- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി മലയാളികൾ പണിയെടുക്കുന്ന ആരോംകോ എണ്ണക്കമ്പനി ആക്രമിച്ചവർ; മക്കയ്ക്കുനേരെ മിസൈൽ അയച്ചവർ; കണ്ണ് ചൂഴ്ന്നെടുക്കലും മറ്റുമായി ഐസിസ് മോഡൽ ക്രൂരതകൾ; ഇപ്പോൾ ചെങ്കടലിലും നാശം വിതക്കുന്നു; 20 രാജ്യങ്ങളുടെ സഖ്യം രൂപീകരിച്ച് ഹൂതികളെ ഒതുക്കാൻ യുഎസും ഇസ്രയേലും
ഇസ്രായേലിനെ എതിർക്കുന്ന എന്ത് സാധനവും കേരളത്തിലും പൊതുവെ ചക്കരയാണ്. അതുകൊണ്ടുതന്നെ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം നടന്ന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന യമനിലെ ഹൂതികളെയും, നമ്മുടെ ചില മാധ്യമങ്ങൾ പോരാളികൾ ആക്കുകയാണ്. ഗസ്സയിൽ സമാധാനത്തിനുവേണ്ടിയുള്ള പേരാട്ടമാണ് ഹൂതികൾ നടത്തുന്നത് എന്നാണ് കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളുടെ വാദം. എന്നാൽ ഷിയാ ഐസിസ് എന്ന് അറിയപ്പെടുന്ന ഹൂതികൾ, കണ്ണ് ചൂഴ്ന്നെടുക്കലും എണ്ണയിൽ മുക്കി തൊലിയുരിച്ച് കൊല്ലലും അടക്കമുള്ള ശിക്ഷകൾ നടപ്പാക്കി ക്രൂരതയിൽ ഡോക്ടേററ്റ് എടുത്തവരാണ്. ഒരുവേള സുന്നി രാഷ്ട്രമായ സൗദിയോടുള്ള വിരോധം കാരണം ഇസ്ലാമിന്റെ ഏറ്റവും പ്രധാന കേന്ദ്രമായ മക്കയ്ക്കും, മദീനക്കും നേരെപ്പോലും, ഇവർ മിസൈൽ അയച്ചു! സൗദി അത് തടഞ്ഞതുകൊണ്ടുമാത്രം വലിയ ദുരന്തം ഒഴിവായി.
അതുപോലെ മലയാളികൾ അടക്കമുള്ള ആയിരക്കണക്കിനുപേർ ജോലിചെയ്യുന്ന ആരാംകോ എന്ന എണ്ണക്കമ്പനിയെയും ഹൂതികൾ ആക്രമിച്ചിരുന്നു. ഇത് ആ മേഖലയിൽ കടുത്ത സാമ്പത്തിക മാന്ദ്യത്തിനുപോലും ഇടയാക്കി. ഇപ്പോഴും യമനിലെ ഹൂതികൾക്ക് എതിരെ 40 അറബ് രാജ്യങ്ങൾ പോരാട്ടത്തിൽ ആണെന്ന് ഓർക്കണം.
ഇപ്പോൾ ഗസ്സക്കുവേണ്ടി ചെങ്കടലിൽ പോരാടുന്ന പോരാളികൾ എന്ന ഇമേജാണ് ചില മാധ്യമങ്ങൾ ഹൂതികൾക്ക് നൽകുന്നത്. അവരുടെ ജന്മ സിദ്ധമായ തീവ്രവാദത്തെ ഇവർ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാൽ ഹൂതികൾക്ക് ആളും അർത്ഥവും നൽകുന്നത് ഇറാൻ ആണ്. ഇപ്പോൾ ഹമാസിനെ ഖത്തർ ഒഴിച്ചുള്ള ഒറ്റ അറബ് രാഷ്ട്രവും പിന്തുണക്കുന്നില്ല. പകരം ആയുധങ്ങളും പണവും അടക്കം നൽകി ഹമാസിനെ നിലനിർത്തുന്നത്, ഇറാൻ ആണെന്നത് എല്ലാവർക്കും അറിയാം. ഇറാനും ഷിയാ രാഷ്ട്രമാണ്. ഹൂതികളും ഷിയാക്കളാണ്. ഈ വികാരമാണ്, ഹൂതികളെ നയിക്കുന്നത്. സുന്നി- ഷിയാ എന്ന ഇസ്ലാമിന്റെ തുടക്കം മുതലുള്ള പ്രശ്നം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും നിലനിൽക്കയാണ്.
