- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുറകിൽ കഠാര ഒളിപ്പിച്ച് പിടിച്ച് കുത്തുന്നതാണ് പലരുടെയും ശൈലി'; കായംകുളത്ത് തോറ്റത് കാലുവാരിയതുകൊണ്ട്; വീണ്ടും സിപിഎമിനെതിരെ വെടിപൊട്ടിച്ച് ജി സുധാകരൻ; നൽകുന്നത് പരസ്യ വിമർശനം തുടരുമെന്ന സന്ദേശം; തൽകാലം സിപിഎം മൗനം തുടരും
ആലപ്പുഴ: 2001ൽ കായംകുളത്ത് തോറ്റത് കാലുവാരിയതുകൊണ്ടെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ കെ ചെല്ലപ്പൻ തനിക്കെതിരെ നിന്ന് തനിക്ക് വോട്ട് ചെയ്യരുത് എന്ന് വോട്ടർമാരോട് പറഞ്ഞു. 300 വോട്ടാണ് ആ ഭാഗത്ത് മറഞ്ഞതെന്നും ജി സുധാകരൻ ആരോപിച്ചു. സോഷ്യലിസ്റ്റ് നേതാവ് പി എ ഹാരിസ് അനുസ്മരണ സമ്മേളനത്തിലാണ് സുധാകരന്റെ വെളിപ്പെടുത്തൽ. ജി. സുധാകരൻ ഇതിനു മുമ്പും പാർട്ടി പ്രവർത്തകർക്കെതിരെ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തിയതിനെ തുടർന്ന് നേതൃത്വവുമായി അകന്നുനിൽക്കുന്ന സുധാകരൻ കായംകുളത്തെ പാർട്ടി നേതൃത്വത്തിനെതിരെയാണ് വിമർശനം ഉന്നയിച്ചത്. ഈ അഭിപ്രായ പ്രകടനങ്ങൾ പാർട്ടി നേതൃത്വത്തേയും ചൊടിപ്പിച്ചിട്ടുണ്ട്. എന്നാൽ തൽകാലം പ്രതികരിക്കില്ല. സുധാകരന്റെ വിമർശനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റേയും തീരുമാനം. അതിനാൽ നേതാക്കൾ കരുതലോടെ മാത്രമേ സുധാകരന്റെ വിമർശനങ്ങളോട് പ്രതികരിക്കൂ.
'പാർട്ടി കേന്ദ്രമായ പത്തിയൂരിൽ. ഞാൻ താമസിച്ചിരുന്നത് അവിടെയാണ്. എനിക്ക് അവിടെ നിന്ന് വോട്ട് ലഭിക്കാതിരിക്കാൻ വേണ്ടി അവിടെ ഒരു വിഭാഗം പാർട്ടി പ്രവർത്തകരുടെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞു. സുധാകരനോടുള്ള എതിർപ്പ് കൊണ്ടല്ല. കല്ലെറിഞ്ഞ പാർട്ടി പ്രവർത്തകരോടുള്ള എതിർപ്പ് കാരണമാണ് വോട്ട് ചെയ്യാതിരുന്നത് എന്ന് അവർ പറഞ്ഞു. വേദികുളങ്ങര എന്ന മറ്റൊരു ശക്തികേന്ദ്രത്തിൽ പര്യടനം നടത്താൻ വണ്ടി പോലും വിട്ടുനൽകിയില്ല. കാലുവാരൽ കലയും ശാസ്ത്രവുമായി കൊണ്ടുനടക്കുന്നവർ ഇപ്പോഴും കായംകുളത്തുണ്ട്. വോട്ട മറിച്ച് കൊടുത്തതുകൊണ്ടാണ് തോറ്റത്' - സുധാകരൻ പറഞ്ഞു.
'ഒരാളെയും ഞാൻ വിശ്വസിക്കില്ല. കാലുവാരുന്നവരാണ്. എല്ലാവരും കാലുവാരി എന്നല്ല. അതിൽ കുറച്ചു ആളുകൾ ഉണ്ട്. അതിപ്പോഴും ഉണ്ട്. നാളെയും ഉണ്ടാവും. രണ്ടു സ്ഥാനാർത്ഥികൾ എന്റെ കാലുവാരി. വോട്ട് മറിച്ചുകൊടുത്തു. പുറകിൽ കഠാര ഒളിപ്പിച്ച് പിടിച്ച് കുത്തുന്നതാണ് പലരുടെയും ശൈലി'- സുധാകരൻ പറഞ്ഞു. കഴിഞ്ഞ ദിവസം നവകേരള സദസിനിടെയുണ്ടായ അതിക്രമങ്ങൾക്കെതിരേയും ജി. സുധാകരൻ വിമർശനമുന്നയിച്ചിരുന്നു. മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്നും പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യത ഉണ്ടാകണമെന്നും ജി സുധാകരൻ തുറന്നടിച്ചു.
പാർട്ടിക്ക് പുറത്തുള്ളവർക്കും സിപിഎമ്മിൽ സ്വീകാര്യത ഉണ്ടാകണം. പ്രസ്ഥാനം വളർന്നത് അങ്ങനെയാണ്. മാർക്സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കില്ലെന്ന് ഓർമ്മിക്കണം. കണ്ണൂരിൽ ചിലയിടത്ത് അതിന് കഴിയുമായിരിക്കും. പക്ഷേ ആലപ്പുഴയിൽ അത് നടക്കില്ലെന്നും സുധാകരൻ തുറന്നടിച്ചു. പരസ്യവിമർശനങ്ങൾ ഇനിയുമുണ്ടാകുമെന്ന സൂചനയാണ് ജി. സുധാകരൻ നൽകുന്നത്.
കഴിഞ്ഞ സംസ്ഥാന സമ്മേളത്തിൽ സിപിഎം സംസ്ഥാന സമിതിയിൽ നിന്ന് ജി. സുധാകരനെ ഒഴിവാക്കിയിരുന്നു. ആലപ്പുഴ ജില്ലയിൽ വലിയ സ്വാധീനമുള്ള ജി സുധാകരൻ നിലവിൽ പാർട്ടി അംഗം മാത്രമാണ്.
മറുനാടന് മലയാളി ബ്യൂറോ