മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ലേലത്തിനു വെച്ച മഹാരാഷ്ട്രയിലെ സ്വത്തുക്കൾ അടിസ്ഥാന വിലയുടെ 1300 മടങ്ങ് വിലകൊടുത്ത് സ്വന്തമാക്കിയതിന്റെ കാരണം വിശദീകരിച്ച് അഭിഭാഷകനും ശിവസേന നോതാവുമായ അജയ് ശ്രീവാസ്തവ. 2001 മുതൽ ദാവൂദിന്റെ സ്വത്തുവകകൾ ലേലത്തിൽ പിടിക്കുന്ന അജയ് ശ്രീവാസ്തവ ഇക്കുറി പതിനയ്യായിരം രൂപ മാത്രം അടിസ്ഥാനവില വരുന്ന സ്ഥലമാണ് രണ്ടു കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. ദാവൂദിന്റെ മുംബൈയിലെയും രത്‌നഗിരിയുടെയും നാലിടത്തെ സ്വത്തുവകകളാണ് ലേലത്തിനു വെച്ചത്.

2001ലാണ് ദാവൂദിന്റെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് ലേലം ചെയ്യുന്നതായും ഭയം കാരണം ആരുമത് വാങ്ങാൻ തയ്യാറാകുന്നുമില്ലെന്ന പത്രവാർത്ത അജയ് ശ്രീവാസ്തവയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒരു ഭീകരനെതിരെ താൻ മുന്നോട്ടുവന്നാൽ ദാവൂദിനോട് ആളുകൾക്കെതിരെയുള്ള ഭയം മാറുമെന്ന് കരുതിയാണ് താൻ ലേലത്തിൽ പങ്കെടുക്കാൻ തുടങ്ങിയതെന്ന് അജയ് ശ്രീവാസ്തവ പറയുന്നു. ദാവൂദ് ഇബ്രഹാമിനെ പരാജയപ്പെടുത്തുന്നതിന് വേണ്ടിയാണ് സ്വത്തുക്കൾ ലേലത്തിൽ വാങ്ങിക്കൂട്ടുന്നതെന്നും ഡൽഹിയിലെ അഭിഭാഷകനായ അജയ് പറയുന്നു.

'ദാവൂദിനെ എനിക്ക് തോൽപ്പിക്കണം, ദാവൂദ് എവിടെയൊക്കെ താമസിച്ചുവോ അവിടെയെല്ലാം എനിക്കും താമസിക്കണം..'അജയ് എൻഡിടിവിയോട് പറഞ്ഞു. 15,000 രൂപ അടിസ്ഥാന വിലയുള്ള സ്ഥലം 1300 മടങ്ങ് വില കൊടുത്ത് രണ്ടുകോടി രൂപക്കാണ് ലേലത്തിൽ സ്വന്തമാക്കിയത്. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ഭൂമി 1976 ലെ സ്വത്തുകണ്ടുകെട്ടൽ ആക്ട് പ്രകാരമാണ് ലേലത്തിൽ വെച്ചത്. 171 ചതുരശ്ര മീറ്റർ ഭൂമി ഇത്രയും വിലകൊടുത്ത് വാങ്ങിയത് ജ്യോതിഷ പ്രകാരമാണെന്നും അദ്ദേഹം പറയുന്നു.

2001 ലാണ് ആദ്യമായി ദാവൂദിന്റെ സ്വത്തുക്കൾ ലേലത്തിൽ വാങ്ങിയത്. മുംബൈയിലെ നാഗ്പാഡയിൽ ദാവൂദിന്റെ ഉടമസ്ഥതയിലുള്ള രണ്ട് കടകൾ ഇയാൾ സ്വന്തമാക്കിയിരുന്നു. ഇതിനെതിരെ ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മക്കൾ കേസ് നൽകുകയായിരുന്നു.

