തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും കേന്ദ്രസർക്കാരിന്റെ വിമർശനങ്ങൾക്കുമിടെ തിങ്കളാഴ്ച സംസ്ഥാന ബജറ്റ്. ധനമന്ത്രി കെ എൻ ബാലഗോപാൽ തിങ്കളാഴ്ച നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന സാഹചര്യത്തിൽ ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തി വിഷയം ചർച്ചയാക്കുമെന്ന് പ്രതീക്ഷിക്കാം.

കേരളത്തിന്റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റിലെ പിടിപ്പുകേടെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വിശദീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സംസ്ഥാന ബജറ്റ്. കേരളത്തിന്റേത് അതീവ മോശം ധന മാനേജമെന്റ് ആണെന്ന് കേന്ദ്രം കുറ്റപ്പെടുത്തിയിട്ടുണ്ട്. എടുക്കുന്ന കടം ശമ്പളവും പെൻഷനും ഉൾപ്പടെയുള്ള ദൈനംദിന പ്രവർത്തനങ്ങൾക്ക് സംസ്ഥാനം ചെലവഴിക്കുന്നുവെന്നും കേന്ദ്രം പറയുന്നു. കിഫ്ബിക്ക് സ്വന്തമായ വരുമാനസ്രോതസ്സ് ഇല്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിന് എതിരെ കേരളം നൽകിയ സ്യൂട്ട് ഹർജിയിലാണ് കോടതിയെ കേന്ദ്രം നിലപാടറിയിച്ചത്. അടിയന്തരമായി കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സംസ്ഥാന ബജറ്റിന് മുമ്പ് കോടതി പരിഗണിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

വിമർശനം മറികടക്കാൻ

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം പിരിയുമ്പോഴും ധനമന്ത്രിയിൽനിന്ന് എല്ലാവരും മാജിക് പ്രതീക്ഷിക്കുന്നുണ്ട്. മാജിക് കാണിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പണമില്ലാത്ത അവസ്ഥ. ക്ഷേമപെൻഷൻ അഞ്ച് മാസമായി കൊടുത്തിട്ടില്ല. ട്രഷറി നിയന്ത്രണങ്ങൾ തുടരുന്നു. പണമില്ലാത്തതിനാൽ മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികൾക്കു വേണ്ടത്ര പുരോഗതിയില്ല. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കുടിശികയാണ്. ജിഎസ്ടി വന്നതോടെ സംസ്ഥാന ധനമന്ത്രിമാരുടെ പഴയ പ്രൗഢി നഷ്ടമായി. പുതിയ നികുതികൾ ഏർപ്പെടുത്താൻ സാധ്യതകൾ തീരെ കുറഞ്ഞതോടെ, കയ്യിലുള്ള പൈസ വീതിച്ചു കൊടുക്കാമെന്നു മാത്രം. സെസ് ഏർപ്പെടുത്തി പണം കണ്ടെത്താമെന്നു കരുതിയാൽ സാധ്യമായ മേഖലകളിലെല്ലാം ഇപ്പോൾ സെസുണ്ട്. അതിൽ വർധന വരുത്താനേ കഴിയു.

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും എല്ലാം നിന്നുപോകുന്ന അവസ്ഥയില്ലെന്നാണ് സർക്കാർ പറയുന്നത്. സാമ്പത്തിക വളർച്ചയിൽ പുരോഗതിയുണ്ടെന്നു പറയുന്ന സർക്കാർ തന്നെയാണ് അടുത്തവർഷം സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നു പറയുന്നതും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതിനാൽ ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നു. വരുമാനം വർധിപ്പിക്കേണ്ട മേഖലകൾ കണ്ടെത്തിയും പുതിയ നികുതി വരുമാനങ്ങൾ ഏർപ്പെടുത്തിയും മുന്നോട്ടുപോകാനാണ് ധനമന്ത്രിയുടെ ശ്രമം. സാമൂഹികക്ഷേമ പെൻഷനായി 1600 രൂപ കൊടുക്കാനില്ലാത്തപ്പോഴാണു കോടികളുടെ പുതിയ പദ്ധതി കണക്കുകൾ ബജറ്റിലൂടെ പറയേണ്ടതെന്ന വൈരുദ്ധ്യമുണ്ട്. അത് മറികടക്കാൻ വഴി ഒന്നു മാത്രം. കാര്യക്ഷമമായ നികുതി പിരിക്കൽ, ചെലവു ചുരുക്കൽ.