ക്രൂരത കൊണ്ട് ഞെട്ടിക്കുന്നവർ
കേരളത്തിൽ ഹൂതികളെക്കുറിച്ചുള്ള വാർത്ത കേട്ടാൽ ഇവർ മനുഷ്യാവകാശ പ്രവർത്തകരാണെന്നാണ് തോന്നിപ്പോവുക. പക്ഷേ രണ്ടുലക്ഷത്തോളം പേരുടെ മരണത്തിന് ഉത്തരവാദികളാണ് ഇവർ. അതാണ് യമനിൽ സംഭവിച്ചത്. ആഭ്യന്തര യുദ്ധംമൂലം ഹൂതികൾ യമനെ ഒരു പട്ടിണി രാഷ്ട്രമാക്കി.
യമനിലെ ഷിയാ വിഭാഗമായ സയിദി എന്നറിയപ്പെടുന്ന ഒരു ഇസ്ലാമിക ശാഖയാണ് ഹൂതികൾ. സുന്നികൾ സയിദികളെ അടിച്ചമർത്തുന്നതിനോടുള്ള ചെറുത്തുനിൽപ്പായാണ് ഹൂതി മുന്നേറ്റം തുടങ്ങിയത്.ഹുസൈൻ അൽ-ഹൂതി എന്ന നേതാവിന്റെ പേരിൽ നിന്നാണ് ഹൂതികൾ ആ പേര് സ്വീകരിക്കുന്നത്. ഇയാൾ സ്ഥാപിച്ച സംഘമാണ് പിന്നീട് ഹൂതികളായി രൂപാന്തരം പ്രാപിച്ചത്.
1990വരെ സോവിയറ്റ് നിയന്ത്രണത്തിലുള്ള കമ്യൂണിസ്റ്റ് രാഷ്ട്രമായ തെക്കൻ യമനും, സുന്നി രാഷ്ട്രമായ വടക്കൻ യമനുമായി രണ്ട് രാജ്യങ്ങളായിരുന്നു ഈ നാട്. സോവിയറ്റ് യൂണിയന്റെ പിടി അയഞ്ഞതോടെ, ജർമ്മനി ഒന്നായപോലെ, ഐക്യ യമൻ പിറന്നു. അലി അബ്ദുള്ള സലേ രാഷ്ട്രത്തലവനായി. 1990ൽ പുതിയ ഭരണഘടന വന്നു. പക്ഷേ, സലേയുടെ ഭരണരീതികൾ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കി. സലേ അവഗണിക്കുന്നുവെന്ന് ഷിയാ വിഭാഗമായ സെയ്ദികൾ ആരോപിച്ചു. അവർ അട്ടിമറി ശ്രമം നടത്തുന്നുവെന്ന് സലേയും.
1990 കളിൽ ആണ് ഹൂതികൾ ശക്തി പ്രാപിക്കുന്നത്. 2004 ൽ ഹുസൈൻ അൽഹൂതിയുടെ മരണത്തിന് ഇടയാക്കിയ സർക്കാരിന്റെ സൈനിക നീക്കമാണ് ഹൂതികളെ സായുധ ആക്രമണങ്ങളിലേക്ക് നയിച്ചത്. ഇതോടെ ലക്ഷണമെത്ത ഒരു ഭീകരവാദ സംഘടനയായി ഹൂതികൾ മാറി. ഇറാന്റെ പിന്തുണതോടെ വളരെ പെട്ടെന്ന് ലബനനിലെ ഹിസ്ബുല്ലയെപ്പോലെ ആധുനികോത്തര ആയുധങ്ങളുമുള്ള സൈനിക സ്വഭാവമുള്ള സംഘടനയായി മാറി.
2011ൽ ഏകാധിപതികളായ അറേബ്യൻ രാജ്യങ്ങളിലെ ഭരണകർത്താക്കൾക്ക് എതിരെയുണ്ടായ മുല്ലപ്പൂ വിപ്ലവം എന്ന് പേരിട്ട സായുധകലാപങ്ങൾ ഫലത്തിൽ ഹൂതികൾക്കും ഗുണം ചെയ്തു. 33 വർഷം അധികാരത്തിലിരുന്ന പ്രസിഡന്റ് അലി അബ്ദുള്ള സലേയെ പുറത്താക്കാൻ യമെൻ ജനത തെരുവിലിറങ്ങി. വ്യാപകപ്രക്ഷോഭങ്ങൾ, ഉപരോധങ്ങൾ, വധശ്രമം, അയൽരാജ്യങ്ങളുടെ സമ്മർദം. എല്ലാമായപ്പോൾ സലേ രാജിവെച്ചു. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് അബ്ദ്റബ്ബോ മൻസൂർ ഹാദി പ്രസിഡന്റായി. ആഭ്യന്തരയുദ്ധം തുടങ്ങി. ഇതോടെ ഹൂതികൾ സ്വന്തം സൈന്യം തന്നെ രൂപീകരിച്ചു.
പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു നടന്നത്. യമനിലെ പ്രധാന കേന്ദ്രങ്ങൾ മുഴുവൻ ഹൂതികൾ പിടിച്ചടക്കി. സർക്കാരും സൈന്യവും പ്രതിരോധത്തിലായി. എതിർക്കുന്നവരെ പല്ലിന് പല്ല് കണ്ണിന് എന്ന ശൈലിയിൽ നേരിട്ടു. തങ്ങളിൽ ഒരാളെ കൊന്നാൽ പത്താളെ കൊന്ന് പകവീട്ടുക എന്നതാണ് ഹൂതികളുടെ ശൈലി. തലവെട്ടലും, കണ്ണ് ചൂഴ്്ന്ന് കൊല്ലലും, തിളപ്പിച്ച എണ്ണയിൽ മുക്കി തൊലിയിരിച്ച് കൊല്ലലുമെല്ലാമായി ക്രൂരതയുടെ പരമ്പരകൾ. അങ്ങനെ ഒരുവേള ഷിയാ ഐസിസ് എന്നപേര് ഞെട്ടലോടെ ലോകം ഇവർക്ക് നൽകി. 2014 സെപ്റ്റംബറിൽ ഹൂതികൾ തലസ്ഥാനമായ സനാ ആക്രമിച്ചു. നിയന്ത്രണം പിടിച്ചെടുത്തു. ഹാദി സൗദി അറേബ്യയിൽ അഭയം തേടി. എന്നാൽ സുന്നി രാജ്യമായ സൗദി അടക്കമുള്ളവർക്ക് ഇത് പിടിച്ചില്ല. ഷിയകൾ ഒരു സുന്നി രാഷ്ട്രത്തിൽ അധികാരം പിടിക്കയോ. അവർ ഒമ്പത് സഖ്യരാഷ്ട്രങ്ങളെയും ചേർത്ത് യമനെതിരെ പടനയിച്ചു. ആ യുദ്ധം ഇന്നും എവിടെ എത്തിയിട്ടില്ല.
2015 മുതൽ യെമനിൽ തുടരുന്ന സൗദി സഖ്യസേനയും ഹൂതി വിമതരും തമ്മിലുള്ള പേരാട്ടത്തിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. സൗദിയുടെ ബോംബിങ്ങിൽ ഗസ്സക്ക് സമാനമായി കുട്ടികൾ കൊല്ലപ്പെട്ടു. പക്ഷേ കൊല്ലുന്നത് മുസ്ലീങ്ങൾ പരസ്പരം ആയതുകൊണ്ടാവാം കേരളത്തിൽ റാലികളും ഹർത്താലുകളും ഒന്നു നടന്നില്ല. ഫലസ്തീൻ സംഘർഷങ്ങളിൽ എന്നപോലെ ഇവിടെയും അടിസ്ഥാന കാരണം മതം തന്നെയാണ്. പിന്നീട് സൗദിയുടെ നേതൃത്വത്തിൽ വെടിനിർത്തലുണ്ടായി. ഇപ്പോൾ മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ട യമന്റെ ഒരു ഭാഗം ഭരിക്കുന്നത് തന്നെ ഹൂതികൾ ആണ്
ചെങ്കടലിനെ ചോരക്കളമാക്കുന്നു
ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ജലഗതാഗത മാർഗമാണ് സൂയസ് കനാൽ. ചെങ്കടലിന്റെ വടക്കൻ ഭാഗത്താണിത്. 193 കിലോമീറ്റർ നീളവും ഇപ്പോൾ 200 മീറ്ററിനടുത്ത് വീതിയുമുള്ള ഈ കനാൽ ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇതാണ് യൂറോപ്പിലേക്കുള്ള എളുപ്പവഴി. ഇവിടം ബ്ലോക്ക് ആയാൽ യൂറോപ്പ് സാമ്പത്തികമായി തകരും.
