- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെ കുടിയേറ്റ നിയമത്തിൽ കുടുങ്ങി യുകെ മലയാളികൾ വിയർക്കുമ്പോൾ ഒട്ടേറെ കെയർ ഹോമുകളും പ്രതിസന്ധിയിലേക്ക്; പകരം ജീവനക്കാരെ കണ്ടെത്താനാകാത്ത അവസ്ഥ; ഒരിക്കലും കിട്ടാത്ത വിസ പുതുക്കി തരാം എന്ന ഓഫറും സജീവം; ചതിയുടെ വലയിൽ ഇനിയും കുടുങ്ങരുത്
ലണ്ടൻ: ഒന്ന് ചത്താൽ ഒന്നിന് വളമാകും എന്ന മലയാള പഴമൊഴി അന്വർത്ഥമാക്കുന്ന കാഴ്ചകളാണ് ഇപ്പോൾ യുകെ മലയാളികളുടെ വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമ കാഴ്ചകളിൽ പ്രധാനം. ഗൂഗിൾ സേർച്ച് കാണിക്കുന്ന പരസ്യങ്ങളിലും വിഷയം യുകെ മലയാളികൾ തേടുന്ന വിവരങ്ങൾ തന്നെയാണ് പ്രധാനം. തിങ്കളാഴ്ച പാർലമെന്റിൽ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രഖ്യാപിച്ച കുടിയേറ്റ നിയന്ത്രണ നടപടികൾ മൂലം ആയിരക്കണക്കിന് മലയാളികളുടെ വിസ ഭാവിയിൽ റദ്ദാക്കപ്പെടും എന്ന ഭയം മുതലെടുത്താണ് സോളിസിറ്റർ സ്ഥാപനങ്ങൾ മുൻകൂറായി തങ്ങളുടെ സേവനം ലഭ്യമാണ് എന്ന് വെളിപ്പെടുത്തുന്ന പരസ്യങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഇതൊരു പിടിവള്ളി ആണെന്ന് തോന്നാമെങ്കിലും പത്തു വർഷം മുൻപ് നൂറുകണക്കിന് മലയാളി വിദ്യാർത്ഥികളെ ചതിയിൽ പെടുത്തിയ കെണി തന്നെയാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്ന പരസ്യങ്ങളുടെ പിന്നിലെ ഗൂഢ തന്ത്രം എന്ന് വ്യക്തം.
അതിനിടെ വളരെ വേഗത്തിൽ നടപ്പാക്കുന്ന കുടിയേറ്റ നിയമം മൂലം മലയാളികൾ മാത്രമല്ല കെയർ ഹോം നടത്തിപ്പുകാരും പ്രയാസത്തിലേക്ക് നീങ്ങുകയാണ് എന്ന സൂചനയും എത്തിക്കഴിഞ്ഞു. ചില കെയർ ഹോമുകളിൽ 50 ശതമാനത്തിൽ അധികം മലയാളികൾ ആണെന്നതും നല്ല പങ്കും അടുത്ത കാലത്തു പണം നൽകിയ എത്തിയവർ ആണെന്നതും പ്രതിസന്ധി വർധിപ്പിക്കുന്ന ഘടകമാണ്. ഓരോ വർഷവും പണം ഉണ്ടാക്കാം എന്ന ധാരണയിൽ ഒരു വർഷത്തേക്കും രണ്ടു വർഷത്തേക്കും വിസ നൽകിയവർ അനേകമാണ്. ഈ വിസകൾ ഏപ്രിൽ ഒന്നു മുതൽ പുതുക്കാൻ എത്തുമ്പോൾ എന്താകും ഹോം ഓഫിസിന്റെ മറുപടി എന്നത് കണ്ടറിയണം.
വിസ പുതുക്കി നൽകിയാൽ പോലും അത്തരം വിസകളിൽ ആശ്രിതരായ കുടുംബ അംഗങ്ങൾക്ക് അവ നിക്ഷേധിക്കപെടുമ്പോൾ കുടുംബം ഒന്നാകെ തിരികെ മടങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ മുന്നിൽ ഉള്ളത്. ഇതിനെ എങ്ങനെ നേരിടും എന്ന പ്രതിസന്ധിയാണ് ഇപ്പോൾ കെയർ ഹോമുകൾ നേരിടുന്നത്. ചുരുങ്ങിയ സമയത്തിൽ പകരം ജീവനകകരെ കണ്ടെത്താനാകില്ല എന്നുറപ്പാണ്. യുകെയിൽ ഉള്ളവർ കുറഞ്ഞ ശമ്പളവും ജോലി ഭാരവും മൂലം കോവിഡിന് ശേഷം കെയർ ജോലികളോട് ഗുഡ്ബൈ പറഞ്ഞതാണ് പതിനായിരക്കണക്കിന് മലയാളികൾക്ക് യുകെയിൽ അവസരം ഒരുക്കിയത്. ഇതിൽ പകുതി പേരെങ്കിലും മടങ്ങിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും.
