തിരുവനന്തപുരം: സംസ്ഥാനത്തു രജിസ്റ്റർ ചെയ്യുന്ന പോക്‌സോ കേസുകൾ പലതും കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഗൗരവ സ്വഭാവമുള്ള പോക്‌സോ കേസുകൾ വരെ സർക്കാർ അഭിഭാഷകർ ഇടനിലക്കാരായിനിന്ന് ഒത്തുതീർപ്പാക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇരകളുടെ മാതാപിതാക്കൾ പേടിയും കുടുംബത്തിന്റെ അഭിമാനവും ഓർത്ത് പലപ്പോഴും കോടതിക്ക് പുറത്തുള്ള ഓത്തു തീർപ്പിന് തയ്യാറാകുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇന്റലിജൻസ് മേധാവി റിപ്പോർട്ട് അവതരിപ്പിച്ചത്.

സംസ്ഥാനത്തെ പകുതിയോളം പോക്‌സോ കേസുകളിലും പ്രതികളെ വെറുതെ വിടുന്നത് ഒത്തുതീർപ്പിന്റെ ഭാഗമായി ഇരകൾ മൊഴിമാറ്റുന്നതിനാലാണ്. സർക്കാർ അഭിഭാഷകരിൽ പലരും ഇത്തരത്തിൽ ഒത്തു തീർപ്പിനാണ് ശ്രമിക്കുന്നതെന്നും ഇരകൾക്കുവേണ്ടി ഇടപെടുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേത്തുടർന്ന്, ഗൗരവമുള്ള കേസുകൾ ഡിഐജിമാരും ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കണമെന്നു പൊലീസ് മേധാവി നിർദേശിച്ചു. പോക്‌സോ കേസുകളിൽ സർക്കാർ അഭിഭാഷകരുടെ പങ്ക് എന്താണെന്നു പരിശോധിക്കണമെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമ്പോൾതന്നെ പോക്‌സോ കേസുകളിൽ ക്രമക്കേടുകൾ ആരംഭിക്കുന്നതായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. പേടിയും കുടുംബത്തിന്റെ അഭിമാനവും ഉപദ്രവവും കാരണം ഇരകളുടെ രക്ഷിതാക്കളിൽ പലരും കോടതിക്കു പുറത്ത് ഒത്തുതീർപ്പിനു തയാറാകുന്നു. ഈ സാഹചര്യം മുതലെടുക്കുകയാണ് സർക്കാർ അഭിഭാഷകർ ചെയ്യുന്നത്. രജിസ്റ്റർ ചെയ്യാത്ത പോക്‌സോ കേസുകളുടെ എണ്ണം വളരെ വലുതാണെന്നും അജിത് കുമാർ പറഞ്ഞു. പ്രതിയും ഇരയും പരസ്പരം ഒത്തുതീർപ്പിൽ എത്താമെങ്കിലും സർക്കാർ സംവിധാനം ഒരു കാരണവശാലും ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമാകരുതെന്നു പൊലീസ് മേധാവി നിർദേശിച്ചു.

സംസ്ഥാനത്ത് 54 അതിവേഗ കോടതികളാണുള്ളത്. ഓരോ ജില്ലയിലും പ്രത്യേക കോടതികളുമുണ്ട്. 2010ൽ അതിവേഗ കോടതികളിൽ തീർപ്പാക്കാനുണ്ടായിരുന്നത് മൂന്ന കേസുകൾ മാത്രമായിരുന്നു. ഓരോ വർഷവും കേസുകൾ തീർപ്പാക്കാതെ വന്നതോടെ, 2010 മുതൽ 2022 ഡിസംബർവരെ അതിവേഗ കോടതികളിൽ തീർപ്പാക്കാൻ ശേഷിക്കുന്ന കേസുകൾ 7060 ആയി ഉയർന്നു. ജില്ലകളിലെ പ്രത്യേക കോടതികളിൽ 2023 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് തീർപ്പാക്കാൻ ശേഷിക്കുന്നത് 8506 കേസുകളാണ്.