- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെയ്ൽസ് ടാറ്റാ പ്ലാന്റിലെ 3000 ജോലിക്കാരുടെ ഭാവി ഇന്നറിയാം; ടാറ്റയുടെ ജോലിക്കാർ പോർട്ട് ടബോട്ടിലെ മൊത്തം ജനസംഖ്യയുടെ 12 ശതമാനം; തൊഴിൽ നഷ്ടം സംഭവിക്കുന്നത് ഇലക്ട്രിക് ഫർണസിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി; ടാറ്റ സ്റ്റീൽ മാറ്റത്തിന്റെ വഴിയിൽ
ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ ഉരുക്ക് നിർമ്മാണ ശാലയായ ടാറ്റ സ്റ്റീൽ പ്രവർത്തന രീതികളിൽ വരുത്തുന്ന മാറ്റത്തിന്റെ ഫലമായി 3000 പേർക്ക് തൊഴിൽ നഷ്ടപ്പെടുമോ എന്ന വസ്തുത ഇന്ന് വ്യക്തമാകും. വെയ്ൽസിലെ പോർട്ട് ടാബ്ലോട്ടിലുള്ള പ്ലാന്റിൽ കൂടുതൽ പ്രകൃതി സൗഹാർദ്ദമായ രീതിയിലുള്ള ഉരുക്കു നിർമ്മാണം നടത്തുന്നതിലേക്കായി സർക്കാർ സഹായം സ്വീകരിച്ചതായി ടാറ്റാ സ്റ്റീൽ സെപ്റ്റംബറിൽ തന്നെ സ്ഥിരീകരിച്ചിരുന്നു.
ഈ പദ്ധതിയുടെ ഭാഗമായി തൊഴിൽ നഷ്ടം ഉണ്ടാകാനിടയുണ്ട്. എന്നിരുന്നാലും 5000 ഓളം യു കെ ജീവനക്കാർക്ക് ഇനിയും ജോലിയിൽ തുടരാൻ കഴിയും. തങ്ങളുടെ ഏറ്റവും വലിയ പ്ലാന്റിൽ ബ്ലാസ്റ്റ് ഫർണസുകൾ പ്രവർത്തന രഹിതമാക്കുന്ന പദ്ധതിയുമായി മുൻപോട്ട് പോകും എന്ന് തന്നെയാണ് ടാറ്റാ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്. തൊഴിലാളികളെ പിരിച്ചു വിടുന്നത് അടുത്ത വർഷം മാർച്ചോടെ പൂർത്തിയാക്കും, 4000 ജീവനക്കാരിൽ മുക്കാൽ പങ്ക് പേർക്കും തൊഴിൽ നഷ്ടപ്പെടും എന്നാണ് കരുതുന്നത്.
ജീവനക്കാരെ ഇക്കാര്യങ്ങൾ ഔദ്യോഗികമായി അറിയിക്കാത്തതിനാൽ കമ്പനി അടക്കുന്ന കാര്യം ഇന്ന് പ്രഖ്യാപിച്ചേക്കില്ല എന്നാണ് സ്കൈ ന്യുസ് റിപ്പോർട്ട് ചെയ്യുന്നത്. തീരദേശ പട്ടണമായ പോർട്ട് ടാബ്ലോട്ടിലെ നിലവിലെ ജനസംഖ്യയിൽ 12 ശതമാനത്തോളം പേർ ടാറ്റ ജീവനക്കാരാണ്. കുടുംബത്തെ കുറിച്ചും ഭാവിയെ കുറിച്ചും പലരും ആശങ്കകൾ അറിയിച്ചിട്ടുണ്ട്. നേരിട്ടുള്ള തൊഴിൽ നഷ്ടത്തിനു പുറമെ, ഇത്രയും ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുന്നത് പട്ടണത്തിന്റെ സമ്പദ്ഘടനയേയും പ്രതികൂലമായി ബാധിക്കും.
ബദൽ നിർദ്ദേശവുമായി ഇന്നലെ യൂണീയൻ നേതാക്കൾ കമ്പനി പ്രതിനിധികളുമായി ചർച്ചകൾ നടത്തിയിരുന്നു. തൊഴിൽ സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളായിരുന്നു യൂണിയനുകൾ നൽകിയത്. എന്നാൽ ആ നിർദ്ദേശങ്ങൾ കമ്പനി നിരാകരിച്ചതായി പി എ ന്യുസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ ആസ്ഥാനമായുള്ള ടാറ്റാ സ്റ്റീൽ, പോർട്ട് ടബോട്ടിലെ പ്ലാന്റിലുള്ള രണ്ട് ബ്ലാസ്റ്റ് ഫർണസുകൾ മാറ്റി പകരം ഇലക്ട്രിക് ആർക് ഫർണസുകൾ സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇത് മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഉദ്പാദന ചെലവും കുറയ്ക്കും.