ചെങ്കടലിലെ ബാബ് എൽമാൻഡെബ് കടലിടുക്കിലാണ് ഹൂതികൾ ആക്രമണം നടത്തുന്നത്. ചെങ്കടലിന്റെ തെക്കൻ ഭാഗമാണ് ഇവിടം. ചെങ്കടലിനെ ഏദൻ കടലിടുക്കിലൂടെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നത് ബാബ്എൽമാൻഡെബ് കടലിടുക്കാണ്. 26 കിലോമീറ്റർ മാത്രം വീതിയുള്ള ഇവിടം കേന്ദ്രീകരിച്ചാണ് ഹൂതികൾ ആക്രമണം നടത്തുന്നത്. വടക്കൻ യമനിനോട് ചേർന്ന് കിടക്കുന്ന ഇവിടം പൂർണ്ണമായും ഹൂതികളുടെ നിയന്ത്രണത്തിലാണ്.
ഇസ്രയേലിനെ മെരുക്കുക എന്നതു തന്നെയാണ് ചെങ്കടൽ ആക്രമണം വഴി ഹൂതികൾ ലക്ഷ്യമിടുന്നത്. ഇസ്രയേലിൽ എത്തുന്ന 99% ചരക്കുകളും കടൽ വഴിയാണ്. അതിൽ തന്നെ 40% ചരക്കുകളും എത്തുന്നത് സൂയസ് കനാൽ വഴിയും. ഇവിടം ഉപരോധിക്കപ്പെട്ടാൽ യൂറോപ്പിലെ മൊത്തം ചരക്കുനീക്കത്തെ അത് ബാധിക്കും. ആഗോള സാമ്പത്തിക മാന്ദ്യംപോലും ഇതുമൂലം ഉണ്ടാവും.
ഗസ്സയിൽ ഇസ്രയേൽ അതിക്രമം അവസാനിപ്പിക്കുന്നതുവരെ ചെങ്കടൽ വഴി ഇസ്രയേലിന്റെയോ അവരുമായി ബന്ധമുള്ള മറ്റുള്ളവരുടെയോ കപ്പലുകൾ പോകാൻ അനുവദിക്കില്ലെന്നാണ് യമനിലെ ഹൂതി വിഭാഗത്തിന്റെ നിലപാട്. 11 കപ്പലുകൾക്കുനേരെ ഇതിനകം ആക്രമണമുണ്ടായി. ഒരു കപ്പൽ പിടിച്ചെടുത്ത് യമൻ തീരത്ത് അടുപ്പിച്ചിരിക്കുകയാണ്. തുടർന്ന് ലോകത്തിലെ പ്രമുഖ കാർഗോ കമ്പനികൾ ചെങ്കടൽ വഴിയുള്ള ചരക്കുനീക്കം താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. ആഫ്രിക്കൻ വൻകര ചുറ്റിവരുന്നതാണ് ബദൽ പാത. ഇതിൽ 3500 നോട്ടിക്കൽ മൈൽ ദൂരക്കൂടുതലുള്ളതിനാൽ ചെലവേറും. ചരക്കുനീക്ക ചെലവ് 30 ശതമാനം വർധിക്കുമെന്നാണ് കരുതുന്നത്.
ഹൂതികളെ മെരുക്കാൻ യുഎസ് സഖ്യം
ഈ അപകടം തിരിച്ചറിഞ്ഞ് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. ഹൂതികളുടെ ആക്രമണത്തിൽനിന്ന് കപ്പലുകൾക്ക് സംരക്ഷണം നൽകാൻ രൂപവത്കരിച്ച ചെങ്കടൽ സംരക്ഷണ സഖ്യത്തിൽ 20 രാജ്യങ്ങൾ പങ്കുചേർന്നുണ്ട്. യു.എസിന്റെയും ഇസ്രയേലിന്റെയും നേതൃത്വത്തിൽ ചെങ്കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.
ഓപ്പറേഷൻ പ്രോസ്പിരിറ്റി ഗാർഡിയൻ എന്ന പേരിട്ട പദ്ധതി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് പ്രഖ്യാപിച്ചത്. ബ്രിട്ടൻ, ബഹ്റൈൻ, കാനഡ, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, നോർവേ, സീഷെൽസ്, സ്പെയിൻ എന്നീ രാജ്യങ്ങൾ ഈ സഖ്യത്തിലുണ്ട്. പിന്നീട് ഗ്രീസും ഓസ്ട്രേലിയയും ഗ്രൂപ്പിൽ ചേർന്നതായി ഓസ്റ്റിൻ പറഞ്ഞു. എന്നാൽ പങ്കെടുക്കുന്നഎട്ട് രാജ്യങ്ങൾ പരസ്യമായി പേര് വെളിപ്പെടുത്തിയിട്ടില്ല. ഇത് ഈജിപ്ത് അടക്കമുള്ള അറബ് രാഷ്ട്രങ്ങളാണ് എന്നാണ് കരുതുന്നത്. കാരണം സൂയസ് കനാൽ അടഞ്ഞാൽ ഈജിപിതിന് ശതകോടികളുടെ നഷ്ടമാണ് ഒറ്റമാസംകൊണ്ട് ഉണ്ടാവുക.
