- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ദിനത്തിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണം; ജനുവരി 22-ന് ശസ്ത്രക്രിയ നടത്തണം; ഉത്തർപ്രദേശിലെ ആശുപത്രികളിൽ രേഖാമൂലമുള്ള അപേക്ഷകൾ നൽകി ഗർഭിണികൾ
ലഖ്നോ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22-ന് കുഞ്ഞിന് ജന്മം നൽകാൻ ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിലെ നിരവധി ഗർഭിണികൾ. ഇക്കാര്യം ആവശ്യപ്പെട്ട് ഡോക്ടർമാരെ സമീപിച്ചതായി വാർത്താഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 22ന് പ്രസവ ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യവുമായി നിരവധി ഗർഭിണികൾ അപേക്ഷ സമർപ്പിച്ചതായി കാൻപുരിലെ സർക്കാർ ആശുപത്രി അധികൃതർ അറിയിച്ചു. നല്ലസമയത്ത് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് നല്ല ഗുണമുണ്ടാകുമെന്ന് ആളുകൾ വിശ്വസിക്കുന്നതാണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലെന്ന് മനഃശാസ്ത്രവിദഗ്ധ ദിവ്യ ഗുപ്ത പറയുന്നു.
രേഖാമൂലമുള്ള 14-ഓളം അപേക്ഷകൾ ഇതിനോടകം ലഭിച്ചതായി ഗണേശ് ശങ്കർ വിദ്യാർത്ഥി മെമോറിയൽ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം മേധാവി സീമാ ദ്വിവേദി പിടിഐയോട് പറഞ്ഞു. ഒരേ ലേബർറൂമിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്നുമാണ് സ്ത്രീകളുടെ ആവശ്യം. ഉത്തർപ്രദേശിലെ വിവിധ ആശുപത്രികളിൽ ഇത്തരത്തിൽ നിരവധി അപേക്ഷകളാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.
'ജനുവരി 22ന് 35 സിസേറിയൻ ഓപ്പറേഷനുകൾ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ചിലർ പുരോഹിതന്മാരിൽനിന്നും ശുഭകരമായ സമയംവരെ കുറിച്ചുവാങ്ങുന്നുണ്ട്. പുരോഹിതർ പറയുന്ന സമയങ്ങളിൽ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന അനുഭവം മുമ്പും ഉണ്ടായിട്ടുണ്ട്. ധീരതയുടേയും സത്യസന്ധതയുടേയും ആജ്ഞാനുവർത്തിത്വത്തിന്റേയും പ്രതീകമായാണ് ശ്രീരാമനെ അമ്മമാർ കാണുന്നത്. അതിനാൽ പ്രാണപ്രതിഷ്ഠാ ചടങ്ങുനടക്കുന്ന ദിവസം ജനിച്ചാൽ ഈ ഗുണങ്ങൾ തങ്ങളുടെ മക്കൾക്കും ഉണ്ടാവുമെന്ന് അമ്മമാർ വിശ്വിക്കുന്നു- ഡോ. സീമാ ദ്വിവേദി പറഞ്ഞു.
കാൺപുർ സ്വദേശിയായ മാൽതി ദേവി (26) ഇത്തരത്തിൽ അപേക്ഷ നൽകിയവരിൽ ഒരാളാണ്. ഇവരുടെ പ്രസവതീയതി നിശ്ചയിച്ചിരുന്നത് ജനുവരി 17-ന് ആയിരുന്നു. പ്രതിഷ്ഠാചടങ്ങുനടക്കുന്ന ദിവസംതന്നെ കുഞ്ഞുജനിക്കാനാണ് ആഗ്രഹമെന്ന് മാൽതി പി.ടി.ഐയോട് പറഞ്ഞു.
ജനുവരി 22ന് ഏതാനും ദിവസങ്ങൾക്കു മുൻപോ ശേഷമോ ആണ് പ്രസവ തീയതിയെങ്കിൽ പോലും, 22 ശുഭദിനമായി കണക്കാക്കി ഗർഭിണികളും അവരുടെ കുടുംബാംഗങ്ങളും അന്നു തന്നെ ശസ്ത്രക്രിയ നടത്താനാണ് ഡോക്ടർമാരോട് അഭ്യർത്ഥിച്ചിരിക്കുന്നത്.
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ 22ന് ഉച്ചയ്ക്ക് 12.20ന് നടക്കുമെന്നാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായി അറിയിച്ചത്. പ്രതിഷ്ഠയ്ക്കു ശേഷം രാജ്യമെമ്പാടും ആരതിയും പ്രസാദവിതരണവും നടക്കുമെന്നും സന്ധ്യ മുതൽ ദീപം കൊളുത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. നിരവധി പ്രമുഖർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. വിശ്വാസികൾ അന്ന് അയോധ്യയിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.