- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രകീർത്തനത്തെ പതിരോധമാക്കാൻ സിപിഎം
കാസർകോട്: സംസ്ഥാനത്തെ ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവേദിയിൽ കേന്ദ്രമന്ത്രി വി.മുരളീധരനും മന്ത്രി പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോരുണ്ടാകുമ്പോൾ കേന്ദ്രമന്ത്രിയായ നിതൻ ഗഡ്കരിക്ക് പറയാനുള്ള കേരള മോഡലിലെ നന്മയും. മൂവരും ഓൺലൈനായാണു പരിപാടിയിൽ പങ്കെടുത്തത്. ദേശീയപാതാ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നതിൽ സംസ്ഥാന മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പിനെയും വാതോരാതെ പ്രകീർത്തിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എത്തിയത് വരും ദിനങ്ങളിൽ പിണറായി സർക്കാർ ചർച്ചയാക്കും. ഇതുയർത്തിയാകും ഇനി കേന്ദ്രമന്ത്രി മുരളീധരനെ പ്രതിരോധിക്കുക.
കേന്ദ്രം മുന്നോട്ടുവെച്ച പുതിയ പദ്ധതികളിൽ കേരളം ചില വിയോജിപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും ഡൽഹിയിലേക്ക് ക്ഷണിക്കാനും ഒന്നിച്ചിരുന്ന് ചർച്ചചെയ്ത് പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകാനും ഗഡ്കരി മറന്നില്ല. പിണറായിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ഗഡ്കരി. കുടുംബപരമായ സൗഹൃദം കാത്തു സൂക്ഷിക്കുന്ന ബിജെപിയുടെ മുതിർന്ന നേതാവ്. എപ്പോഴും പിണറായി സർക്കാരിനെ പുകഴ്‌ത്തുന്നത് ഗഡ്കരിയുടെ രീതിയാണ്. ഇത് തന്നെയാണ് കഴിഞ്ഞ ദിവസവും സംഭവിച്ചത്. എന്നാൽ കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയെ പിണറായിയുടെ വികസന ഇടപെടലിന് തെളിവായി ഉയർത്തിക്കാട്ടാനാകും ഇനി സിപിഎം ശ്രമിക്കുക.
യോഗത്തിൽ ആദ്യം പ്രസംഗിച്ച മുരളീധരൻ, കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ പ്രചാരണം സംസ്ഥാന പൊതുമരാമത്തു മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്നുണ്ടെന്നു പരിഹസിച്ചു. കേന്ദ്ര ഫണ്ട് ആകാശത്തുനിന്നു വരുന്നതല്ലെന്നും സംസ്ഥാനങ്ങളുടെ അവകാശമാണെന്നും സംസ്ഥാനത്തെ ഓരോ പൗരനും നികുതി അടയ്ക്കുന്നുണ്ടെന്നും മന്ത്രി റിയാസ് തന്റെ പ്രസംഗത്തിൽ തിരിച്ചടിച്ചു. 'ഇടുക്കി ഇക്കോ ലോഡ്ജിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീഡിയോയും കണ്ടു. ഏതാണ്ട് ആറുകോടി മുടക്കി ഇടുക്കി അണക്കെട്ടിനോടടുത്ത് നിർമ്മിച്ച ഇക്കോലോഡ്ജിന്റെ അഞ്ചുകോടിയും കേന്ദ്രഫണ്ടാണ്. മോദിയുടെ ഇടപെടലിൽ ഇടുക്കിക്കുണ്ടാകുന്ന വികസനക്കുതിപ്പിനെക്കുറിച്ചാണ് താൻ സൂചിപ്പിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തെക്കുറിച്ച് കേന്ദ്രമന്ത്രി മുരളീധരൻ സൂചിപ്പിച്ചത് ഏറ്റെടുത്താണ് റിയാസ് തുടങ്ങിയത്. അത് ഇനിയും തുടരുമെന്നും അക്കാര്യം പ്രത്യേകം പറഞ്ഞതിന് പ്രത്യേകം നന്ദി അറിയിക്കുകയാണെന്നും റിയാസ് പറഞ്ഞു. എന്നാൽ, കേന്ദ്രഫണ്ട് ആകാശത്തുനിന്ന് വരുന്നതല്ലെന്നും അത് കേരളത്തിലെ ഓരോ പൗരനും നൽകുന്ന നികുതിപ്പണത്താൽ നിറയുന്ന ഖജനാവിൽനിന്ന് വരുന്ന പണമാണെന്നും റിയാസ് തിരിച്ചടിച്ചു. ആ ഫണ്ട് കേരളമുൾപ്പെടെയുള്ള ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല. അതിനെ ഔദാര്യമായി കണ്ട് പറയുന്ന രീതി തെറ്റാണ്-ഇതായിരുന്നു റിയാസിന്റെ വിശദീകരണം. ഇതേ ചടങ്ങിലാണ് ഗഡ്ഗരി കേരളത്തെ പുകഴ്‌ത്തുകയും ചെയ്തത്. മുരളീധരനും റിയാസും കൊമ്പുകോർത്തെങ്കിലും വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയത്തിന്റെ പേരിലുള്ള വിവാദങ്ങളിൽനിന്ന് മാറിനിൽക്കാനും നിതിൻ ഗഡ്കരി പ്രത്യേകം ശ്രദ്ധിച്ചു. സംസ്ഥാനത്തെ ഒൻപത് ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും ഓൺലൈനായി ഇന്നലെ നടന്നത്.
ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതക്കുറവും കാരണം ദേശീയപാതയ്ക്കായി ഭൂമിയേറ്റെടുക്കൽ കേരളത്തിൽ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഭൂമിയേറ്റെടുക്കലിന് അധിക തുക നൽകേണ്ടതിനാൽ കിലോമീറ്ററിന് 50 കോടി രൂപയാണ് കേരളത്തിൽ ദേശീയപാതയുണ്ടാക്കാനും വീതി കൂട്ടാനുമായി ചെലവാകുന്നത്. അതിൽ 25 ശതമാനം തുക ചെലവഴിക്കാൻ തയ്യാറായതിനെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് 17 മണിക്കൂർ വേണ്ടിയിരുന്നത് ദേശീയപാത ആറുവരി ആകുന്നതോടെ ഏഴുമണിക്കൂറായി ചുരുങ്ങും. അത് സംസ്ഥാനത്തിന്റെ വ്യവസായ- വിനോദസഞ്ചാരമേഖലയിലെ വികസനത്തിന് വഴി തുറക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ടുള്ള ഗതാഗത വികസനത്തിന് മുഖ്യമന്ത്രി മുന്നോട്ടുവെച്ച പദ്ധതികളുമായി മുന്നോട്ട് പോകുകയാണെന്നും ഗഡ്കരി പറഞ്ഞു.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിൽ വെല്ലുവിളിയായിരുന്ന സ്ഥലം ഏറ്റെടുപ്പിൽ ഇടപെട്ട് കാര്യക്ഷമമായി പ്രവർത്തിച്ച കേരള സർക്കാറിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനേയും മന്ത്രി അഭിനന്ദിച്ചുവെന്നതാണ് പരിപാടിയുടെ ഹൈലൈറ്റ്. ആറുവരിപ്പാതയാകുന്ന ദേശീയപാതയുടെ ഭാഗമായി വരുന്ന മുബൈ-കന്യാകുമാരി ഇടനാഴി കേരളത്തിന് വലിയ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് പ്രധാന പങ്ക് വിനോദ സഞ്ചാര മേഖലയ്ക്കുണ്ടെന്നും മൂന്നാറിൽ ആവിഷ്‌ക്കരിച്ച പദ്ധതികൾ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക കാരണങ്ങളാൽ നേരിട്ട് എത്താൻ കഴിയാത്തതിൽ മന്ത്രി ഖേദം അറിയിച്ചു. മൂന്നാറിൽ സന്ദർശിച്ച വേളയിലുണ്ടായ അനുഭവവും സന്തോഷവും മന്ത്രി പങ്കുവെച്ചു. മികച്ച കഴിവുള്ള യുവാക്കൾ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാണെന്നും മന്ത്രി പറഞ്ഞു.
കാസർകോട് താളിപ്പടുപ്പ് മൈതാനിയിൽ നടന്ന പരിപാടിയിൽ ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നിർമ്മാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതും ആയ 12 ദേശീയപാത പദ്ധതികളുടെ ഉദ്ഘാട ചടങ്ങിലാണ് കേരളവുമായി ബന്ധപ്പെട്ട് രണ്ട് കേന്ദ്രമന്ത്രിമാർ വ്യത്യസ്ത നിലപാട് എടുത്തത്.
