- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിലെത്തി 10 സെക്കൻഡുകൊണ്ട് തുരുതുരാ വെടി; ശേഷം കാണാതാവും; പാക്കിസ്ഥാനിൽ ഈവർഷം മാത്രം കൊല്ലപ്പെട്ടത് ഇന്ത്യ തിരയുന്ന 16 കൊടും ഭീകരർ; പിന്നിൽ സിന്ധി തീവ്രവാദ സംഘടനയല്ല 'റോ' തന്നെയെന്ന് പ്രചാരണം; പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരർ ഭയന്നുവിറച്ച് ഒളിവിൽ
ഇസ്ലാമബാദ്: ലഷ്‌ക്കറെ ത്വയ്യിബ, ജെയ്ഷേ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ പേരുകൾ ഒരുകാലത്ത് നാം പത്രങ്ങളിലൂടെ വായിക്കാറുണ്ടായിരുന്നു. കാശ്മീരിൽ അടക്കം ഓരോ ഭീകരാക്രമണം നടക്കുമ്പോഴും കേൾക്കാറുള്ളത് ഇവരുടെ പേരുകൾ ആണ്. എന്നാൽ കാശ്മീർ ഇന്ന് ശാന്തമാവുകയാണ്. ഭീകരതയെ അമർച്ച ചെയ്ത് ഈ സംസ്ഥാനത്തിലേക്ക് ഇന്ന് സഞ്ചാരികളുടെ കുത്തൊഴുക്കാണ്. നൂറിലേറെ സിനിമകളാണ് ഇപ്പോൾ കാശ്മീരിൽ ചിത്രീകരിക്കപ്പെടുന്നത്. അതേസമയം ഇന്ത്യയിൽ നുഴഞ്ഞ് കയറി ഭീകരാക്രമണം നടത്തി പാക്കിസ്ഥാനിൽ ഒളിക്കുന്ന ഭീകർ ആവട്ടെ ഇപ്പോൾ ഭീതിയിലാണ്. ഈ വർഷം മാത്രം, 16 ഭീകരരാണ് പാക്കിസ്ഥാന്റെ മണ്ണിൽ വെടിയേറ്റുവീണത്. ആദ്യം എല്ലാവരും സംശയിച്ചിരുന്നത്, സിന്ധി തീവ്രവാദ സംഘടനയായ, സിന്ധുദേശ് ലിബറേഷൻ ആർമിയെ ആയിരുന്നു. എന്നാൽ അവർക്ക് ഇതുപോലെ ഒരു ആക്രമണം നടത്താനുള്ള കഴിവ് ഇല്ലെന്നും, ഇതിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ, റോ തന്നെയാണെന്നുമാണ് പാക്ക് മാധ്യമങ്ങൾ വിലയിരുത്തുന്നത്.
ഭീകരരെ ഓരോരുത്തരെയായി തിരഞ്ഞെടുത്തുകൊല്ലുകയാണ് അജ്ഞാത സംഘം. പാക്കിസ്ഥാനിൽ ഇതുവലിയ ചർച്ചയായിരിക്കയാണ്. ദി സൺഡേ ഗാർഡിയന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 18 ഭീകരരെങ്കിലും പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി മുതൽ കൊല്ലപ്പെട്ടത് 16 ഭീകരരാണ്. പാക്കിസ്ഥാനിലെ കറാച്ചി, സിയാൽകോട്ട്, പിഒകെയിലെ നീലം താഴ്‌വര, ഖൈബർ പഖ്തൂൺഖ്വ, റാവൽകോട്ട്, റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളിൽ സമീപകാലത്ത് അജ്ഞാതരായ തോക്കുധാരികൾ ഇത്തരം കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്. എല്ലായിടത്തും മോഡസ് ഓപ്പറൻഡി ഒന്നുതന്നെയാണ്.
പത്തുസെക്കൻഡിൽ കൊല
മിക്കയിടത്തും ബൈക്കുകളിൽ വന്ന് കൊല നടത്തുകയാണ് അജ്ഞാതരുടെ പതിവ്. വെറും 10 സെക്കന്റുകൾക്കുള്ളിലാണ് ഈ കൊലപാതകം നടക്കുന്നത്. പാക് ഏജൻസികൾക്ക് പോലും എന്താണ് സംഭവിക്കുന്നതെന്ന് ഇനിയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഞൊടിയിടയിൽ കൃത്യം നടത്തി ഈ ഷാപ്പ് ഷൂട്ടർമാർ അപ്രത്യക്ഷർ ആവുകയാണ്. ഇത് പാക്കിസ്ഥാനിൽ മാത്രമല്ല, അഫ്ഗാനിലും, കാനഡയിലുമൊക്കെ ആവർത്തിക്കയാണ്. ഇത്തരം കുറ്റമറ്റ കൊലപാതകങ്ങൾക്ക് മാസങ്ങളോളം മാനസികവും ശാരീരികവുമായ അഭ്യാസങ്ങളുള്ള പരിശീലനം ലഭിച്ച ആളുകൾ ആവശ്യമാണെന്നത് വ്യക്തമാണ്.