മദ്യത്തിന് അടക്കം നികുതി നിരക്കുകളിൽ മാറ്റമുണ്ടാകില്ല എന്നാണ് വിലയിരുത്തൽ. നികുതി കുറയ്ക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടാകില്ല എന്നിരിക്കെ കൂട്ടുകയാണെങ്കിലും വലിയ രീതിയിൽ കൂട്ടില്ല എന്നാണ് പ്രതീക്ഷ. പ്രതിസന്ധി കാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളും നാളത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിച്ചേക്കും.

ഇന്ധനസെസ് തുടർന്നേക്കും

അതേസമയം നിലവിലെ സാഹചര്യത്തിൽ ക്ഷേമ പെൻഷൻ കൂട്ടാനുള്ള സാധ്യത ഇല്ല. മാസം 900 കോടി വച്ച് കണക്ക് കൂട്ടിയാലും ആറ് മാസത്തെ ക്ഷേമപെൻഷൻ കുടിശിക തീർക്കാൻ മാത്രം വേണം 5400 കോടി രൂപ സർക്കാർ കണ്ടെത്തേണ്ടതുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കിട്ടേണ്ട ഡി എ 2021 മുതൽ കുടിശികയാണ്. ഏഴ് തവണകളായി 22% ഡി എ വർധനവാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാന സർക്കാർ കടം പറഞ്ഞ് നിർത്തിയിരിക്കുന്നത്.

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധനസെസ് ഇത്തവണ പിൻവലിക്കില്ല എന്ന് ഉറപ്പാണ്. പ്രതിപക്ഷം ഇന്ധന സെസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും മുടങ്ങാതിരിക്കാനും നികുതി വരുമാനം കൂട്ടാനും ആയിരിക്കും ബജറ്റിലെ പ്രധാന ശ്രമം. ഭൂനികുതി വർധിപ്പിക്കാനും സാധ്യതയുണ്ട്. ഭൂമിയുടെ ന്യായവില കഴിഞ്ഞ തവണ 20 % വർധിപ്പിച്ചതും കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് കുത്തനെ കൂട്ടിയതും റിയൽ എസ്റ്റേറ്റ് മേഖലയെ മാന്ദ്യത്തിലാക്കിയിരുന്നു.

അതിനാൽ ഇത്തവണ ഇവയിലൊന്നും വർധനവ് ഉണ്ടായേക്കില്ല. ചില സർക്കാർ സേവനങ്ങളുടെ നിരക്ക് കൂട്ടിയേക്കും. ക്ഷേമ പെൻഷൻ മുതൽ സപ്ലൈകോയും നെല്ല് സംഭവണവും വരെ ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന സേവന മേഖലകളിൽ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായേക്കും. വൻകിട പദ്ധതികൾക്കും സർക്കാർ മിഷനുകൾക്കും പണം കണ്ടെത്തും.

