ന്യൂഡൽഹി : അറബിക്കടലിൽ ഇനി കടൽകൊള്ളക്കാർ കടന്നു കയറില്ല. സൊമാലിയൻ തീരത്ത് അജ്ഞാതസംഘം റാഞ്ചിയ ചരക്കുകപ്പലിൽനിന്ന് 15 ഇന്ത്യക്കാരുൾപ്പെടെ 21 ജീവനക്കാരെ ഇന്ത്യൻ നാവികസേന മോചിപ്പിച്ചത് സമാനതകളില്ലാത്ത നീക്കമായിരുന്നു. അന്തരാഷ്ട്ര തലത്തിൽ ഏറെ കൈയടിയും ഇന്ത്യയ്ക്ക് കിട്ടുകയാണ്. ഇന്ത്യയുടെ നാവിക കരുത്താണ് കടൽകൊള്ളക്കാർക്ക് കഴിഞ്ഞ ദിവസം തിരിച്ചറിയാനായത്.

ഐ.എൻ.എസ്. ചെന്നൈ 'ദ ഡിസ്ട്രോയർ'എന്ന കപ്പലാണ് കടൽകൊള്ളക്കാരെ തുരത്തിയത്. നാവികസേനയുടെ കൊൽക്കത്ത ക്ലാസ് യുദ്ധക്കപ്പലുകളിൽ മൂന്നാമത്തേതാണ് ചെന്നൈ നഗരത്തിന്റെപേരിലുള്ള ഈ ആദ്യ യുദ്ധക്കപ്പൽ. 2010 ഏപ്രിലിൽ രണ്ടിന് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി കപ്പലിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തതാണ് ഇത്. തമിഴ്‌നാടിനോടുള്ള ആദരമെന്ന നിലയിൽ ജല്ലിക്കെട്ട് ഉത്സവത്തിന്റെ പ്രതീകമായി ഒരു കാളയുടെ മുദ്ര കപ്പലിലുണ്ട്. വിപുലമായ ആയുധശേഖരവും അത്യാധുനികസംവിധാനങ്ങളും കപ്പലിലുണ്ട്. ഈ കപ്പലായിരുന്നു ചരിത്ര ദൗത്യത്തിന് നിയോഗിച്ചത്. കരുത്തോടെ തന്നെ ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്തു.

ഹൂതിയാക്രമണത്തെ പ്രതിരോധിക്കാൻ നാവികസേന അറബിക്കടലിൽ വിന്യസിച്ചിരുന്ന ഐ.എൻ.എസ്. ചെന്നൈ എന്ന യുദ്ധക്കപ്പലാണ് ജീവനക്കാരെ രക്ഷിച്ചത്. 'എം വി ലില നോർഫോക്' എന്ന ലൈബീരിയൻ ചരക്കുകപ്പലാണ് വ്യാഴാഴ്ച രാത്രി സൊമാലിയയിലെ ഹഫൂനിന് കിഴക്കുഭാഗത്തുെവച്ച് അജ്ഞാതസംഘം റാഞ്ചിയത്. സമാനതകളില്ലാത്ത ഇടപെടലാണ് നാവിക സേന നടത്തിയത്. കപ്പൽ പിടിച്ചെടുക്കാനോ ബന്ദി ചർച്ചകളിലേക്ക് കടക്കാനോ റാഞ്ചൽ സംഘത്തിന് കഴിഞ്ഞില്ല. ഇതോടെ അറബിക്കടൽ സുരക്ഷിത ഇടമാണെന്ന സന്ദേശവും കപ്പൽ കമ്പനികൾക്ക് ഇന്ത്യ നൽകുന്നു. എല്ലാ തീരത്തും അതാത് രാജ്യങ്ങൾ സമാനമായി ഇടപെട്ടാൽ കടൽകൊള്ളയും തീരുമെന്ന് വ്യക്തം. ഹൂതികളുടെ ആക്രമണഭീഷണിയെത്തുടർന്ന് ചെങ്കടലിൽനിന്ന് ഒട്ടേറെ കപ്പലുകൾ വഴിതിരിച്ചുവിടുന്നതിനിടെയാണ് ഇന്ത്യൻ ഇടപെടൽ.

യെമനു സമീപം സൊമാലിയൻ തീരത്തോടുചേർന്ന് ചെറുബോട്ടിൽ എത്തിയ അജ്ഞാതസംഘമാണ് റാഞ്ചലിന് ശ്രമിച്ചത്. കപ്പൽ റാഞ്ചുന്നതിനൊപ്പം ജീവനക്കാരെ ബന്ദികളാക്കുകയായിരുന്നിരിക്കാം അക്രമികളുടെ ലക്ഷ്യം. ഏറെനേരം ശ്രമിച്ചിട്ടും നടക്കാതെ വന്നതും കപ്പലിൽനിന്ന് പുറത്തുപോകണമെന്ന് ഇന്ത്യൻ നാവികസേന ആളില്ലാ വിമാനംവഴി നൽകിയ സന്ദേശവും അക്രമികൾ ദൗത്യം ഉപേക്ഷിച്ചുപോകാനുള്ള കാരണമായി. നാവികസേനയുടെ കമാൻഡോ വിഭാഗമായ 'മാർക്കോസാ'ണ് ഓപ്പറേഷന് നേതൃത്വം നൽകിയത്.

