- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇയാളുടെ സുരേഷ് ഗോപി സ്റ്റൈൽ ഒന്നും ഇങ്ങോട്ട് എടുക്കേണ്ട; ഇയാളൊക്കെ എവിടുന്നാ എസ്ഐ ആയത്; ഇത് കേരളത്തിലെ പിണറായി വിജയന്റെ പൊലീസാണ്'; കണ്ണൂരിൽ എസ്ഐയോട് കയർത്ത് കല്ല്യാശ്ശേരി എംഎൽഎ; പൊലീസിന്റെ ഡ്യൂട്ടിയിൽ വീഴ്ചയുണ്ടായെന്നും കുറ്റപ്പെടുത്തൽ
കണ്ണൂർ: കളക്ടറേറ്റ് മാർച്ചിനിടെ കണ്ണൂരിൽ എസ്ഐയോട് കയർത്ത് കല്ല്യാശ്ശേരി എംഎൽഎ എം വിജിൻ. സിവിൽ സ്റ്റേഷനിൽ നഴ്സ്മാരുടെ സംഘടനയുടെ സമരത്തിനിടെയാണ് നാടകീയ സംഭവം. സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസ് എടുക്കുമെന്ന് ടൗൺ എസ്ഐ പറഞ്ഞതിനെ തുടർന്നായിരുന്നു വാക്കേറ്റം. പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കരുതെന്നും പറഞ്ഞ് എംഎൽഎ എസ്ഐക്ക് നേരെ കയർത്തു സംസാരിക്കുകയായിരുന്നു.
കളക്ടറേറ്റ് മാർച്ചിനിടെ എം.വിജിനും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് അരങ്ങേറിയത്. കേസെടുക്കുന്നതിന്റെ ഭാഗമായി എംഎൽഎയുടെ പേര് വനിതാ പൊലീസ് ഉദ്യോഗസ്ഥ ചോദിച്ചതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. പേര് ചോദിക്കേണ്ടിടത്ത് പേര് ചോദിക്കുമെന്ന് പറഞ്ഞ് സഹപ്രവർത്തകയെ പിന്തുണച്ചുകൊണ്ട് എസ് ഐ രംഗത്തെത്തിയതോടെ എംഎൽഎ കൂടുതൽ രോഷാകുലനായി. ഇത് പിണറായി വിജയന്റെ പൊലീസാണെന്നും സുരേഷ് ഗോപി സ്റ്റൈൽ കളിച്ച് കേരള സർക്കാരിനെ മോശമാക്കരുതെന്നും വാഗ്വാദത്തിനിടെ വിജിൻ പറഞ്ഞു.
കേരള ഗവൺമെന്റ് നഴ്സ് അസോസിയേഷൻ കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം. മാർച്ച് എത്തുമ്പോൾ തടയാൻ കളക്ടറേറ്റിന് മുന്നിൽ പൊലീസ് ഉണ്ടായിരുന്നില്ല. തുടർന്ന് കളക്ടറേറ്റിനുള്ളിൽ പ്രതിഷേധം നടന്നതോടെ പൊലീസ് എത്തി ഇവരോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. കല്യാശ്ശേരി എംഎൽഎ എം.വിജിൻ ആണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. കേസെടുക്കുന്നതിന്റെ ഭാഗമായി സമരക്കാർ പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് എസ്ഐ വനിതാ പൊലീസുദ്യോഗസ്ഥയോട് പേര് വിവരങ്ങൾ എഴുതിയെടുക്കാൻ പറഞ്ഞു. വനിതാ പൊലീസ് ഉദ്യോഗസ്ഥ എംഎൽഎയോടും പേര് ചോദിച്ചതോടെ എം.വിജിൻ എംഎൽഎ പ്രകോപിതനാകുകയായിരുന്നു.
മാർച്ച് കളക്ടറേറ്റിന്റെ ഗേറ്റിന് മുന്നിൽ തടയാൻ കഴിയാതിരുന്നത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. 'സമരം നടന്നുകൊണ്ടിരിക്കുമ്പോൾ എന്നോട് വന്ന് പേര് ചോദിക്കുന്നു, നിങ്ങളെല്ലാം എവിടുത്തെ പൊലീസാണ്. കേരളത്തിലെ സർക്കാരിന് മോശം ഉണ്ടാക്കരുത്. മാധ്യമപ്രവർത്തകർ നോക്കി നിൽക്കെയല്ലേ എന്നോട് വന്ന് പേര് ചോദിച്ചത്', വിജിൻ പറഞ്ഞു.
പേര് ചോദിക്കേണ്ടിടത്ത് ചോദിക്കുമെന്ന് എസ്ഐ മറുപടി നൽകിയതോടെ വിജിൻ കൂടുതൽ പ്രകോപിതനായി. 'നിങ്ങൾ എസ്ഐ ആണ്, ഞാൻ എംഎൽഎയാണ്. പ്രോട്ടോക്കോൾ നോക്കി വർത്താനം പറഞ്ഞാൽ മതി. നമ്മുടെ സർക്കാരിന് മോശം ഉണ്ടാക്കുന്നത് നിങ്ങളെ പോലുള്ള പൊലീസാണ്. പൊലീസിന്റെ ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയത് എസ്ഐയാണ്. നിങ്ങൾ എവിടുത്തെ എസ്ഐആണ്. എസ്ഐ ഒറ്റയൊരുത്തനാണ് ഇതിന് കാരണം. ഇയാൾ ആരാണ് സുരേഷ് ഗോപി സ്റ്റൈലിൽ പെരുമാറാൻ. പൊലീസിന് അപമാനമുണ്ടാക്കരുതെന്ന് പറയണം. ഇത് കേരളത്തിലെ പിണറായി വിജയന്റെ പൊലീസാണ്. ഇവിടുന്ന് മാറാമെന്ന് പറഞ്ഞതല്ലേ. പിന്നേ സുരേഷ്ഗോപി സ്റ്റൈൽ കളിക്കേണ്ടതുണ്ടോ', വിജിൻ രോഷത്തോടെ ചോദിച്ചു.
പൊലീസിന്റെ ഡ്യൂട്ടിയിൽ വീഴ്ചയുണ്ടായെന്നും എംഎൽഎ കുറ്റപ്പെടുത്തി. കേസെടുക്കാൻ വേണ്ടി തന്നോട് പൊലീസ് ചോദിച്ചെന്ന് ആരോപിച്ച എം വിജിൻ എംഎൽഎ, ഇയാളെപ്പോലുള്ളവരെ പൊലീസിൽ എടുത്തത് ആരാണെന്നും വിമർശിച്ചു. നഴ്സുമാർ കളക്ടറേറ്റിൽ കടന്ന് കയറിയത് ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്. വിജിനായിരുന്നു സമരത്തിന്റെ ഉദ്ഘാടകൻ.
മുൻകൂട്ടി അറിയിച്ചിട്ടും സമരക്കാർ കലക്ടറേറ്റ് വളപ്പിൽ കടക്കുന്നത് തടയാൻ പൊലീസുകാർ ഉണ്ടായിരുന്നില്ലെന്ന് എംഎൽഎ പറഞ്ഞു. ഉള്ളിൽ പ്രവേശിച്ച സമരക്കാർക്കെതിരെ കേസെടുക്കുമെന്ന് എസ്ഐ പറഞ്ഞതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