തുടരുന്ന നികുതി ചോർച്ച

നികുതി പിരിവ് ഇനിയും കാര്യക്ഷമമാകാനുണ്ടെന്ന് ധനമന്ത്രി തന്നെ സമ്മതിക്കുന്നു. ഐജിഎസ്ടിയിലൂടെ ലഭിക്കേണ്ട വരുമാനം ചോരുന്നു. സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) റിട്ടേണുകളിൽ ഘടനാപരമായ പരിഷ്‌ക്കരണം വരാത്തതിനാൽ 5 വർഷത്തിനിടെ സംസ്ഥാനത്തിന് ശരാശരി 25000 കോടി രൂപയുടെ നഷ്ടമുണ്ടായതായി എക്‌സ്‌പെൻഡിച്ചർ റിവ്യൂ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ബജറ്റിനൊപ്പം റിപ്പോർട്ട് സഭയിൽ വച്ചില്ല. ഇത്തവണ റിപ്പോർട്ട് വയ്ക്കുമോയെന്ന് വ്യക്തമല്ല. റിപ്പോർട്ടിൽ നടപടിയുണ്ടാകാത്തതിനാൽ കമ്മിറ്റി അധ്യക്ഷനായ സാമ്പത്തിക വിദഗ്ധൻ ഡി.നാരായണ കേരളത്തിനു പുറത്തെ സ്ഥാപനത്തിലേക്കു മാറി. വിഭവ സമാഹരണത്തിനുള്ള വഴികൾ സർക്കാർ ഉപയോഗിക്കുന്നില്ലെന്നു ധനകാര്യവിദഗ്ദ്ധർക്ക് അഭിപ്രായമുണ്ട്. മദ്യ, ഇന്ധന നികുതികൾക്കപ്പുറം നടപടികൾ നീങ്ങുന്നില്ല. ഐജിഎസ്ടി പിരിവിൽ പ്രശ്‌നങ്ങളുണ്ടെന്നു മന്ത്രിയും സമ്മതിക്കുന്നു. നടപടികൾക്കു വേഗമില്ല.

അഭിമാനം കാക്കാൻ

2023 ഒക്ടോബർ മുതലുള്ള ക്ഷേമപെൻഷൻ നൽകാനുണ്ട്. ഒരു മാസത്തെ പെൻഷൻ 1600 രൂപയാണ്. പെൻഷൻ കമ്പനിയുടെ ബാധ്യത സർക്കാരിന്റെ കടമാക്കി കണക്കാക്കി കടമെടുക്കാൻ കേന്ദ്രസർക്കാർ അനുവദിക്കാത്തതും, പെൻഷന്റെ കേന്ദ്രവിഹിതം യഥാസമയം നൽകാത്തതുമാണ് പെൻഷൻ മുടങ്ങാൻ കാരണമെന്നു സർക്കാർ പറയുന്നു. പെൻഷൻ വിതരണത്തിന് ആവശ്യമായ തുക ബജറ്റ് വിഹിതത്തിൽനിന്നു കണ്ടെത്തേണ്ട സാഹചര്യം. സാമൂഹിക സുരക്ഷാ ക്ഷേമനിധി പെൻഷനുകൾ അനുവദിക്കുന്നതിനു മാസം 900 കോടി ആവശ്യമാണ്. ഇതിനായി ഇന്ധന സെസ് ഏർപ്പെടുത്തിയെങ്കിലും നവംബർവരെ ലഭിച്ചത് 600 കോടിരൂപ. മദ്യത്തിന്റെ സെസിലൂടെ ലഭിച്ചത് 139 കോടി. ഒരുമാസത്തെ പെൻഷൻ നൽകാൻ ഇത് പര്യാപ്തമല്ല. പെൻഷൻ 2500 രൂപയായി ഉയർത്തുമെന്നായിരുന്നു എൽഡിഎഫിന്റെ വാഗ്ദാനം. ഈ ബജറ്റിൽ 100 രൂപ ഉയർത്തണമെന്നു മുന്നണിയിൽ ആവശ്യമുണ്ട്. കൂടുതൽ വരുമാന മാർഗങ്ങൾ ധനമന്ത്രിക്കു കണ്ടെത്തേണ്ടി വരും.

സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത (ഡിഎ) കുടിശിക 7,973 കോടി രൂപ. പെൻഷൻകാർക്ക് കൊടുക്കാനുള്ള ക്ഷാമാശ്വാസ കുടിശിക 4722.63 കോടി രൂപ. 2023 ഒക്ടോബർ 31 വരെയുള്ള കണക്കാണിത്. 6 ഗഡു ആണ് ഡിഎ കുടിശിക. ശമ്പള പരിഷ്‌കരണ കുടിശിക ഇനത്തിൽ 4000 കോടി രൂപ ജീവനക്കാർക്കു നൽകാനുണ്ട്. എല്ലാം കൂടി 26,226 കോടി രൂപയാണ് ആകെ കുടിശിക. കുടിശികയുടെ ഒരു പങ്കെങ്കിലും നൽകുമെന്നാണു ജീവനക്കാരുടെ പ്രതീക്ഷ.

കേരളം പ്രതീക്ഷിക്കുന്നത്

ക്ഷേമപെൻഷൻ ഉയർത്തിയേക്കും. നികുതി പിരിവ് കാര്യക്ഷമമാക്കാനുള്ള കൂടുതൽ നടപടികൾ. മാന്ദ്യം അകറ്റി വിപണിയെ സജീവമാക്കാനുള്ള ഇടപെടൽ. പെൻഷന് പരിധി നിശ്ചയിച്ചാൽ വലിയ സാമ്പത്തിക നേട്ടമുണ്ടാകും. കടുത്ത നടപടികളിലേക്കു കടക്കാൻ നയപരമായ തീരുമാനം വേണം. കൂടുതൽ മേഖലകളിൽ സെസ് ഏർപ്പെടുത്താം. മദ്യത്തിന്റെ സെസ് വർധിപ്പിക്കാനിടയുണ്ട്. ഭൂനികുതി വർധിക്കാം. റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ ഇളവുകൾ. വിപണി ഇടപെടലിനു കൂടുതൽ പാക്കേജുകൾ. ജീവനക്കാർക്ക് ആനുകൂല്യങ്ങളുടെ ഒരു ഭാഗം പ്രഖ്യാപിച്ചേക്കാം. റബ്ബറിന്റെ താങ്ങുവില ചെറിയ രീതിയിൽ കൂട്ടാനിടയുണ്ട്. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം കൂട്ടണമെന്ന നിർദേശവും സർക്കാരിനു മുന്നിലുണ്ട്.

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപനങ്ങൾ, ഇപ്പോഴത്തെ അവസ്ഥ

മെഡിക്കൽ കോളജ് (70 കോടി രൂപ) : മെഡിക്കൽ കോളജിന്റെ നടത്തിപ്പിനായി പ്രഖ്യാപിച്ച സർക്കാർ വിഹിതമാണിത്. ബജറ്റിൽ പ്രഖ്യാപിച്ചതിനെക്കാൾ പണം കഴിഞ്ഞ വർഷം ലഭിച്ചു. ശമ്പളം മുടങ്ങുന്നതുൾപ്പെടെയുള്ള പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോയി.

കോയമ്പത്തൂർ കൊച്ചി വ്യവസായ ഇടനാഴി (200 കോടി): വ്യവസായ ഇടനാഴിക്കു ഭൂമിയെടുക്കാൻ ഇതുവരെ 1336 കോടിയോളം ചെലവാക്കി. കഴിഞ്ഞ വർഷം ഇരുനൂറിലേറെ കോടി രൂപ ഭൂമിയെടുക്കാൻ വിനിയോഗിച്ചു.

നടപടി തുടരുന്ന പദ്ധതികൾ
1. ചിറ്റൂർപുഴകാഞ്ഞിരപ്പുഴ കനാൽ നവീകരണത്തിന് 22 കോടി രൂപ
2. പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായുള്ള 'പ്രോജക്ട് ടൈഗർ' പദ്ധതിക്കു സംസ്ഥാന വിഹിതം 6.70 കോടി രൂപ.
3. അട്ടപ്പാടി ഭവാനി നദീതടത്തിൽ ചെറുകിട ജലസേചന പദ്ധതികൾക്കും അട്ടപ്പാടിയിൽ തടയണകൾ നിർമ്മിക്കാനുമായി 1.80 കോടി രൂപ