ചെങ്കടലിലും ചുറ്റുമുള്ള പ്രദേശങ്ങളിലും നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായി ഫ്രാൻസിന്റെ പ്രതിരോധ മന്ത്രാലയം പറഞ്ഞു.ഫ്രാൻസിന് യുഎഇയിൽ നാവിക താവളവും ജിബൂട്ടിയിൽ 1,500 സൈനികരും ഉണ്ട്. ഇറ്റാലിയൻ കപ്പൽ ഉടമകളുടെ പ്രത്യേക അഭ്യർത്ഥനകൾക്ക് മറുപടിയായി തങ്ങളൂടെ വാർഷിപ്പ് ആയ വിർജീനിയോ ഫാസനെ ചെങ്കടലിലേക്ക് അയയ്ക്കുമെന്ന് ഇറ്റലിയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നാറ്റോയുടെ നേതൃത്വത്തിലുള്ള ദൗത്യങ്ങളിലോ, യൂറോപ്യൻ യൂണിയൻ ഏകോപിത പ്രവർത്തനങ്ങളിലോ മാത്രമേ തങ്ങൾ പങ്കെടുക്കൂവെന്ന് സ്പെയിനിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചെങ്കടൽ പ്രവർത്തനത്തിൽ ഞങ്ങൾ ഏകപക്ഷീയമായി പങ്കെടുക്കില്ല എന്നും അവർ പറയുന്നു. പക്ഷേ നാറ്റോ ഇറങ്ങുന്നതോടെ സ്പെയിനും ഇതിന്റെ ഭാഗമാവും. യു കെയുടെ യുദ്ധക്കപ്പലുകളും ഓപ്പറേഷന് സജ്ജമാണ്. ചെങ്കടലിലേക്ക് ഒരു നാവിക യുദ്ധക്കപ്പൽ അയക്കുമെന്നും ഓപ്പറേഷൻ പ്രോസ്പിരിറ്റി ഗാർഡിയനിൽ പങ്കെടുക്കുമെന്നും ഗ്രീസ് വ്യാഴാഴ്ച അറിയിച്ചു. രണ്ട് സ്റ്റാഫ് ഓഫീസർമാരെ അയക്കുമെന്ന് നെതർലൻഡ്സും സിഎംഎഫിന്റെ ആസ്ഥാനമായ ബഹ്റൈനിലേക്ക് 10 നാവിക ഉദ്യോഗസ്ഥരെ അയക്കുമെന്ന് നോർവേയും അറിയിച്ചു. ഓപ്പറേഷനിൽ പങ്കെടുക്കുമെന്ന് ഡെന്മാർക്ക് ബുധനാഴ്ച അറിയിച്ചു. അതായത് പാശ്ചാത്യ ശക്തികൾ അരയും തലയും മുറക്കി ഇറങ്ങിയിരിക്കയാണെനന്ന് വ്യക്തം.
എന്നാൽ, ഹൂതി ആക്രമണത്തിന് യുഎസ് തയാറായേക്കില്ല. ഇവിടെ യുദ്ധമുണ്ടാകുന്ന സാഹചര്യം അറബ് രാഷ്ട്രങ്ങളെ പ്രതിസന്ധിയിലാക്കും എന്നതാണ് പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. മേഖലയിലാകെ യുദ്ധം വ്യാപിക്കും. യുഎസ് ഹൂതികളെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായാൽ ഇറാനും യുദ്ധമുഖത്തേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്. നിലവിൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്നും അതിനൊപ്പം ഗസ്സയിൽ ഇസ്രയേലിനും യുഎസ് പിന്തുണ നൽകുന്നുണ്ട്. ഇനി മറ്റൊരു യുദ്ധമുഖം കൂടി ഇവിടെ തുറക്കാൻ പാശ്ചാത്യ ശക്തികൾ ശ്രമിക്കില്ല എന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