ജൂണിൽ കാനഡയിൽ വെച്ച് ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ അജ്ഞാതരായ തോക്കുധാരികൾ കൊലപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. ഇതിന്റെ പേരിൽ വഷളായ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം ഇനിയും ശരിയായിട്ടില്ല. കൊലക്കുപിന്നിൽ റോ ആണെന്നാണ് കനേഡിയൻ പ്രാധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിക്കുന്നത്. അതുപോലെ പാക്കിസ്ഥാനിലും കൊലപാതക പരമ്പരകളാണ് നടക്കുന്നത്.
പാക്കിസ്ഥാനിലെ വാർത്താ സോഴ്സുകളുമായി സംസാരിച്ചുകൊണ്ട് ദി സൺഡേ ഗാർഡിയന് സ്ഥിരീകരിച്ചത്, ഈ കൊലയാളി സംഘത്തെ ഭയന്ന് ഭീകര നേതാക്കൾ ഇപ്പോൾ അണ്ടർഗ്രൗണ്ടിലാണെന്നാണ്. റോയുടെ ഹിറ്റ്ലിസ്റ്റിൽ ഇനിയും ഭീകരർ ഉണ്ടെന്നാണ് ആരോപണം. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ പശ്ചാത്തലത്തിൽ അന്വേഷണം നടത്തിയിട്ടും ഈ കൊലപാതകങ്ങളിലെ പ്രതികളെ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
സൺഡേ ഗാർഡിയന്റെ അന്വേഷണത്തിൽ ഐസ്ഐയിലെ പൊതുവായ ചർച്ച, ഈ ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയുടെ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങാണ് എന്നതാണ്. 'റോ ഇതിന് പിന്നിൽ ഉണ്ടെന്ന് അവർ ഒരിക്കലും ഇത് അംഗീകരിക്കില്ലെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്. അജ്ഞാതരെക്കുറിച്ചുള്ള ഈ ഭയം ഉള്ളതിനാൽ നേതൃത്വത്തിലുള്ളവർക്കും അസ്വസ്ഥതയുണ്ട്. പലരും സമാനമായ വിധി ഭയന്ന് ഒളിവിൽ പോയവരാണ്. ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെയും സ്വകാര്യ സംഭാഷണത്തിലെയും ചർച്ച റോ ആണ്. ''-ലഷ്‌കറിന്റെ ഒരു മുൻ അംഗം സൺഡേ ഗാർഡിയൻ ലേഖകനോട് പറയുന്നു. ഇതിന് പിന്നിലുള്ളവരെ തിരിച്ചറിയുന്നതിലും ഈ കൊലപാതകങ്ങൾ തടയുന്നതിലും പരാജയപ്പെട്ടതിന് പാക്കിസ്ഥാൻ സുരക്ഷാ സ്ഥാപനത്തിനെതിരെ ഉയർന്ന തലത്തിലുള്ള രോഷമുണ്ടെന്ന് അയാൾ വെളിപ്പെടുത്തുന്നു.
പിന്നിൽ റോയോ സിന്ധുദേശ് ആർമിയൊ?
അതേസമയം ഇത്തരം കാര്യങ്ങൾ ഇന്ത്യാ ഗവൺമെന്റ് അതിശക്തമായി നിഷേധിക്കയാണ്. ഇത്തരം നടപടികൾ തങ്ങൾ വർഷങ്ങളായി പിന്തുടരുന്ന നയത്തിന്റെ ഭാഗമല്ലെന്നാണ് ഇന്തൻ നയതന്ത്രവൃത്തങ്ങൾ പറയുന്നത്. മറുവശത്ത്, അമേരിക്കൻ ഐക്യനാടുകളിലെയും ഇസ്രയേലിലെയും സർക്കാരുകൾ, തങ്ങളുടെ ശത്രുവായി തിരിച്ചറിഞ്ഞ ആളുകൾക്കെതിരെ വിദേശ മണ്ണിൽ ഇത്തരം കൊലപാതകങ്ങൾ നടത്തുന്നത് പരസ്യമായി അംഗീകരിക്കാറുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഒസാമ ബിൻലാദന്റെ കൊലപാതകം അതുപോലെ, 1972-ലെ മ്യൂണിച്ച് കൂട്ടക്കൊലയിൽ പങ്കുള്ള വ്യക്തികളെ ഇസ്രയോൽ ചാരസംഘടനയാ മൊസാദ് ഒന്നൊന്നായി വധിച്ചതും മറക്കാൻ കഴിയില്ല.
അതിനിടെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യ ആസ്ഥാനമായുള്ള സിന്ധി തീവ്രവാദ സംഘടനയായ സിന്ധുദേശ് ലിബറേഷൻ ആർമി എന്ന അധികം അറിയപ്പെടാത്ത സംഘടനയാണ് രാജ്യത്ത് അടുത്തിടെ നടന്ന ചില കൊലപാതകങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ ഇത് ചുളുവിൽ നടത്തുന്ന പ്രശസ്തിക്കായുള്ള പരിപാടി മാത്രമാണെന്നും ഇത്തരം വലിയ ഓപ്പറേഷൻ നടത്താനുള്ള കഴിവൊന്നും അവർക്കില്ലെന്നുമാണ് പാക് ഏജൻസികളുടെ അന്വേഷണത്തിൽനിന്ന് വ്യക്തമാവുന്നത്.
കൊല്ലപ്പെട്ടവർ ഇവർ
2023ൽ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടവരുടെ ലിസ്റ്റും ആക്രമണം നടന്ന് സ്ഥലങ്ങും ചൂവടെ.
1 അദ്‌നാൻ അഹമ്മദ് അഥവാ ഹൻസ്ല അഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഡിസംബർ, കറാച്ചി.
2 ഖ്വാജ ഷാഹിദ്, ലഷ്‌കർ-ഇ-തയ്യബ, നവംബർ, നീലം താ്ഴ്‌വര, പി ഒ കെ.
3 അക്രം ഗസ്സി, ലഷ്‌ക, നവംബർ, ഖൈബർ പഖ്തൂൺഖ്വ.
4 റഹീം ഉള്ളാ താരീഖ്, ജയ്ഷ്-ഇ-മുഹമ്മദ്, നവംബർ, കറാച്ചി.
5ദാവൂദ് മാലിക്-വടക്കൻ വസീറിസ്ഥാൻ- ജെയ്ഷിന്റെ മൗലാന മസൂദ് അസ്ഹറിന്റെ അടുത്ത സഹായി
6 ഷാഹിദ് ലത്തീഫ്, ജെയ്ഷ്, ഒക്ടോബർ, സിയാൽകോട്ട്.
7 മൗലാന റഹ്‌മാൻ, ലഷ്‌കർ, സെപ്റ്റംബർ, കറാച്ചി
8 മുഫ്തി കൈസർ, ലഷ്‌കർ, സെപ്റ്റംബർ, കറാച്ചി.
9 മുഹമ്മദ് റിയാസ് എന്ന അബു കാസിം, സെപ്റ്റംബർ, റാവൽകോട്ട്, പിഒകെ.
10 സർദാർ ഹുസൈൻ അരയിൻ, ലഷ്‌കർ, കറാച്ചി.
11 പരംജിത് പഞ്ച്വാർ, ഖാലിസ്ഥാൻ ഫോഴ്സ്, മെയ്, ജോഹർ ടൗൺ, ലാഹോർ.
12 ഖാലിദ് ബഷീർ, ലഷ്‌കർ, മെയ്, ലാഹോർ.
13സയ്യിദ് നൂർ ഷലോബർ -മാർച്ച്, ഖൈബർ പഖ്തൂൺഖ്വ മേഖല.
14 ബഷീർ അഹമ്മദ് പീർ, എന്ന ഇന്തിയാസ് ആലം, ഹിസ്ബുൾ മുജാഹിദീൻ, ഫെബ്രുവരി, റാവൽപിണ്ടി.
15 സയ്യിദ് ഖാലിദ് രാജ, അൽ ബദർ, ഫെബ്രുവരി, കറാച്ചി.
16 ഐജാസ് അഹമ്മദ് അഹാംഗർ - ഫെബ്രുവരി, അഫ്ഗാനിസ്ഥാനിലെ കുനാർ
പ്രവിശ്യ.
2022ൽ കൊല്ലപ്പെടവർ
1 സഹൂർ മിസ്ത്രി എന്ന സഹിദ് അഖുണ്ട്, ലഷ്‌കർ, മാർച്ച്, കറാച്ചി
2 സഫ്രുല്ല ജമാലി, ലഷ്‌കർ, മാർച്ച്, കറാച്ചി
2021ൽ കൊല്ലപ്പെട്ടാർ
1 അബ്ദുൽ സലാം ഭൂട്ടവി, ലഷ്‌കർ, മെയ്.
2018ൽ കൊല്ലപ്പെട്ടവർ
1 മുഹമ്മദ് ഇസ്മാഈൽ, ലഷ്‌കർ, പിഒകെ, ഫെബ്രുവരി.
ഇത്രയും പേർ കൊല്ലപ്പെട്ടിട്ടും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും കിട്ടിയിട്ടില്ല എന്നതാണ് ഏറ്റവും വിചിത്രം. കൃത്യമായ ആസുത്രണവും, വർഷങ്ങൾ നീണ്ട പരിശീലനവും ഇല്ലാതെ ഇതുപോലെ ഒരു കില്ലർ സ്‌ക്വാഡ് ഉണ്ടാക്കാൻ കഴിയില്ല എന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ ഐഎസ്ഐ സംശയിക്കുന്നത്, ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ ബുദ്ധിയാണ് ഇതിന് പിന്നിൽ എന്നാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