വിദ്യാർത്ഥി വിസക്കാരുടെ നിയമങ്ങൾ കടുപ്പിച്ച 2012ൽ ഹോം ഓഫിസ് വ്യാപകമായി നടത്തിയ തിരച്ചിലിൽ അന്ന് നൂറുകണക്കിന് മലയാളി ചെറുപ്പക്കാരാണ് ഉദ്യോഗസ്ഥരുടെ പിടിയിൽ അകപ്പെട്ടത്. വിസ നിയമം ലംഘിച്ചു അകാരണമായി യുകെയിൽ തുടർന്ന് എന്ന കാരണത്താൽ ഇവരെ നാട് കടത്തുന്നതിന് മുന്നോടിയായി അറസ്റ്റ് ചെയ്തു ഡിറ്റൻഷൻ സെന്ററിൽ എത്തിച്ച ഘട്ടത്തിലാണ് മലയാളികൾക്കിടയിൽ അറിയപ്പെടുന്ന നിയമ സേവന ദാതാക്കൾ എന്നവകാശപ്പെടുന്ന സ്ഥാപനങ്ങളുടെ കടന്നു വരവ്.
മകനോ മകളോ ഡിറ്റൻഷൻ സെന്ററിൽ ആണെന്ന വിവരവും അടുത്ത പ്ലെയിനിൽ നാട്ടിലെത്തും എന്നതും കേട്ട മാതാപിതാകകളും ബന്ധുക്കളും ഇവരെ പുറത്തിറക്കാൻ സഹായിക്കാം എന്ന വാഗ്ദാനവുമായി എത്തിയ മലയാളി നിയമ വിദഗ്ദ്ധർക്ക് പതിനായിരം പൗണ്ടാണ് അന്ന് ഫീസായി നൽകിയത്. ഹോം ഓഫിസിൽ നൽകാനുള്ള അപ്പീലിൽ ഇതിന്റെ പത്തു ശതമാനം പോലും ഫീസ് വേണ്ടാതിരുന്ന കാലത്താണ് വ്യാജ വാഗ്ദാനങ്ങൾ ഉറപ്പാക്കി പ്രധാനമായും ക്രോയ്ഡോൺ, ഈസ്റ്റ് ഹാം എന്നിവിടങ്ങളിലെ മലയാളി സ്ഥാപനങ്ങൾ ഈ വമ്പൻ തുക സ്വന്തവുമാക്കിയത് .
അന്ന് സംഭവിച്ചത് വീണ്ടും ആവർത്തിക്കപ്പെടാൻ സാധ്യത, ഡിപെൻഡന്റ് വിസയുടെ പേരിൽ അപ്പീലിന് പോയാൽ പണ നഷ്ടം മാത്രമായിരിക്കും സംഭവിക്കുക
അന്ന് ഹോം ഓഫിസ് പിടിയിലായ ചെറുപ്പക്കാരുടെ പതിനായിരം പൗണ്ട് കൂടി നഷ്ടമായതല്ലാതെ യാതൊരു പ്രയോജനവും ലഭിച്ചില്ല എന്നതാണ് സത്യം. അപ്പീൽ തള്ളിയതോടെ നമ്മളെന്തു ചെയ്യാനാണ് എന്ന് കൈമലർത്തുകയാണ് പണം പിടുങ്ങിയവർ ചെയ്തത്. അപേക്ഷകർ ഡിറ്റൻഷൻ സെന്ററിൽ ആയതോടെ മുഖാമുഖം കാണുക പോലും ചെയ്യാതെയാണ് ഒരു കാരണവശാലും അപ്പീൽ ലഭിക്കില്ല എന്നറിഞ്ഞിട്ടും ഈ കഴുത്തറുപ്പൻ പരിപാടിക്ക് മലയാളികളിൽ തന്നെ ചിലർ തയ്യാറായത് എന്നത് എക്കാലത്തേക്കും ഓർമ്മിപ്പിക്കപ്പെടാനും കാരണമാകേണ്ടതാണ്.
