ങൾക്ക് സുഗന്ധവും രുചിയും ഏകുക എന്നത് മാത്രമാൺ'. ചെലവ് നൽകാനുള്ള വിധിക്കെതിരെ അപ്പീൽ പോകുന്നതിനുള്ള അനുവാദത്തിനായുംഇയാൾ അപേക്ഷിച്ചു. എന്നാൽ കോടതി ആ അപേക്ഷ നിരസിക്കുകയായിരുന്നു.

തന്റെ വിശ്വാസത്തിന്റെ പ്രശ്നമാണ് ഇതെന്ന ബിഷപ്പിന്റെ വാദവും കോടതി അംഗീകരിച്ചില്ല. ജനങ്ങളുടെ ആശങ്കയും, ഉത്കണ്ഠയും മുതലെടുത്ത് അവരെ വൈസ്മാൻ വഞ്ചിക്കുകയായിരുന്നു എന്നായിരുന്നു കോടതി നിരീക്ഷിച്ചത്.