റോമൻ കത്തോലിക്ക സഭ ഒരു നവോത്ഥാന ഘട്ടത്തിലൂടെ പോയ്ക്കൊണ്ടിരിക്കുകയാണോ എന്ന് തോന്നിപ്പിക്കുന്ന പല നടപടികളും അടുത്ത കാലത്ത് ദൃശ്യമാവുകയുണ്ടായി. പോപ്പ് ഫ്രാൻസിസിന്റെ പുരോഗമനപരമായ വീക്ഷണങ്ങൾ പലതും സഭ നടപ്പിലാക്കുകയാണ്. ട്രാൻസ്ജെൻഡർ വിഭാഗങ്ങളെ ആശിർവദിക്കാൻ അനുവാദം നൽകിയതുൾപ്പടെ നിരവധി പുരോഗമനപരമായ കാര്യങ്ങൾ സഭ കൈക്കൊണ്ടു കഴിഞ്ഞു. പാരമ്പര്യവാദികളുടെ എതിർപ്പും തുടരുന്നുണ്ട് എന്നത് ഒരു വസ്തുത തന്നെയാണ്.

അതിനിടയിലാണ്, ഇപ്പോൾ കൂടുതൽ വിവാദമായേക്കാവുന്ന പ്രസംഗവുമായി പോപ്പ് ഫ്രാൻസിസിന്റെ ഉപദേഷ്ടാവ് രംഗത്തെത്തിയിരിക്കുന്നത്. ,മാൾട്ടയിലെ ആർച്ച് ബിഷപ്പും, ഇപ്പോൾ വത്തിക്കാൻ കേന്ദ്രീകരിച്ച് മാർപ്പാപ്പയുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന വ്യക്തിയുമായ ആർച്ക്‌ബിഷപ്പ് ചാൾസ് സിക്ലുമയാണ്വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയത്. സഭയിലെ വൈദികർക്ക്‌ബ്രഹ്‌മചാര്യം നിർബന്ധമാണെന്ന നിബന്ധന മാറ്റണം എന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം.

തനിക്ക് അതിനുള്ള അധികാരം ഉണ്ടായിരുന്നെങ്കിൽ, പൗരോഹിത്യത്തിന് ബ്രഹ്‌മചാര്യം ആവശ്യമെന്ന നിബന്ധന താൻ എടുത്തു കളയുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം സഭ അത്യന്തം ഗൗരവത്തോടെ ചിന്തിക്കേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നത് എന്ന് പറഞ്ഞ ആർച്ച് ബിഷപ്പ്, ബ്രഹ്‌മചാര്യം നിർബന്ധമായതുകൊണ്ട് മാത്രം നിരവധി സമർത്ഥരായ പുരോഹിതരെ സഭയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എന്നും പറഞ്ഞു.

ബ്രഹ്‌മചാര്യത്തിന് സഭയിൽ ഒരിടമുണ്ടായിരുന്നു എന്ന് ടൈംസ് ഓഫ് മാൾട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.എന്നാൽ, ചിലപ്പോൾ ചിലർ പ്രണയത്തിൽ അകപ്പെടും. ചിലരെങ്കിലും വൈദികവൃത്തി ഉപേക്ഷിക്കും, മറ്റുചിലർ അത് രഹസ്യമായ ഒരു വൈകാരിക ബന്ധമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. താൻ ഇക്കാര്യം ആദ്യമായാണ് പരസ്യമായി പറയുന്നതെന്നും ചിലർക്കെങ്കിലും ഇത് മതനിന്ദയായി തോന്നാമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ സമ്മിശ്രമായ ഒരു സന്ദേശമായിരുന്നു നേരത്തെ പോപ്പ് ഫ്രാൻസിസ് നൽകിയിരുന്നത്. വിവാഹിതരായ പുരുഷന്മാർക്കും വൈദികവൃത്തിക്ക് അനുവാദം നൽകുന്ന കാര്യം സഭ പരിഗണിക്കണമെന്ന് 2017-ൽ പോപ്പ് പറഞ്ഞിരുന്നു. പുരോഹിതർക്ക് ക്ഷാമം നേരിടുന്ന ഉൾനാടുകളിൽ അവരുടെ സേവനം ഉപയോഗിക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. എന്നാൽ, രണ്ട് വർഷത്തിന്ശേഷം അദ്ദേഹം ബ്രഹ്‌മചാര്യവുമായി ബന്ധപ്പെട്ട നിയമത്തിൽ ഏന്തെങ്കിലും മാറ്റം വരുന്ന കാര്യം പാടെ നിഷേധിച്ചിരുന്നു.

ആമസോൺ മേഖലയിലെ, പുരോഹിതർക്ക് ക്ഷാമം നേരിടുന്ന ഉൾപ്രദേശങ്ങളിൽ വിവാഹിതരായ പുരുഷന്മാരെ പുരോഹിതരാക്കാനുള്ള നിർദ്ദേശം 2021 ൽ പോപ്പ് ഫ്രാൻസിസ് തള്ളിക്കളയുകയായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം അദ്ദേഹം ബ്രഹ്‌മചാര്യം വീണ്ടും ചർച്ചയാക്കി. പൗരോഹിത്യപട്ടം പോലെ ശാശ്വതമായ ഒന്നല്ല ബ്രഹ്‌മചാര്യമെന്നും, അത് അച്ചടക്കത്തിന്റെ ഭാഗം മാത്രമാണെന്നുമായിരുന്നു കഴിഞ്ഞവർഷം പോപ്പ് പറഞ്ഞത്.

സഭയുടെ ചരിത്രത്തിൽ, ആദ്യ സഹസ്രാബ്ദത്തിൽ പുരോഹിതർക്ക് വിവാഹം അനുവദിച്ചിരുന്നു എന്ന് തന്റെ അഭിമുഖത്തിൽ സിക്ലൂമ ചൂണ്ടിക്കാട്ടി. ഇന്നും ചില പൗരസ്ത്യ കത്തോലിക്ക സഭകളിലും ഓർത്ത്ഡോക്സ് സഭയിലും പുരോഹിതർക്ക് വിവാഹം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രൊട്ടസ്റ്റന്റ് , ആംഗ്ലിക്കൻ സഭകളിലും പുരോഹിതർക്ക് വിവാഹം അനുവദിച്ചിട്ടുണ്ട്.

എന്നാൽ, ബ്രഹ്‌മചാര്യം, ഒരു പുരോഹിതനെ പൂർണ്ണമായും സഭയ്ക്കായി സമർപ്പിക്കാൻ സഹായിക്കുന്നു എന്നാണ്പുരോഹിതരുടെ വിവാഹത്തെ എതിർക്കുന്നവർ പറയുന്നത്. എന്നാൽ, നിർബന്ധിത ബ്രഹ്‌മചാര്യം പുരോഹിതരുടെ ക്ഷാമത്തിന് വഴി തെളിച്ചു എന്ന് ബ്രഹ്‌മചാര്യത്തെ എതിർക്കുന്നവർ പറയുന്നു. പലപ്പോഴും, കടുത്ത ഒറ്റപ്പെടൽ, അതുമൂലമുള്ള മാനസിക വിഭ്രാന്തി, ആത്മഹത്യ എന്നിവയ്ക്കും ഇത് വഴി തെളിച്ചിട്ടുണ്ട് എന്ന് അവർ പറയുന്നു. മാത്രമല്ല, കുട്ടികളെയും അവശരായ പ്രായപൂർത്തിയായവരെയും ലൈംഗിക പീഡനത്തിന്ീരയാക്കുന്നതിനും ഇത് ഒരു കാരണമാകുന്നു എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.