സർക്കാർ പ്രഖ്യാപിച്ച കുടിയേറ്റ നിയമത്തെ ഏതു പൗരനും അവകാശപ്പെട്ട ഒരു അപ്പീൽ നടപടികൊണ്ടു നിയമപരമായി തോൽപ്പിക്കാനാകില്ല എന്നറിയാത്തവരല്ല ഈ നിയമ വിദഗ്ദ്ധർ. പക്ഷെ കഴുത്തറ്റം മുങ്ങി നിൽക്കുന്നവന്റെ വായിലേക്ക് അൽപം മണ്ണുകൂടി കോരിയിട്ടു സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് വമ്പൻ തുക എത്തുന്നത് മാത്രം കണ്ടു കണ്ണ് മഞ്ഞളിച്ച ആ നിയമ വിദഗ്ധരൊക്കെ ഇന്ന് യുകെയിലെ അറിയപെടുന്ന ധനാഢ്യരായ മലയാളികൾ കൂടിയാണ്. അവരുടെ ശ്രേണിയിലേക്ക് കുറച്ചു പേരെ കൂടി എത്തിക്കാൻ സഹായിക്കുന്ന സാഹചര്യമാണ് ഇപ്പോൾ മലയാളികൾക്കിടയിൽ ഒരുങ്ങുന്നതെന്നു വ്യക്തം.
മുൻപ് യുകെയിൽ ഉണ്ടായിരുന്നതിന്റെ പല മടങ്ങു മലയാളികൾ ഇപ്പോൾ ഉള്ളതും സർക്കാർ തീരുമാനം പതിനായിരങ്ങളെ ബാധിക്കും എന്നും വ്യക്തമായതോടെ അടുത്ത ഏതാനും വർഷത്തേക്ക് ചാകര പ്രതീക്ഷിക്കുകയാണ് ഈ സ്വയം പ്രഖ്യാപിത നിയമ വിദഗ്ദ്ധർ. ഏതാനും വർഷം മുൻപ് ചിട്ടി പൊട്ടിച്ചു കിട്ടിയ പണവുമായി ലണ്ടനിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് മുങ്ങിയ നിയമ വിദഗ്ധൻ രണ്ടു ദിവസമായി വർഷങ്ങൾക്ക് ശേഷം തന്റെ പഴയ ചിട്ടി ഇടപാടുകാരെ തേടി എത്തിയിരിക്കുന്നത് ഈ ചാകര മനസ്സിൽ കണ്ടാണ് എന്ന് വ്യക്തം. ഡിപെൻഡന്റ് വിസക്കാരുടെ കാലാവധി പൂർത്തിയാകുമ്പോൾ അടുത്ത അപേക്ഷകൾ നിരസിക്കാൻ സാധ്യത ഉള്ളതിനാൽ വിസ അപേക്ഷയും തുടർന്ന് ലഭിക്കാൻ ഇടയുള്ള അപ്പീൽ കച്ചവടവും മൂലം ഓരോ അപേക്ഷകരിൽ നിന്നും ആയിരക്കണക്കിന് പൗണ്ടാണ് കഴുകൻ കണ്ണുള്ള ഈ നിയമ വിദഗ്ദ്ധർ ഇപ്പോൾ തന്നെ സ്വപനം കാണുന്നത്.
അതുകൊണ്ടാണ് വർഷങ്ങളായി മുങ്ങി നടക്കേണ്ടി വന്നയാൾക്ക് പൊടുന്നനെ പഴയ ചിട്ടി ഇടപാടുകാരെ ഓർമ്മ വന്നതും വരും നാളുകളിൽ താൻ മുഴുവൻ പണവും മടക്കി നൽകാമെന്നും വാഗ്ദാനം നൽകാനായതും. ഏകദേശം നാലഞ്ച് വർഷം കഴിഞ്ഞപ്പോഴാണ് പഴയ ഇടപാടുകളെ പറ്റി ഈ വ്യാജ നിയമ വിദഗ്ധന് ഓർമ്മ വന്നത് എന്നതും ശ്രദ്ധേയമാണ്. ഇയാൾ കൂടി പങ്കാളിയായ നിയമ സ്ഥാപനത്തിന്റെ പരസ്യമാണ് മലയാളി വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രാദേശിക മലയാളി സംഘടനകളുടെ ഫേസ്ബുക് പേജുകളിലും ഗ്രൂപ്പുകളിലും നിറയുന്നത്. ഏപ്രിൽ ഒന്നു മുതൽ കിട്ടാനിടയുള്ള കച്ചവടം മുന്നിൽ കണ്ടാണ് ഡിപെൻഡന്റ് വിസ ഹെൽപ് എന്ന വെണ്ടയ്ക്ക അക്ഷരത്തിൽ തയ്യാറാക്കിയ പരസ്യം പ്രത്യക്ഷപ്പെട്ടത് എന്ന് വ്യക്തം.
