- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി എസ് ടി നൽകേണ്ടതില്ലെന്നിരിക്കെ സോണടയ്ക്ക് ആ ഇനത്തിൽ മാത്രം കൊടുത്തത് 27 ലക്ഷം; എന്നിട്ടും ഞെളിയൻപറമ്പിൽ മാലിന്യനീക്കം നടത്താതെ കമ്പനി മുങ്ങി; കെട്ടിടനമ്പർ നൽകിയ വകയിലും 1.76 കോടി നഷ്ടമെന്ന് അക്കൗണ്ട്സ് ജനറൽ; കോഴിക്കോട് കോർപ്പറേഷനിൽ അടിമുടി ക്രമക്കേട്
കോഴിക്കോട്: സിപിഎം വർഷങ്ങളായി കുത്തകയാക്കിവെച്ച കോഴിക്കോട് കോർപ്പറേഷനിൽ അടിമുടി അഴിമതിയും, ക്രമക്കേടുമെന്ന് പ്രതിപക്ഷ ആരോപണം. കോർപ്പറേഷന്റെ ചരിത്രത്തിൽ ഇതുപോലെ അഴിമതിയുള്ള ഒരു കാലം ഉണ്ടായിരുന്നിട്ടില്ല എന്നാണ് പ്രതിപക്ഷം പറയുന്നത്. ഇത് സാധൂകരിക്കുന്നതിനുള്ള തെളിവുകൾ ഇപ്പോൾ ഒന്നൊന്നായി പുറത്തുവരികയാണ്. കോഴിക്കോടിന്റെ ചവറ്റുകുട്ട എന്ന് അറിയപ്പെടുന്ന ഞെളിയൻപറമ്പിലെ മാലിന്യംനീക്കി അത് വീണ്ടെടുക്കാനുള്ള ശ്രമവും വലിയ അഴിമതിയിലാണ് കലാശിച്ചത്.
ഇപ്പോൾ അക്കൗണ്ട്സ് ജനറലിന്റെ റിപ്പോർട്ടും അക്കാര്യം സാധൂകരിക്കയാണ്. മാതൃഭൂമി അടക്കമുള്ള പ്രമുഖ പത്രങ്ങൾ ഇക്കാര്യം വിശദമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഞെളിയൻപറമ്പിലെ വൈദ്യുതപ്ലാന്റ് പദ്ധതിക്ക് മുന്നോടിയായി ബയോമൈനിങ് നടത്തിയ വകയിൽ, വിവാദ കമ്പനിയായ സോൺടയ്ക്ക് നൽകിയ തുകയിൽ ജിഎസ്ടിഉൾപ്പെടുത്തിയത് ക്രമവിരുദ്ധമായാണെന്നാണ് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട്.
ലക്ഷങ്ങൾ നൽകിയത് ക്രമവിരുദ്ധമായി
സോൺടയ്ക്ക് നൽകിയ 3.74 കോടിയിൽ 27 ലക്ഷം ജി.എസ്.ടി. ഇനത്തിലാണ്. ചട്ടപ്രകാരം ജി.എസ്.ടി. നൽകേണ്ടതില്ലെന്നിരിക്കെയാണ് ലക്ഷങ്ങൾ ക്രമവിരുദ്ധമായി കൈമാറിയത്. ഞെളിയൻപറമ്പിൽ ബയോമൈനിങ്ങിനും ക്യാപ്പിങ്ങിനുമായി 2019 ഡിസംബർ 10-നാണ് സോൺടയ്ക്ക് കരാർ നൽകിയത്. 7.7 കോടിയും 12 ശതമാനം ജി.എസ്.ടി.യായി 92.4 ലക്ഷവുമാണ് കരാർ തുക. ഇതിൽ ഇതുവരെയായി നൽകിയതാണ് 3.7 കോടി. ഭരണഘടന (ആർട്ടിക്കിൾ 243 ഡബ്ല്യു) പ്രകാരം നഗരസഭകളെ ഏൽപ്പിച്ചിരിക്കുന്ന പ്രവർത്തനങ്ങൾക്ക് നികുതിയില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഖരമാലിന്യസംസ്കരണത്തിന് ശേഷം കരാറുകാരൻ സ്ഥലം നഗരസഭയ്ക്ക് തന്നെയാണ് കൈമാറേണ്ടത്. എന്നിട്ടും ജി.എസ്.ടി. നൽകിയെന്നും അതിൽ മറുപടി നൽകണമെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്.