ബജറ്റുകളിലെ 'സ്ഥിരം' പ്രഖ്യാപനങ്ങൾ


റൈസ് പാർക്ക്
കഴിഞ്ഞ ബജറ്റിനു പുറമേ 20122013 , 201415, 201617, 201718, 201819 വർഷങ്ങളിലും ആവർത്തിച്ച പദ്ധതിയാണു റൈസ് ടെക്‌നോളജി പാർക്ക്. എന്താണു റൈസ് ടെക്‌നോളജി പാർക്ക് എന്നതു പോലും വ്യക്തതയില്ലായിരുന്നു. എന്നാൽ, കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 10 കോടി രൂപ കേരള റൈസ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ കഞ്ചിക്കോട് കിൻഫ്രയിൽ ആരംഭിക്കുന്ന റൈസ് പാർക്കിനു നൽകുമെന്നു പിന്നീടു വിശദീകരണം വന്നു. പക്ഷേ, തുക സ്ഥാപനത്തിന് ലഭ്യമായിട്ടില്ല.

നെല്ലുസംഭരണം
കഴിഞ്ഞ ബജറ്റിൽ നെല്ലുസംഭരണത്തിന് തുക അനുവദിച്ചിരുന്നില്ല. പക്ഷേ, അതിനു മുൻപുള്ള ബജറ്റുകളിലെല്ലാം നെല്ലുസംഭരണത്തിന്റെ കാര്യത്തിൽ പലവിധ പ്രഖ്യാപനങ്ങൾ ഉണ്ടായി. ബജറ്റിൽ പറഞ്ഞാലും ഇല്ലെങ്കിലും നെല്ലുസംഭരണം കഴിഞ്ഞ നാലു വർഷമായി താറുമാറായിക്കിടക്കുകയാണ്. നെൽക്കൃഷിക്കായി ബജറ്റിൽ നീക്കിവയ്ക്കുന്ന തുക വിവിധ സ്‌കീമുകൾക്കു പോലും തികയാറുമില്ല.

ടോഡി ബോർഡ്
കള്ള് നിർമ്മാണ, വിപണന, സംസ്‌കരണത്തിന് പല ബജറ്റുകളിലും പ്രഖ്യാപിച്ച ടോഡി ബോർഡിന്റെ പ്രവർത്തനം പാതിയിലാണ്. ബജറ്റ് പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയ പദ്ധതിയുടെ നടപടികൾ തുടരുകയാണെന്നാണു വിശദീകരണം.

അരിവാൾ രോഗം
അരിവാൾരോഗ പ്രതിരോധത്തിനായി പല ബജറ്റുകളിലും നടത്തുന്ന പ്രഖ്യാപനങ്ങൾ യാഥാർഥ്യമാകുന്നില്ല. രോഗം സ്‌ക്രീനിങ് ചെയ്യുന്നതിനു പോലും സൗകര്യമില്ല. അരിവാൾ രോഗികളുടെ മരണവും തുടരുന്നു

കാരവൻ ടൂറിസം
സ്വകാര്യ സംരംഭകരുടെ സഹായത്തോടെ ടൂറിസം വകുപ്പ് പ്രഖ്യാപിച്ച കാരവൻ പദ്ധതി പല ബജറ്റിലും വന്നു. മലമ്പുഴ, മുതലമട, കൊല്ലങ്കോട്, ചാത്തൻപാറ, കവ, ധോണി, ആനക്കട്ടി എന്നിവിടങ്ങളിൽ കാരവൻ പാർക്കിനു നേരത്തെ അനുമതി ലഭിച്ചിരുന്നു. ഒന്നും നടന്നില്ല.

ഏത് തേൻ പാർക്ക്
കഴിഞ്ഞ പല ബജറ്റുകളിലും പ്രഖ്യാപിച്ച വാഴപ്പഴം, നാളികേരം, തേൻ അടിസ്ഥാനപ്പെടുത്തിയ അഗ്രോ പാർക്കുകൾ പ്രഖ്യാപനത്തിൽ ഒതുങ്ങി.