ബ്രസീലിൽനിന്ന് ബഹ്റൈനിലേക്ക് പോവുകയായിരുന്നു ചരക്കുകപ്പൽ. ആയുധധാരികളായ ആറംഗസംഘം കപ്പലിലേക്ക് ഇരച്ചുകയറി. ഉടൻതന്നെ ജീവനക്കാർ ബ്രിട്ടീഷ് സൈനികസംഘടനയായ യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യു.കെ.എം ടി.ഒ.) പോർട്ടലിലൂടെ അപായസന്ദേശം പങ്കുവെച്ചു. തങ്ങൾ ആക്രമിക്കപ്പെട്ടുവെന്നും രക്ഷിക്കണമെന്നുമായിരുന്നു സന്ദേശം. തുടർന്ന് കപ്പലിലെ സ്‌ട്രോങ് റൂമിൽ ജീവനക്കാർ അഭയം തേടിയെന്ന് നാവികസേന വക്താവ് കമാൻഡർ മെഹുൽ കാർനിക് അറിയിച്ചു. പിന്നെ എല്ലാം ഇന്ത്യൻ നാവിക സേന നിശ്ചയിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേനയുടെ മറൈൻ കമാൻഡോകൾ (മർകോസ്) ഹെലികോപ്റ്ററിൽ കപ്പലിലിറങ്ങി. നാവിക സേന ഇറങ്ങുംമുമ്പ് അക്രമികൾ കപ്പലുപേക്ഷിച്ചു മുങ്ങി. റാഞ്ചിയ ലൈബീരിയൻ പതാകയുള്ള 'എം വി ലില നോർഫോക്' എന്ന ചരക്കുകപ്പലിന് സമീപം മണിക്കൂറുകൾക്കകം എത്തി രക്ഷാദൗത്യം സാഹസികമായി പൂർത്തിയാക്കുകയായിരുന്നു ഇന്ത്യൻ സൈന്യം. റാഞ്ചലിനു പിന്നിൽ കടൽക്കൊള്ളക്കാരാണോ ഹൂതികളാണോ എന്നതിനെക്കുറിച്ച് സ്ഥിരീകരണങ്ങളില്ല.

തന്ത്രപ്രധാനമായ ജലപാതകളിൽ കപ്പലുകളുടെയും മറ്റുയാനങ്ങളുടെയും നീക്കങ്ങൾ നിരീക്ഷിക്കുന്ന സംവിധാനമായ യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷൻസാണ് കപ്പൽ റാഞ്ചിയ വിവരം ഇന്ത്യൻ നാവികസേനയ്ക്ക് സന്ദേശമായി നൽകിയത്. പിന്നാലെ നാവികസേന സമുദ്രസുരക്ഷാ പ്രവർത്തനങ്ങൾക്കായി വിന്യസിച്ച ഐ.എൻ.എസ്. ചെന്നൈ യുദ്ധക്കപ്പലിനെ വഴിതിരിച്ചുവിട്ടു. ആക്രമിക്കപ്പെട്ട കപ്പലിന്റെ സ്ഥിതി നിരീക്ഷിക്കാൻ ഒരു പട്രോളിങ് വിമാനത്തെയും നിയോഗിച്ചു.

കപ്പലുമായി സമ്പർക്കം പുലർത്തുകയും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് 3.15-ന് ചരക്കുകപ്പലിന് സമീപമെത്തിയ ഐ.എൻ.എസ്. ചെന്നൈയിൽനിന്ന് നാവികസേന കമാൻഡോകൾ ചരക്കുകപ്പലിൽ സുരക്ഷിതമായിറങ്ങി രക്ഷാദൗത്യം നടത്തി. റാഞ്ചലിനുപിന്നിൽ കടൽക്കൊള്ളക്കാരോ ഹൂതികളോ എന്നതിൽ നാവികസേന അന്വേഷണം ആരംഭിച്ചു. ചരക്കുകപ്പൽ എങ്ങോട്ടുപോകുകയായിരുന്നു, എന്ത് ചരക്കാണ് കപ്പലിലുള്ളത് തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.

കടൽ കൊള്ളക്കാരിൽ നിന്നും ജീവനക്കാർക്ക് രക്ഷയായത് ചരക്കുകപ്പലിലെ സ്ട്രോങ് റൂം ആണ്. വിമാനത്തിലെ കോക്പിറ്റിന് സമാനമായ സ്ട്രോങ് റൂമിനുള്ളിൽ പ്രവേശിച്ചാൽ അകത്തുനിന്ന് തുറന്നാൽ മാത്രമേ ഉള്ളിലേക്ക് പ്രവേശിക്കാനാകൂ. ഒക്ടോബർ മുതൽ നിരന്തരമായുള്ള ഹൂതിയാക്രമണത്തിൽ ജാഗ്രത പാലിക്കണമെന്ന് ചരക്കുകപ്പലുകൾക്ക് എല്ലാ രാജ്യങ്ങളിലേയും നാവികസേനാ നിർദ്ദേശമുണ്ടായിരുന്നതിനാൽ തന്നെ കരുതലോടെയായിരുന്നു ചരക്കുകപ്പലിന്റെ യാത്ര.