അതേസമയം, ബ്രിട്ടനിലെ ഉരുക്കു നിർമ്മാണ മേഖലയ്ക്ക് സുരക്ഷിതവും, സുസ്ഥിരവും, മത്സരക്ഷമവുമായ ഒരു ഭാവിയാണ് ആഗ്രഹിക്കുന്നതെന്ന് സർക്കാർ വക്താവ് അറിയിച്ചു. അതുകൊണ്ടു തെന്നെയാണ് ടാറ്റായുടെ പദ്ധതിക്ക് 500 മില്യൻ പൗണ്ടിന്റെ സഹായം നൽകുന്നതെന്നും വക്താവ് അറിയിച്ചു. ഇതുവഴി, പോർട്ട് ടബോട്ടിലും വിതരണ ശൃംഖലയിലുമായി ആയിരക്കണക്കിന് തൊഴിലുകൾ സംരക്ഷിക്കാൻ കഴിയുമെന്നും വക്താവ് അറിയിച്ചു.
ടാറ്റയിലെ മാറ്റം പ്രതികൂലമായി ബാധിക്കുന്നവ ജീവനക്കാർക്ക് പിന്തുണയേകാൻ മാത്രമായി രൂപീകരിക്കപ്പെട്ട ട്രാൻസിഷൻ ബോർഡ് ഉണ്ട്. സർക്കാരിന്റെ 80 മില്യൻ പൗണ്ടിന്റെയും ടാറ്റ സ്റ്റീൽ നൽകുന്ന 20 മില്യൻ പൗണ്ടിന്റെയും സഹായത്താലായിരിക്കും ഈ ബോർഡിന്റെ പ്രവർത്തനങ്ങൾ. അതേസമയം, ബ്രിട്ടനിലെ കൺസർവേറ്റീവ് സർക്കാർ ബ്രിട്ടീഷ് ഉരുക്കു നിർമ്മാണ മേഖലയിലേക്ക് നിക്ഷേപം ആകർഷിക്കാൻ പരാജയപ്പെട്ടതുവഴി പോർട്ട് ടബോട്ടിനെ പോലുള്ള പട്ടണങ്ങളെ ശിക്ഷിക്കുകയാണെന്ന് വെൽഷ് ലിബറൽ ഡെമോക്രാറ്റിക് നേതാവ് ജെയ്ൻ ഡോഡ്സ് ആരോപിച്ചു.
ആഗോളാടിസ്ഥാനത്തിൽ തന്നെ ഉരുക്കിനുള്ള ആവശ്യകത ഏറി വരികയാണെന്നും, ഉദ്പാദന ക്ഷമത താരതമ്യേന കുറവുള്ള ഇലക്ട്രിക് ഫർണസ് മാത്രം ഉപയോഗിക്കുന്ന പ്ലാന്റ് വഴി ഭാവിയിലെ അവസരങ്ങൾ കൈക്കലാക്കാൻ ടാറ്റക്ക് കഴിയാതെ വരുമെന്നും പോർട്ട് ടബോട്ടിൽ നിന്നുള്ള എം പിയും ലേബർ നേതാവുമായ സ്റ്റീഫൻ കിന്നോക്ക് പറഞ്ഞു. ബ്രിട്ടന്റെ കാര്യത്തിൽ താത്പര്യം കാട്ടാത്ത വിദേശ രാജ്യങ്ങളിൽ നിന്നും ഉരുക്ക് ഇറക്കുമതി ചെയ്യേണ്ടുന്ന സാഹചര്യം ബ്രിട്ടനുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
അടുത്ത കുറച്ചു കാലങ്ങളായി യു കെയിലെ ഉരുക്ക് നിർമ്മാണ മേഖല പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ് വർദ്ധിച്ചു വരുന്ന ഊർജ്ജവില പ്രവർത്തന ചെലവ് കൂട്ടുകയും തന്മൂലം എതിരാളികളുമായി വിപണിയിൽ മത്സരിക്കാൻ ആകാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് സ്റ്റീലിന്റെ സ്കൻത്രോപ്പ് പ്ലാന്റിലും 7 ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയാണ്.
മറുനാടന് മലയാളി ബ്യൂറോ