ഇവിടെയൊന്നും കിട്ടിയില്ല
ചിറ്റൂർ ഷുഗർ ഫാക്ടറിയെ പഴയ സമൃദ്ധിയിലേക്കു കൊണ്ടുപോകുന്നതിനായി നവീനങ്ങളായ ഉൽപന്നങ്ങൾ ആരംഭിക്കുമെന്നു ബജറ്റ് പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. വൈൻ ഉണ്ടാക്കുമെന്ന് രണ്ടു വർഷം മുൻപുള്ള ബജറ്റിൽ പ്രഖ്യാപിച്ചു. ഇന്ത്യൻ നിർമ്മിത വിദേശമദ്യം നിർമ്മിക്കുമെന്നു പിന്നീടു സർക്കാർ പ്രഖ്യാപനം വന്നു. നിർമ്മാണപ്രവൃത്തികൾ തുടരുകയാണെന്നു സർക്കാർ പറയുന്നു.

മാംഗോ ഹബ്
മാങ്ങാകർഷകർക്കു പ്രതീക്ഷയേകി മുതലമട മാംഗോ ഹബ് യാഥാർഥ്യമാക്കുമെന്നു പല ബജറ്റുകളിലും പ്രഖ്യാപനം വന്നു. എന്നാൽ, പ്രതിസന്ധി നേരിടുന്ന മാങ്ങാ വിപണിക്ക് ആശ്വാസമാകുന്ന ഹബ് വന്നില്ല.

ബംപർ ടിക്കറ്റെടുത്ത് നറുക്കെടുപ്പിന്റെ തലേന്നു സ്വപ്നങ്ങൾ നെയ്തുകൂട്ടുന്ന അവസ്ഥയിലാണ് സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ലോട്ടറി അടിച്ചാൽ ചെയ്തു തീർക്കേണ്ട ആഗ്രഹങ്ങളുടെ നീണ്ട പട്ടികയുണ്ടാകും എടുക്കുന്നവരുടെ മനസിൽ. ലോട്ടറി അടിക്കുന്നത് സ്വപ്‌നം മാത്രമായാൽ എല്ലാം പഴയപടി തന്നെ തുടരുകയും ചെയ്യും. ധനമന്ത്രിയുടെ മനസിലെ പ്രതീക്ഷകൾ കേരളത്തിന്റെ കടമെടുപ്പ് പരിധി വർധിപ്പിക്കുന്നതും കേന്ദ്ര ഗ്രാന്റുകളുമൊക്കെയാണ്.

എന്നാൽ ധനകാര്യ കമ്മിഷനുകൾ ശുപാർശ ചെയ്തതിനേക്കാൾ തുക കേരളത്തിന് കൈമാറിയിട്ടുണ്ടെന്നാണ് കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറിയ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. അർഹതപ്പെട്ട കേന്ദ്രനികുതി, ധനകമ്മി ഗ്രാന്റുകൾ, കേന്ദ്ര പദ്ധതികളുടെ പണം എന്നിവ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. ധനകാര്യകമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയിട്ടുണ്ടെന്നും കടമെടുപ്പ് പരിധി ഉയർത്താവില്ലെന്നും എജി മുഖേന ധനകാര്യമന്ത്രാലയം സമർപ്പിച്ച 46 പേജുള്ള കുറിപ്പിൽ പറയുന്നു. 2018 - 2019ൽ കടമെടുപ്പ് ജിഡിപിയുടെ 31 ശതമാനമായിരുന്നെങ്കിൽ 2021 - 22 ൽ 39 ശതമാനമായി ഉയർന്നെന്ന് കുറ്റപ്പെടുത്തുന്നു. പഞ്ചാബിനും ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യമാനേജ്മെന്റുള്ള സംസ്ഥാനമാണ് കേരളം.