ഞെളിയൻപറമ്പിൽ 6.5 ഏക്കർ സ്ഥലം മാലിന്യംനീക്കി വീണ്ടെടുക്കാനും 2.8 ഏക്കറിൽ ക്യാപ്പിങ്ങിനുമായിരുന്നു കോർപ്പറേഷനും സോൺടയും തമ്മിലുള്ള കരാർ. 1.3 ലക്ഷം ക്യുബിക് മീറ്റർ ജൈവമാലിന്യമുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്. സോൺട പണിപൂർത്തിയാക്കാതെ പല കാരണങ്ങൾ പറഞ്ഞ് പദ്ധതി നീട്ടിക്കൊണ്ടുപോയി. കോർപ്പറേഷൻ ആറ് വട്ടം കരാർ പുതുക്കി നൽകുകയുംചെയ്തു. ഒടുവിൽ കോർപ്പറേഷൻതന്നെ ബയോമൈനിങ് നടത്തിയ ഭാഗം ഷീറ്റിട്ട് മൂടി. പണി പൂർത്തിയാക്കാത്തതിന് 38.85 ലക്ഷം പിഴയും ഞെളിയൻപറമ്പിൽ ബയോമൈനിങ് നടത്തിയഭാഗത്ത് ഷീറ്റിട്ട് മൂടിയവകയിൽ 21.5 ലക്ഷവും സോൺട കോർപ്പറേഷന് നൽകണമെന്നും വ്യക്തമാക്കിയിരുന്നു.
വൈദ്യുതപ്ലാന്റിനുള്ള 250 കോടിയുടെ കരാർ സോൺടയും കോർപ്പറേഷനും നേരിട്ടായിരുന്നു. സോൺടയെ ഒഴിവാക്കി പകരം ഇവിടെ വാതകപ്ലാന്റെന്ന പദ്ധതിയാണ് പരിഗണിക്കുന്നത്. സോൺടയെ ഒഴിവാക്കേണ്ടത് സർക്കാരാണ്. അതിൽ തീരുമാനമായിട്ടില്ല. വാതകപ്ലാന്റുമായി ബന്ധപ്പെട്ട് ഗെയ്ലാണ് കോർപ്പറേഷനുമായി ചർച്ച നടത്തിയത്. നൂറ് ടൺ സംസ്കരണശേഷിയുള്ള പ്ലാന്റാണ് ഉദ്ദേശിക്കുന്നത്. കമ്പനിക്ക് സ്ഥലം, വെള്ളം, വൈദ്യുതി എന്നിവ നൽകിയാൽ മതിയെന്നതും നിർമ്മാണം അവർ നടത്തുമെന്നുമാണ് പറയുന്നത്. പ്ലാന്റുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ തയ്യാറാക്കിനൽകാൻ കോർപ്പറേഷൻ ഗെയ്ലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സോൺട കരാർ റദ്ദാക്കിയശേഷം മാത്രമേ ഇവരുമായി കരാർ വെക്കാനാവൂ. കഴിഞ്ഞദിവസം തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ഞെളിയൻപറമ്പിലുൾപ്പെടെ സന്ദർശനം നടത്തിയിരുന്നു. ബ്ര്ഹമപുരത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കമ്പനിയാണ് സോൺട. ഇതിന്റെ നടത്തിപ്പുകാരും രാഷ്ട്രീയ ബന്ധങ്ങളും നേരത്തെ ചർച്ചയായിരുന്നു.
കെട്ടിട നമ്പറിൽ നഷ്ടം 1.76 കോടി
കോർപ്പറേഷൻ അനധികൃതമായി സഞ്ചയ സോഫ്റ്റ്വേർ ഉപയോഗിച്ച് കെട്ടിടനമ്പർ നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടവും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.കോർപ്പറേഷൻ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 202 കെട്ടിടനമ്പറുകളാണ് നൽകിയത്. കെട്ടിടത്തിന്റെ വിസ്തീർണം പരിശോധിച്ച് നികുതി ഈടാക്കാൻ പറഞ്ഞെങ്കിലും അത് ചെയ്തിട്ടില്ല. അതുവഴി 1.79 കോടിയുടെ നഷ്ടമുണ്ടെന്നാണ് കണക്കാക്കുന്നത്.
മുനിസിപ്പാലിറ്റി ചട്ടപ്രകാരം നിയമാനുസൃതമല്ലാതെ കെട്ടിടം നടത്തിയാൽ അക്കാലയളവിൽ വസ്തുനികുതിയും നികുതിയുടെ രണ്ടിരട്ടി കെട്ടിടനികുതിയും അടയ്ക്കാൻ ഉടമയ്ക്ക് ബാധ്യതയുണ്ട്. എന്നാൽ അത്തരത്തിൽ നികുതി ചുമത്തിയിട്ടില്ല. ഈ രീതിയിൽ കഴിവുകേടിന്റെയും കാര്യക്ഷമത ഇല്ലാത്തതിന്റെയും, കഥകൾ മാത്രമാണ് കോർപ്പറേഷന്റെ ഓരോ പരിപാടിയും നോക്കിയാൽ കാണാൻ കഴിയുക.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