തിരുവനന്തപുരം: പൊതുഗതാഗതം മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 'പി.എം. ഇ-ബസ് സേവ' പദ്ധതി നടപ്പാക്കാൻ ബിഹാറും പഞ്ചാബും അടക്കം പത്തുസംസ്ഥാനങ്ങൾ ഒരുങ്ങുമ്പോൾ രാഷ്ട്രീയ താൽപര്യത്തിന്റെ പേരിൽ മുഖംതിരിക്കുന്ന കേരളത്തിന് കനത്ത തിരിച്ചടി. ഗതാഗത വകുപ്പ് അനുമതി നൽകിയിട്ടും, ധനവകുപ്പ് ഉടക്കിട്ടതോടെ സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 950 ഇലക്ട്രിക് ബസുകളുടെ കാര്യം അനിശ്ചിതത്വത്തിലാണ്.

കേരളത്തിലെ നഗരങ്ങളിൽ സർവീസ് നടത്താൻ പ്രധാനമന്ത്രി ഇ -ബസ് സേവ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ച 950 ബസുകൾ സ്വീകരിക്കാൻ സമ്മതം അറിയിച്ച് ഗതാഗത വകുപ്പ് ഒക്ടോബർ നാലിനാണ് കത്തയച്ചത്. തുടർ നടപടികൾ സ്വീകരിക്കണമെന്ന് ധനവകുപ്പിനെ അറിയിക്കുകയും ചെയ്തു. പിന്നീട് നടപടിയൊന്നുമുണ്ടാകാത്തതിനാൽ ഡിസംബർ 14ന് നടന്ന ടെൻഡർ നടപടികളിൽ കേരളം ഇടം പിടിച്ചില്ല.പദ്ധതി പ്രകാരം ബസുകൾ നേടുന്നതിന് ധനവകുപ്പ് പേമെന്റ് സെക്യൂരിറ്റി മെക്കാനിസം ഒരുക്കാത്തതാണ് തിരിച്ചടിയാകുന്നത്.

ബിഹാർ, കർണാടക, ഗുജറാത്ത്, ഹരിയാണ, ജമ്മു-കശ്മീർ, മഹാരാഷ്ട്ര, മേഘാലയ, ഒഡിഷ, പുതുച്ചേരി, പഞ്ചാബ് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ കരാർ ക്ഷണിച്ചത്. കേരളത്തിലെ 10 നഗരങ്ങൾ കേന്ദ്രത്തിന്റെ മുൻഗണനപ്പട്ടികയിലുണ്ടായിട്ടും സംസ്ഥാന സർക്കാർ പിന്നോട്ടുനിന്നതാണ് തിരിച്ചടിയായത്. മൊത്തം 169 നഗരങ്ങളുടെ പട്ടികയാണ് നഗരകാര്യമന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. അടുത്തഘട്ടത്തിൽ കേരളത്തിനും ഇ-ബസുകൾ ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതെങ്കിലും ധനവകുപ്പ് വേണ്ട നടപടിക്രമങ്ങൾ പാലിക്കാതിരുന്നതാണ് തിരിച്ചടിയായത്.

ധനവകുപ്പ് ഇതിനായി പേമെന്റ് സെക്യൂരിറ്റി മെക്കാനിസം ഒരുക്കേണ്ടതുണ്ട്. സർക്കാരിന്റെ ഗ്യാരന്റിയാണത്. ഇതിന് കേന്ദ്ര സർക്കാരുമായി ചേർന്ന് 83 കോടിയുടെ കോർപ്പസ് ഫണ്ട് ഉണ്ടാക്കണം. അതിൽ 48 കോടി സംസ്ഥാന വിഹിതമാണ്. ബസുകൾ നൽകുന്ന കമ്പനിക്ക് വാടക വിഹിതം കൃത്യമായി നൽകുന്നതിനും, വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കുന്നതിനും സർക്കാർ ഗ്യാരന്റി ഉറപ്പാക്കാനാണ് കോർപ്പസ് ഫണ്ട്.നടപടിക്രമങ്ങൾ പാലിച്ച മറ്റ് സംസ്ഥാനങ്ങൾ 3975 ബസുകൾ നേടി. കർണ്ണാടക 795 ബസുകളാണ് ആവശ്യപ്പെട്ടത്. ആദ്യഘട്ടമായി 350 എണ്ണം അനുവദിച്ചു.