ദേശീയപാത വികസനത്തിന് കൂടുതൽ പദ്ധതികൾ അനിവാര്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
ദേശീയ പാതയുടെ നിർമ്മാണ പ്രവൃത്തിയുടെ പൂർത്തികരണത്തിന്റെ ഭാഗമായത് സംസ്ഥാന പൊതുമരാമത്ത് ദേശീയ പാത വിഭാഗത്തിന്റെ കൂടി ശ്രദ്ധേയമായ പ്രവർത്തനമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്രവുമായി ചേർന്നുള്ള പ്രവർത്തനങ്ങളാണ് വികസനത്തിന് വേണ്ടതെന്നും ദേശീയപാത വികസന പ്രവർത്തനങ്ങൾക്ക് ഇനിയും പദ്ധതികൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനം അവതരിപ്പിച്ച പദ്ധതി നിർദ്ദേശങ്ങൾ അംഗീകരിച്ച് പൂർത്തീകരിക്കാൻ സഹകരിച്ച കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്കും ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള തടസ്സങ്ങളിൽ കാര്യക്ഷമമായി ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി നന്ദി പറഞ്ഞു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം (5200 കോടി രൂപ) സംസ്ഥാനസർക്കാർ ഏറ്റെടുത്തു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭൂമി ഏറ്റെടുക്കൽ ഒരു സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ മുന്നോട്ട് വന്നത്. കേരളത്തിന് വലിയ സന്തോഷമുള്ള ദിവസമാണിന്ന്. വിവിധ ഘട്ടങ്ങളിലായി സംസ്ഥാനം മുന്നോട്ട് വെച്ച പദ്ധതികളാണ് പൂർത്തീകരിക്കപ്പെടുന്നത്.
ദേശീയപാത 66ന്റെ പ്രവർത്തനങ്ങൾ യധാസമയം പരിശോധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റിവ്യൂ നടത്തി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മുന്നോട്ട് കൊണ്ടു പോയത് സംസ്ഥാന സർക്കാറാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാറും എൻഎച്ച്എ.ഐയും സംയുക്തമായി നടത്തുന്ന പ്രവർത്തനങ്ങളാണ് ദേശീയപാത നിർമ്മാണം കേരളത്തിൽ വേഗത്തിൽ നടക്കുന്നതിന്റെ പ്രധാന കാരണം. തലപ്പാടി ചെങ്കള റീച്ചിൽ റോഡുകൾ ആറ് വരിയായി മാറിക്കഴിഞ്ഞു. ജനസാന്ദ്രതയും വാഹന പെരുപ്പവും കൂടുതലുള്ള സംസ്ഥാനത്ത് വലിയ പരിമിതികളിൽ നിന്ന് കൊണ്ടാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
നവീകരിച്ച ദേശീയ പാത കേരളത്തിന്റെ വികസന കുതിപ്പിന്റെ അടിത്തറയെന്ന് വി. മുരളീധരൻ
കേരളത്തിന്റെ മുഖം മാറ്റുന്ന ദേശീയപാതകളാണ് കേന്ദ്രമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നതെന്നും കേരളത്തിന്റെ വികസനകുതിപ്പിന് അടിത്തറയാകുന്ന പദ്ധതികൾ പൂർത്തിയാക്കാൻ എല്ലാ പിന്തുണയും നൽകിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിക്കും ഉപരിതല ഗതാഗത മന്ത്രിക്കും നന്ദി രേഖപ്പെടുത്തുകയാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ.
സുതാര്യമായിട്ടുള്ള ഭരണം, ജനക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപ സൗഹൃദ അന്തരീക്ഷം അങ്ങനെയുള്ള നിരവധി മേഖലകളിൽ കഴിഞ്ഞ പത്തു വർഷമായി നിരവധി മാറ്റങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി എപ്പോഴും വ്യക്തമാക്കുന്നത് പോലെ ഒരു രാജ്യം അഭിവൃദ്ധിപ്പെടാൻ അടിസ്ഥാനസൗകര്യ വികസനം അത്യന്താപേക്ഷിതമാണ് എന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് കേന്ദ്രസർക്കാരിന്റെ നയരൂപീകരണം. പതിറ്റാണ്ടുകളായി മുടങ്ങികിടന്നിരുന്ന അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ പൂർത്തീകരണവും പുതിയവ ആരംഭിക്കുന്നതുമെല്ലാം ഈ സർക്കാരിന്റെ വികസനസമീപനത്തിന്റെ ആണിക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.