അന്ന് ദാവൂദിന്റെ പേരിലുള്ള രണ്ട് കടകളാണ് ശ്രീവാസ്തവ ലേലത്തിൽ പിടിച്ചത്. പക്ഷേ അവയുടെ ഉടമസ്ഥാവകാശത്തിന്റെ പേരിൽ ദാവൂദിന്റെ സഹോദരി ഹസീന പാർക്കറുടെ മക്കളുമായി കേസ് നിലനിൽക്കുകയാണ്. ശ്രീവാസ്തവയ്ക്ക് അനുകൂലമായി 2011-ൽ മുംബൈയിലെ കോടതിയുടെ വിധി വന്നെങ്കിലും ഇതിനെതിരെ ഹസീനയുടെ മക്കൾ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ദാവൂദിന്റെ സ്വത്തുക്കൾ വാങ്ങിയതിനു ശേഷം പതിനൊന്നു വർഷത്തോളം തനിക്ക് ഇസഡ് പ്ലസ് സുരക്ഷയാണ് ഒരുക്കിയതെന്ന് ശ്രീവാസ്തവ പറയുന്നു. മൂന്നു വർഷങ്ങൾക്ക് ദാവൂദിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം തന്നെ ബന്ധപ്പെട്ടുവെന്നും സ്വത്ത് മടക്കി നൽകിയാൽ ആവശ്യപ്പെടുന്ന പണം നൽകാമെന്നും അറിയിച്ചു. എന്നാൽ ലക്ഷ്യം പണമല്ലാത്തതിനാൽ അവരുടെ ആവശ്യം നിരസിക്കുകയായിരുന്നു എന്നും ശ്രീവാസ്തവ പറയുന്നു. താൻ ദേശഭക്തി പ്രകടിപ്പിക്കുകയാണ് ഇതിലൂടെയെന്നാണ് ശ്രീവാസ്തവ പറയുന്നത്.

'മൂന്ന്-നാലു വർഷം മുമ്പ്, ദാവൂദിന്റെ കുടുംബം അദ്ദേഹത്തിന്റെ അഭിഭാഷകൻ മുഖേന എന്നെ ബന്ധപ്പെട്ടു, സ്വത്ത് തിരിച്ചുനൽകിയാൽ എത്ര പണം വേണമെങ്കിലും തരാമെന്ന് വാഗ്ദാനം ചെയ്തു.പക്ഷേ ഞാനത് നിഷേധിച്ചു. കാരണം പണം സമ്പാദിക്കലായിരുന്നില്ല എന്റെ ലക്ഷ്യം...'അഭിഭാഷകൻ പറഞ്ഞു. 2020-ൽ ദാവൂദ് ജനിച്ച ബംഗ്ലാവും ഇയാൾ വാങ്ങിയിട്ടുണ്ടായിരുന്നു. കഴിഞ്ഞദിവസം വാങ്ങിയ സ്ഥലം ആ ബംഗ്ലാവിന് അടുത്താണ്. അതിന് ചുറ്റുമുള്ള സ്ഥലമെല്ലാം നേരത്തെ വാങ്ങിയിരുന്നു. ഈ ചെറിയ സ്ഥലം മാത്രമായിരുന്നു അന്ന് കിട്ടാതിരുന്നത്. ഈ സ്ഥലം മറ്റാരെങ്കിലും ലേലത്തിൽ വാങ്ങിയാൽ മൊത്തം സ്വത്തുക്കളുടെയും മൂല്യം നഷ്ടമാകുമെന്നും അജയ് ശ്രീവാസ്തവ പറയുന്നു.

ദാവൂദ് ഇബ്രാഹിമിന്റെ ബാല്യകാലം ചിലവഴിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയിലെ സ്വത്തുക്കൾ കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പ്രകാരമാണ് ലേലത്തിന് വെച്ചത്. കള്ളക്കടത്തുകാർക്കും വിദേശനാണയ വിനിമയ ചട്ടങ്ങൾ ലംഘിക്കുന്നവർക്കും എതിരെയുള്ള നിയമപ്രകാരം കണ്ടുകെട്ടിയ സ്വത്തുക്കളാണിത്. നാല് വസ്തുവകകളാണ് ലേലത്തിൽ വെച്ചത്. ഇതിൽ രണ്ടെണ്ണത്തിന് ലേലമൊന്നും ലഭിച്ചില്ല. മുൻ ശിവസേന നേതാവും അഭിഭാഷകനുമായ ശ്രീവാസ്തവയാണ് രണ്ട് കോടി രൂപയ്ക്ക് ഒരു ഭൂമി വാങ്ങിയത്.

അധോലോക കുറ്റവാളിയുടെ സ്ഥലം വാങ്ങാനുള്ള കാരണം, പ്ലോട്ടിന്റെ സർവേ നമ്പറും ന്യൂമറോളജി അനുസരിച്ച് തനിക്ക് അനുകൂലമായ ഒരു നമ്പറും ഒന്നായതിനാലാണ് എന്ന് അജയ് ശ്രീവാസ്ത പറഞ്ഞു. ഈ സ്ഥലത്ത് സനാതന പാഠശാല (മതപാഠശാല) തുടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ലേലത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദാവൂദ് ഇബ്രാഹിമിന്റെ ജന്മസ്ഥലമായ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ നാല് വസ്തുവകകളും വിൽപ്പനയ്ക്കുണ്ടായിരുന്നു. നവംബർ മുതലുള്ള ധനകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരമാണ് ലേലം നടത്തിയത്.