കൊല്ലം: സ്‌കൂൾ കലോത്സവ മത്സരങ്ങൾ മുന്നേറുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ മഴയിലും ആവേശം ചോരാതെ കൊല്ലത്തെ കലോത്സവ നഗരി. പ്രധാനവേദിയായ ആശ്രാമം മൈതാനത്ത് ഉൾപ്പെടെ ചെറിയതോതിൽ വെള്ളക്കെട്ടുണ്ടായി. എന്നാൽ, മഴയ്ക്കും തണുപ്പിക്കാനാകാത്ത കലോത്സവത്തിന്റെ ആവേശത്തിൽ പങ്കുചേരാനായി നൂറുകണക്കിന് ആസ്വാദകരാണ് വേദികൾക്ക് മുന്നിൽ കുടയും ചൂടി കാത്തുനിന്നത്.

വൈകീട്ട് നാല് മണിയോടെയാണ് കൊല്ലം നഗരത്തിൽ മഴപെയ്തത്. അൽപ്പനേരം ശക്തിയായിത്തന്നെ മഴപെയ്തു. ഇതോടെ, കാണികളും കലാനഗരിയിലെത്തിയവരും നനയാത്ത ഇടങ്ങൾ തേടി ഓടി. ഒന്നാംവേദിയിൽ ഹൈസ്‌കൂൾ വിഭാഗം സംഘനൃത്തമായിരുന്നു അരങ്ങേറിക്കൊണ്ടിരുന്നത്. മഴയെത്തുടർന്ന് മത്സരം അൽപ്പനേരം നിർത്തിവെക്കേണ്ടിവന്നു.

കഥകളി സംഗീതം നടക്കുന്ന വേദിയിൽ മത്സരം മുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഓഡിറ്റോറിയമാണ് കഥകളി സംഗീതത്തിനുള്ള വേദിയാക്കി മാറ്റിയത്. കാണികളും രക്ഷകർത്താക്കളും കുട ചൂടിയാണ് സദസ്സിൽ നിന്നത്.

'സംരക്ഷണമായ സ്ഥലത്താണ് വേദി നടത്തേണ്ടത്, പ്രകൃതിയെ യാതൊരു വിധത്തിലും നിയന്ത്രിക്കാൻ പറ്റാത്ത സ്ഥലത്താണ് ഇവിടെ വേദികൾ. കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സംബന്ധിച്ചിടത്തോളം റിസ്‌കാണ്, ജഡ്ജസ് വരെ എഴുന്നേറ്റ് പോരുന്നു, സൗണ്ട് സിസ്റ്റമുള്ള സ്ഥലത്താണ് വേദിയൊരുക്കേണ്ടത്, ഇനി വരുന്ന കലോത്സവങ്ങളിൽ വേദി നല്ല രീതിയിൽ ഒരുക്കണം', കാണികളിലൊരാൾ പറഞ്ഞു.

കലോത്സവത്തിനിടെ സദസ്സിലേക്ക് മരക്കൊമ്പ് പൊട്ടിവീണു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആശ്രാമം ക്ഷേത്രത്തിനടുത്തുള്ള വേദി 13ൽ കഥകളി സംഗീതം നടക്കവെയാണ് അപകടമുണ്ടായത്. സദസ്സിന്റെ ഒരുവശത്താണ് അപകടമുണ്ടായതെങ്കിലും മത്സരം തടസ്സപ്പെട്ടില്ല. പരിക്കേറ്റയാളെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി.

സദസിൽ ഇരിപ്പിടത്തിലൂടെ വെള്ളം ഒഴുകുന്ന അവസ്ഥയുണ്ടായി. ഒന്നാം വേദിയായ ആശ്രാമം മൈതാനം, വേദി 13 എന്നിവടങ്ങളിലാണ് മഴ കാരണം വെള്ളക്കെട്ട് രൂപപ്പെട്ടത്. മുൻ ഒരുക്കങ്ങളിൽ പാളിച്ച സംഭവിച്ചെന്ന് സദസിൽനിന്ന് പ്രതികരിച്ചു. വിധികർത്താക്കൾ ഇരിപ്പടത്തിൽനിന്ന് മഴ കാരണം എഴുന്നേറ്റ് മാറി. സദസിന് മേൽക്കൂരയുണ്ടെങ്കിലും മഴ പെയ്താൽ നനയും.

ആശ്രാമത്തെ പ്രധാനവേദിയുടെ ഗ്രീൻ റൂമിൽ ഉൾപ്പെടെ വെള്ളം ഒഴുകിയെത്തി ചെളിയായി. വേദിക്ക് പുറത്തെ സ്റ്റാളുകൾക്ക് മുന്നിലും വെള്ളം നിറഞ്ഞു. ഏതാനും സമയത്തിനകം മഴ ശമിച്ചതോടെ പൂർവാധികം ആവേശത്തോടെ മത്സരം പുനഃരാരംഭിച്ചു. അവധിദിനമായതിനാൽ വൻ ജനസാന്നിധ്യമാണ് കലോത്സവനഗരിയിൽ ഇന്നുണ്ടായത്.

സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ കണ്ണൂർ ജില്ല മുന്നേറ്റം തുടരുകയാണ്. 811 പോയിന്റാണ് കണ്ണൂരിനുള്ളത്. കോഴിക്കോട് 806 പോയിന്റ്, പാലക്കാട് 800 പോയിന്റ് എന്നിവർ തൊട്ടുപിറകിലുണ്ട്. തിങ്കളാഴ്ച വൈകീട്ടാണ് കലോത്സവത്തിന്റെ സമാപനം.