- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകത്തിൽ ഏറ്റവും കൂടുതൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നത് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ
ഭാഷാ വൈവിധ്യത്തിന് പേര് കേട്ട രാജ്യമാണ് ബ്രിട്ടൻ. ഇപ്പോൾ ആ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി. ലോകത്തിൽ ഏറ്റവുമധികം വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന നഗരമായി മാറിയിരിക്കുകയാണ് ബ്രിട്ടനിലെ മാഞ്ചസ്റ്റർ നഗരം. ഇതുമായി ബന്ധപ്പെട്ട ഒരു പഠനം പറയുന്നത്, ഏതൊരു സമയത്തും ഈ നഗരത്തിൽ 200 ഭാഷകൾ വരെ സംസാരിക്കപ്പെടുന്നു എന്നാണ്. മൾട്ടിലിങ്വൽ മാഞ്ചസ്റ്റർ എന്ന പദ്ധതിക്ക് കീഴിലായിരുന്നു ഈ പഠനം നടന്നത്.
5,53,000 ൽ അധികം ജനങ്ങൾ താമസിക്കുന്ന ഈ നഗരം ജനസാന്ദ്രതയിൽ മാത്രമല്ല, ഭാഷാസാന്ദ്രതയിലും ഏറെ മുന്നിലാണെന്ന് തെളിയിച്ചിരിക്കുകയാണ്. സമാനമായ രീതിയിലുള്ള പഠനങ്ങളിൽ വെച്ച് ഏറ്റവും സമഗ്രവും വ്യാപകവുമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഈ പഠനത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്, നഗരവാസികളായ മുതിർന്നവരിൽ പകുതിയോളം പേർക്ക് ഒന്നിലധികം ഭാഷകൾ സംസാരിക്കാൻ കഴിയുന്നുണ്ട് എന്നാണ്. മാത്രമല്ല, യുവാക്കളിൽ 10 ൽ ഒരാൾക്ക് വീതം ഒന്നിലധികം ഭാഷകളിൽ ആശയവിനിമയം നടത്തുന്നതിനുള്ള കഴിവുണ്ട്.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി തുടർന്ന് വരുന്ന ആഗോളവത്കരണത്തിന്റെയും സാമ്പത്തിക കുടിയേറ്റത്തിന്റെയും പ്രഭാവമാണ് ഇതെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. നഗരത്തിൽ നിലനിൽക്കുന്ന ഭാഷാ വൈവിധ്യം, സാമ്പത്തിക രംഗത്തും വിദ്യാഭ്യാസ രംഗത്തും സുപ്രധാനങ്ങളായ നേട്ടങ്ങൾ നേടുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതായി പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ യാരോൺ മാട്രസ് പറയുന്നു.
ഗ്രെയ്റ്റർ മാഞ്ചസ്റ്ററിൽ നടത്തിയ ബിസിനസ്സ് സർവേയിൽ തെളിഞ്ഞത് നഗരത്തിന് ചൈനയുമായോ തെക്കൻ ഏഷ്യയുമായോ, മദ്ധ്യപൂർവ്വ ദേശങ്ങളുമായോ വ്യാപാര ബന്ധമില്ലാത്തത് ഒരു ദൗർബല്യമാണ് എന്നായിരുന്നു എന്ന് അദ്ദേഹം പറയുന്നു. അതായത്, അവിടങ്ങളിലെ ഭാഷ സംസാരിക്കാൻ അറിയാവുന്നവർക്ക്, അവിടങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കാൻ കഴിയും.
മാഞ്ചസ്റ്റർ എയർപോർട്ട് ബിസിനസ്സ് പാർക്കിലേക്ക് കടന്നു വരുന്ന ഗൂഗിളിനും ആപ്പിളിനുമൊക്കെ പ്രോഗ്രാമിംഗിനൊപ്പം ഹിന്ദിയോ മലയാളമോ ഒക്കെ സംസാരിക്കാൻ അറിയാവുന്നവരെയും ലഭിക്കുമെന്ന മെച്ചമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വളരെ ചുരുക്കം ദിവസങ്ങൾക്കുള്ളിൽ തന്നെ ഭാഷാ പ്രാവീണ്യമുള്ളവരെ കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റായി പരിശീലിപ്പിച്ചെടുക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, 2011 ൽ നടത്തിയ ഒരു പഠനത്തിൽ അറബിക്, മന്ദാരിൻ, ഫ്രഞ്ച്, പഞ്ചാബി തുടങ്ങി നിരവധി ഭാഷകളിൽ പ്രവീണ്യമുള്ള പ്രദേശവാസികൾക്ക് തൊഴിൽ അവസരങ്ങൾ നൽകിക്കൊണ്ടുള്ള നിരവധി പരസ്യങ്ങൾ വന്നതായും പരാമർശിക്കുന്നുണ്ട്.
2012-ൽ മാഞ്ചസ്റ്റർ സ്റ്റേറ്റ് സ്കൂളുകളിലെ 3000 ഓളം കുട്ടികൾ വിദേശഭാഷകളിൽ ജി സി എസ് ഇ പരീക്ഷ എഴുതിയിരുന്നു. നഗരത്തിലെ വിവിധ ലൈബ്രറികളിലായി 20,000 ൽ ഏറെ പുസ്തകങ്ങളും മറ്റു മാധ്യമങ്ങളും ഇംഗ്ലീഷേതര ഭാഷകളിലായുണ്ട്. ഇംഗ്ലീഷ് കഴിഞ്ഞാൽ നഗരത്തിൽ ഏറ്റവും അധികം സംസാരിക്കുന്ന ഭാഷ ഉറുദുവാണ്. 50 കളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുണ്ടായ കുടിയേറ്റത്തിന്റെ അനന്തരഫലമാണിത്. അറബിക്, കാന്റോണിസ്, പോളിഷ്, ബംഗാളി, സൊമാലി എന്നിവയാണ് നഗരത്തിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന മറ്റു ഭാഷകൾ.
ഭാഷകൾ പലതുണ്ടെങ്കിലും, പൊതു ആശയവിനിമയത്തിന് ഇംഗ്ലീഷ് തന്നെ ആവശ്യമാണെന്ന് മനസ്സിലാക്കിയവരാണ് മാഞ്ചസ്റ്റർ നിവാസികൾ, ഇംഗ്ലീഷ് അറിയാത്തവരായി ഈ നഗരത്തിലുള്ളത് വെറും 3 ശതമാനം ആളുകൾ മാത്രമാണ്. ഏതാണ്ട് 80 ശതമാനം ആളുകളും ഇംഗ്ലീഷ് ഭംഗിയായി സംസാരിക്കാമെന്ന് ആത്മവിശ്വാസമുള്ളവരാണ്. ഇംഗ്ലീഷ് അറിയാത്തവരിൽ ഭൂരിഭാഗവും പ്രായമായവരാണ് എന്നതും ശ്രദ്ധേയമാണ്.