കഷ്ടപ്പെട്ട് പണിയെടുത്ത പണം പോലും പിടുങ്ങാൻ തയ്യാറെടുത്തു ''നിയമ സഹായക്കാർ'' വന്നേക്കും
എന്നാൽ ഈ പരസ്യങ്ങളിൽ കുടുങ്ങി കഷ്ടപ്പെട്ട് പണിയെടുത്ത പണം വീണ്ടും നഷ്ടപ്പെടുത്താണ് റിക്രൂട്മെന്റ് കെണിയിൽ കുടുങ്ങി എത്തിയ മലയാളികൾ ശ്രമിക്കുന്നതെങ്കിൽ യുകെയിൽ നിന്നുള്ള മടക്കം വെറും കയ്യോടെ ആകും എന്ന് ഉറപ്പായിരിക്കും. കാരണം കുടിയേറ്റം കുറയ്ക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കിയ നിയമത്തിന്റെ പേരിൽ വിസ അപേക്ഷകൾ നിരസിക്കപ്പെട്ടാൽ സ്വാഭാവികമായും അതിനു മുകളിൽ ഉള്ള അപ്പീലും നിരസിക്കപ്പെടാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
സർക്കാർ നയത്തിന് എതിരായ ഒരു നിലപാടിലേക്ക് ബ്രിട്ടനിലെ ഹോം ഓഫിസ് ജീവനക്കാർ നീങ്ങും എന്ന പ്രതീക്ഷ പോലും ബ്രിട്ടനെ കുറിച്ചുള്ള ധാരണയില്ലായ്മയിൽ നിന്നും സംഭവിക്കുന്നതാണ്. ഇത്തരം കാര്യങ്ങളിൽ സർക്കാരിനേക്കാൾ ശുഷ്കാന്തി കാട്ടുന്നവരാണ് സാധാരണ സർക്കാർ ജീവനക്കാർ. കാരണം കുടിയേറ്റം മൂലമുള്ള കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരുന്ന സാധാരണ ജനത്തിന്റെ പ്രതിനിധികൾ കൂടിയാണ് ഈ ജീവനക്കാർ.
അതിനാൽ തള്ളിക്കളയാവുന്ന ഓരോ അപേക്ഷയും ആ നിലപാടിലൂടെ തന്നെയാകും അവർ പരിഗണിക്കുക. അതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോൾ സിഒഎസിലും പോസ്റ്റ് സ്റ്റഡി വിസക്കാർ നേരിടുന്ന സ്പോൺസർഷിപ്പിലും നിലനിൽക്കുന്ന അപ്രഖ്യാപിത നിരോധനം. ഈ രണ്ടു കാര്യങ്ങൾക്കും സർക്കാർ തടസം ഉയർത്തിയിട്ടില്ലെങ്കിലും സിഒഎസ് ലഭിക്കാൻ ഇപ്പോൾ മാസങ്ങളാണ് കാത്തിരിക്കേണ്ടി വരുന്നത്.
പ്രൊഫഷനുകളായ ചെറുപ്പക്കാരെ ജോലിക്കെടുക്കാൻ വമ്പൻ കമ്പനികൾക്ക് ഒരു തടസവും സർക്കാർ ഉയർത്തിയിട്ടില്ലെങ്കിലും യുകെയിൽ പഠിച്ചിറങ്ങിയ വിദേശ വിദ്യാർത്ഥികൾ മികച്ച ജോലികൾക്കായി അപേക്ഷിക്കുമ്പോൾ സ്പോൺസർഷിപ് ലഭിക്കുന്നതല്ല എന്ന് ജോലിക്കു വേണ്ടിയുള്ള പരസ്യത്തിൽ ഏറ്റവും പ്രാധാന്യത്തോടെ കമ്പനികൾ നൽകുന്നതും സർക്കാരിന്റെ മനസ്സിലിരിപ്പ് വ്യക്തമായതോടെയാണ്. അടുത്ത തിരഞ്ഞെടുപ്പ് കാലം വരെയെങ്കിലും ഈ നിലപാട് തുടരും എന്ന് വ്യക്തം. സ്വകാര്യ കമ്പനികൾ പോലും സർക്കാർ നയത്തെ മുറുകെ പിടിക്കാൻ തയാറാകുമ്പോഴാണ് ഹോം ഓഫിസ് തീരുമാനത്തെ ചോദ്യം ചെയ്തു യുകെയിൽ കഴിയാൻ അവസരം നൽകാമെന്ന മോഹന വാഗ്ദാനവുമായി കഴുത്തറപ്പൻ നിയമ സേവന ദാതാക്കൾ തയ്യാറായി രംഗത്ത് വന്നത് എന്നാണ് രസകരം.