രാജ്യത്ത് 10,000 ഇലക്ട്രിക് ബസുകൾ വിന്യസിക്കുന്ന ' പ്രധാനമന്ത്രി ഇ-ബസ് സേവ' പദ്ധതി തിരഞ്ഞെടുപ്പിൽ ബിജെപി ആയുധമാക്കുമെന്ന് കരുതി ആദ്യം സംസ്ഥാന സർക്കാർ മുഖംതരിച്ചിരുന്നു. കേന്ദ്രം വാടകയ്ക്ക് അനുവദിച്ച 950 ഇ-ബസുകളിൽ കേരളം താൽപര്യം പ്രകടിപ്പിക്കാത്തത് വാർത്തയായതോടെ ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജു ഇടപെട്ട് നടപടിക്രമങ്ങൾ ആരംഭിച്ചത്.

കെ.എസ്.ആർ.ടി.സിക്ക് ഇ ബസുകൾ ലഭിച്ചാൽ ഡീസൽ ചെലവിനത്തിൽ പ്രതിമാസം 25 കോടി ലാഭിക്കാം. ഒറ്റ ചാർജ്ജിംഗിൽ 350 കിലോമീറ്റർ വരെ ഇ ബസുകൾ ഓടിക്കാം. കിലോമീറ്ററിന് 54 രൂപ വാടക. 22 രൂപ കേന്ദ്രം നൽകും. ഡ്രൈവറെ നിയമിക്കുന്നതും ശമ്പളം കൊടുക്കുന്നതും ബസ് നൽകുന്ന സ്വകാര്യ കമ്പനിയാണ്. ചാർജിങ്, നികുതി, ഇൻഷ്വറൻസ് ചെലവുകളും വഹിക്കും. കണ്ടക്ടറെ നിയമിച്ച് ശമ്പളം നൽകേണ്ടത് കെ.എസ്.ആർ.ടി.സിയാണ്. കിലോമീറ്ററിന് 8 രൂപയാണ് കണ്ടക്ടറുടെ വേതനം.

നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ധനവകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചാൽ കെഎസ്ആർടിസിക്ക് നേട്ടമാകും. കേന്ദ്രത്തിന്റെ സഹായത്തോടെയുള്ള പദ്ധതികളിൽ കേന്ദ്രത്തിന്റെ കൂടെ ബ്രാൻഡിങ് വേണമെന്ന വ്യവസ്ഥയിൽ തട്ടി കേരളത്തിന് കിട്ടേണ്ട ഇലക്ട്രിക് ബസുകൾ തിരിച്ചുപോകുമോ എന്നാണ് നിലവിലെ ആശങ്ക. സംസ്ഥാനത്തെ 10 നഗരങ്ങളിലേക്ക് 950 ഇലക്ട്രിക് ബസുകൾ ലഭിക്കുന്ന പിഎം ഇബസ് സേവ പദ്ധതി കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത സ്ഥിതിയിലാണ് ഗതാഗത വകുപ്പ്.

കേരളം തുടർനടപടികളിൽ തീരുമാനമെടുക്കാതെയും കേന്ദ്രസർക്കാരിന് മറുപടി നൽകാൻ വൈകുകയും ചെയ്താൽ 'പ്രധാനമന്ത്രി ഇബസ് സേവ' പദ്ധതി പ്രകാരമുള്ള ബസുകൾ കേരളത്തിലേക്ക് എത്താൻ വൈകും. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനങ്ങൾക്ക് നൽകുന്ന 10,000 ബസുകളിൽ 4000 എണ്ണത്തിനായി വിവിധ സംസ്ഥാന സർക്കാരുകൾ ആവശ്യമുന്നയിച്ചുകഴിഞ്ഞു. അവയുടെ ടെൻഡർ നടപടികളും പൂർത്തിയായി. എന്നാൽ, ധനവകുപ്പ് ഇതുവരെ കൃത്യമായൊരു മറുപടി നൽകാത്തതിനാൽ സംസ്ഥാന ഗതാഗത വകുപ്പിന് കേന്ദ്രത്തെ കേരളത്തിന്റെ തീരുമാനം അറിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്.