ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ ലക്ഷദ്വീപിൽ വിദേശ വിനോദ സഞ്ചാരികളെയടക്കം ലക്ഷ്യമിട്ട് വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ. ലക്ഷദ്വീപിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി വാണിജ്യ, യുദ്ധവിമാനങ്ങൾ സർവീസിന് സാധിക്കുന്ന പുതിയ വിമാനത്താവളം മിനിക്കോയ് ദ്വീപുകളിൽ നിർമ്മിക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുദ്ധവിമാനങ്ങൾ, സൈനിക-ഗതാഗത വിമാനങ്ങൾ, വാണിജ്യ വിമാനങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന സംയുക്ത വിമാനത്താവളം നിർമ്മിക്കാനാണ് പദ്ധതിയെന്ന് സർക്കാർ വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മിനിക്കോയ് ദ്വീപുകളിൽ പുതിയ വിമാനത്താവളം വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശം മുമ്പും സർക്കാരിന് മുന്നിലെത്തിയിരുന്നു.

പ്രതിരോധ എയർഫീൽഡ് പദ്ധതി ഈ അടുത്ത കാലത്തായി വീണ്ടും പൊടി തട്ടിയെടുക്കുകയും ചർച്ചകൾ സജീവമാക്കുകയും ചെയ്തു. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും നിരീക്ഷണം നടത്തുന്നതിനുള്ള സൈനിക താവളമായി ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും നിർമ്മാണം.

പ്രതിരോധ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന കോസ്റ്റ് ഗാർഡിന്റെ ഭാഗത്തുനിന്നാണ് മിനിക്കോയിൽ വ്യോമത്താവളം നിർമ്മിക്കാനുള്ള നിർദ്ദേശം ആദ്യമുയർന്നത്. മിനിക്കോയിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നടപടികൾ ഇന്ത്യൻ വ്യോമസേന ആരംഭിച്ചുകഴിഞ്ഞു.നിലവിൽ അഗത്തിയിലാണ് ദ്വീപിൽ വിമാനത്താവളമുള്ളത്. എന്നാൽ സൗകര്യങ്ങൾ പരിമിതമായതിനാൽ എല്ലാതരത്തിലുള്ള വിമാനങ്ങൾക്കും അഗത്തിയിൽ ഇറങ്ങാനാകില്ല.

പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതിനോടൊപ്പം നിലവിലുള്ള വിമാനത്താവളത്തിന്റെ വികസനപ്രവർത്തനങ്ങളും നടത്തും. ഇതിലൂടെ ദ്വീപിന്റെ വിനോദസഞ്ചാര മേഖലയുടെ വികസനവും സാധ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനുശേഷമാണ് മിനിക്കോയ് ദ്വീപ് കൂടുതലായി ശ്രദ്ധ നേടിയത്. അതിനിടെ, മാലദ്വീപിലെ മന്ത്രിമാരടക്കം സന്ദർശനത്തെ വിമർശിച്ചത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

നിലവിലെ റിപ്പോർട്ട് അനുസരിച്ച്, മിനിക്കോയിയിൽ ഇന്ത്യൻ എയർഫോഴ്സിനായിരിക്കും വിമാനത്താവളത്തിന്റെ ചുമതല. മിനിക്കോയ് വിമാനത്താവളം പ്രതിരോധ സേനക്കും ടൂറിസം രംഗത്തിനും ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തൽ. ദ്വീപിൽ നിലവിൽ അഗത്തിയിലെ ഒരു വിമാനത്താവളം മാത്രമാണുള്ളത്. നിലവിലുള്ള വിമാനത്താവളം വികസിപ്പിക്കാനും ആലോചനയുണ്ട്.

യുദ്ധവിമാനങ്ങൾ ഉൾപ്പടെയുള്ള വിമാനങ്ങളുടെ ലാൻഡിങ്,ടേക്ക് ഓഫ്, അറ്റക്കുറ്റപ്പണികൾ എന്നിവയായിരിക്കും മിനിക്കോയി ദ്വീപുകളിൽ നടക്കുക. സൈനിക വിമാനങ്ങൾക്കും വാണിജ്യ വിമാനങ്ങൾക്കും വേണ്ടിയുള്ള സംയുക്ത വിമാനത്താവളമായിരിക്കും ഇത്. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും നീരിക്ഷണം ശക്തമാക്കാൻ പുതിയ എയർഫീൽഡിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് മിനിക്കോയ് ദ്വീപിൽ എയർ സ്ട്രിപ്പ് ( അടിയന്തര ഘട്ടങ്ങളിൽ വിമാനം ലാൻഡ് ചെയ്യുന്നതിനുള്ള താത്കാലിക സ്ഥലം) നിർമ്മിക്കണമെന്ന ആവശ്യം ആദ്യമായി പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ വച്ചത്. എന്നാൽ പുതിയ വിമാനത്താവളത്തിന്റെ ചുമതല ഇന്ത്യൻ വ്യോമസേനയ്ക്ക് ആയിരിക്കും.

അഗത്തിക്ക് പുറമെ മിനിക്കോയിലും വിമാനങ്ങളെത്താൻ തുടങ്ങുന്നതോടെ ലക്ഷദ്വീപ് ടൂറിസം ലോകശ്രദ്ധയാകർഷിക്കും. വിദേശ സഞ്ചാരികൾ ഉൾപ്പെടെ ദ്വീപിലേക്കെത്തും. 2018-ൽ അഗത്തി വിമാനത്താവളം വികസിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപം നൽകിയ പദ്ധതിയും 2026 മാർച്ചോടെ പൂർത്തിയാകുമെന്നാണ് സൂചന. ഏകദേശം 1500 കോടി രൂപ ചെലവിലാണ് അഗത്തി വിമാനത്താവളം വികസിപ്പിക്കുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ രണ്ട് റിസോർട്ടുകൾ ലക്ഷദ്വീപിലെ സുഹേലി, കദ്മത്ത് ദ്വീപുകളിൽ 2026-ൽ തുറക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ, ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലക്ഷദ്വീപിൽ രണ്ട് താജ് ബ്രാൻഡഡ് റിസോർട്ടുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രോജക്ടുകൾ 2026 ൽ തുറക്കുമെന്ന് കമ്പനി അറിയിച്ചു.