കെയർ വിസക്കാരും കുടുംബവും വീണ്ടും ചൂഷണം നേരിടേണ്ടി വരുമോ?
എന്നാൽ ഇവരാകട്ടെ ഒരു സൗജന്യ സേവന പദ്ധതി അവതരിപ്പിക്കാൻ തയ്യാറുണ്ടോ എന്ന ചോദ്യം കേൾക്കാൻ പോലും തയ്യാറാകാതെ മുങ്ങിക്കളയും. നിരവധി മലയാളി സംഘടനകളും അവയുടെ ഒക്കെ തലപ്പത്തു നിയമ വിദഗ്ധരും ഒക്കെ സാമൂഹ്യ സേവനം എന്ന പേരുമായി രംഗത്തുണ്ടെങ്കിലും ഇവരാരും തന്നെ പ്രയസത്തിൽ അകപ്പെടുന്ന ഏതെങ്കിലും ഒരു മലയാളിക്ക് സൗജന്യ സേവനത്തിനു തയ്യാറല്ല എന്നതും കച്ചവട ലക്ഷ്യത്തോടെ വരുന്നവരെ കാണുമ്പോൾ പറയാതെ വയ്യ. ലോക് കേരള സഭ അംഗമായ ഒരു മലയാളി അഭിഭാഷകൻ മാത്രമാണ് ഇതിനു അപവാദമായി പലപ്പോഴും മാനുഷിക പരിഗണനയോടെ സൗജന്യ സേവനത്തിനു തയ്യാറാകുന്നത്.
എന്നാൽ ബ്രിട്ടീഷ് മലയാളിയിൽ എത്തുന്ന സഹായം തേടിയുള്ള അന്വേഷണങ്ങൾ ഇദ്ദേഹത്തിലേക്ക് എത്തുക വഴി രാപ്പകൽ പണിയെടുത്താൽ തീരാത്ത വിധം നിയമ പ്രശ്നങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കേസുകൾ നടത്തിയ ശേഷം മാത്രമേ മലയാളികൾക്കായി സൗജന്യ സേവനം നൽകാനാവൂ എന്നത് കുറഞ്ഞ എണ്ണം കേസുകൾ മാത്രം കൈകാര്യം ചെയ്യാൻ അദ്ദേഹത്തെ നിർബന്ധിതനാക്കുകയാണ്. തന്റെ പേര് പോലും ഒരിടത്തും വെളിപ്പെടുത്തരുത് എന്ന് വർഷങ്ങളുടെ സേവന പാരമ്പര്യം ഉള്ള ആ അഭിഭാഷകൻ പറയുന്നതും സൗജന്യ സഹായം തേടിയെത്തുന്ന വിളികളുടെ എണ്ണം ഭയന്ന് മാത്രമാണ്.
ഈ സാഹചര്യത്തിൽ ചൂഷണത്തിന് കച്ച കെട്ടി ഇറങ്ങുന്ന നിയമ സഹായ കച്ചവടക്കാരെ തുരത്താൻ മാനുഷിക പരിഗണന നൽകാൻ തയ്യാറുള്ള അഭിഭാഷക സംഘം തയ്യാറാകുമോ എന്നാണ് യുകെ മലയാളി സമൂഹത്തിനു ഇനിയുള്ള ദിവസങ്ങളിൽ അറിയാനുള്ളത്. അതല്ല, ഒറ്റയടിക്ക് എത്തുന്ന വമ്പൻ തുകയിലാണ് ഇവരുടെയെല്ലാം കണ്ണ് എങ്കിൽ യുകെ മലയാളി സമൂഹം മറ്റൊരു ചൂഷണത്തിന് കൂടി എതിരായി ശബ്ദം ഉയർത്തേണ്ടി വരുന്ന സാഹചര്യമാണ് മുന്നിൽ എത്തിയിരിക്കുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.