ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാനും പെൻഷൻ ഉൾപ്പടെ നൽകുന്നതിനും അടിയന്തരമായി 26226 കോടി രൂപ കടമെടുക്കാൻ അനുമതി തേടി കേരളം നൽകിയ ഹർജി തള്ളണമെന്ന് കേന്ദ്രസർക്കാർ. കടമെടുപ്പ് നയപരമായ വിഷയമാണെന്നും അതിൽ ഇടപെടരുതെന്നും ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ഇടക്കാല ഉത്തരവ് തേടി കേരളം സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിന്റെ മറുപടി.

അധിക കടമെടുപ്പിന് കേരളത്തെ അനുവദിച്ചാൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. അടിയന്തര കടമെടുപ്പിന് സംസ്ഥാനത്തിന് അവകാശമില്ലെന്നും പതിനഞ്ചാം ധനകാര്യകമ്മീഷൻ സംസ്ഥാനത്തെ ഉയർന്ന കടബാധ്യതയുള്ള സംസ്ഥാനമായി വിലയിരുത്തുവെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനം ആണ് കടമെടുക്കാൻ അനുമതി ഉള്ളത്. എന്നാൽ കഴിഞ്ഞ രണ്ട് സാമ്പത്തികവർഷവും ഈ പരിധിക്കപ്പുറം കടമെടുക്കാൻ കേരളത്തെ അനുവദിച്ചിട്ടുണ്ട്. 2021-22 സാമ്പത്തിക വർഷം നാല് ശതമാനവും തൊട്ടടുത്ത സാമ്പത്തിക വർഷം 3.5 ശതമാനവും കടമെടുക്കാൻ അനുവദിച്ചിട്ടുണ്ട് എന്നാണ് കേന്ദ്രം സുപ്രീം കോടതിയിയെ അറിയിച്ചിരിക്കുന്നത്.

കേരളം ലോകബാങ്കിൽ നിന്നടക്കം കടമെടുത്തിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്വം കേന്ദ്രത്തിനാണ്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട ലോണിൽ കേരളം വീഴ്‌ച്ച വരുത്തിയിരുന്നു. പിന്നീട് കേന്ദ്രമാണ് ഈ തുക അടച്ചത്. വലിയ കടബാധ്യതയിൽ നിൽക്കുന്ന സംസ്ഥാനത്തിന് വീണ്ടും കടമെടുക്കാൻ അനുവാദം നൽകിയാൽ പ്രതിസന്ധി രൂക്ഷമാകും. രാജ്യത്തിന്റെ പൊതുധനസ്ഥിതിയെ ഇത് ബാധിക്കുമെന്നും കേന്ദ്രം വാദം ഉയർത്തുന്നു.

കേരളത്തിനെ അധികം കടമെടുക്കാൻ അനുവദിച്ചാൽ മറ്റ് സംസ്ഥാനങ്ങളുടെ കടമെടുപ്പിനെയും ബാധിക്കാനിടയുണ്ടെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു. കടമെടുപ്പ് നിയന്ത്രിച്ചില്ലായിരുന്നുവെങ്കിൽ കേരളം കൂടുതൽ പ്രതിസന്ധിയിൽ ആയേനെ എന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വിശദമാക്കി.

കേരളത്തിന് സമാനമായി ബജറ്റിന് പുറത്ത് നിന്ന് തെലുങ്കാന സർക്കാരും വ്യാപകമായി കടം എടുത്തിരുന്നു. എന്നാൽ ഈ കടം പ്രതിസന്ധി സൃഷ്ടിച്ചതായി തെലുങ്കാന സർക്കാർ തിരിച്ചറിഞ്ഞു. ഇക്കാര്യം വിശദീകരിച്ച് തെലുങ്കാന സർക്കാർ ധവളപത്രം ഇറക്കിയതായും സത്യവാങ് മൂലത്തിൽ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കിഫ്ബിക്ക് വേണ്ടിയുള്ള കടമെടുപ്പിനെ എതിർക്കുന്നുവെങ്കിലും സ്വന്തമായി വരുമാനം ഉള്ള കെഎസ്ആർടിസി, കെഎസ്ഇബി എന്നിവയുടെ കടമെടുപ്പിനെ എതിർക്കുന്നില്ല എന്നും കേന്ദ്രം വ്യക്തമാക്കി.

സംസ്ഥാനങ്ങളേക്കാൾ കൂടുതൽ കേന്ദ്രം കടമെടുക്കുന്നുവെന്ന കേരളത്തിന്റെ വാദവും തള്ളി. കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും കടമെടുപ്പിനെ ഒരുപോലെ കാണാൻ കഴിയില്ല എന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്രത്തിന് ഭരണഘടനാ പരമായി സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ അധികാരങ്ങൾ ഉണ്ടെന്നാണ് വിശദീകരണം. കേരളത്തിന്റെ സാമ്പത്തിക അധികാരത്തിൽ കൈകടത്തുന്നു എന്ന സംസ്ഥാനത്തിന്റെ ആക്ഷേപവും കേന്ദ്ര സർക്കാർ തള്ളി. നിയമവിരുദ്ധമോ വിവേചനപരമോ ആയ ഒരു ഇടപെടലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംസ്ഥാനം അപേക്ഷയിൽ ഉന്നയിക്കുന്ന ഓരോന്നിനും മറുപടി പറയുന്ന കേന്ദ്രം സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള സിഎജി, ധനകാര്യകമ്മീഷൻ റിപ്പോർട്ടുകൾ, സംസ്ഥാനകേന്ദ്ര കത്ത് ഇടപാടുകൾ എന്നിവയും നൽകിയിട്ടുണ്ട്. സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്ഥാനമാണ് കേരളം.

തുടർച്ചയായി ധനകാര്യകമ്മീഷനുകൾ ഇത് ചൂണ്ടിക്കാട്ടുന്നു. 2016 ൽ പുറത്തിറക്കിയ ധവളപത്രത്തിൽ ദൈനംദിന ചെലവുകൾക്ക് പണമില്ലെന്ന് സംസ്ഥാനം തന്നെ വ്യക്തമാക്കുന്നു. നികുതി വരുമാനത്തെക്കാൾ കേരളത്തിൽ കടമാണ് കൂടുന്നത്. കടമെടുപ്പ് പരിധി പല ഘടകങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രം തീരുമാനിക്കുന്നതാണ്. ഇതിൽ കോടതി ഇടപെടരുത്. കടമെടുപ്പ് പരിധി നിശ്ചയിക്കുന്നത് സംസ്ഥാന ബജറ്റിലേക്കുള്ള കടന്നുകയറ്റമല്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

കടമെടുപ്പ് സംബന്ധിച്ച വിഷയത്തിൽ കേരളം സുതാര്യമായല്ല നടപടികൾ സ്വീകരിക്കുന്നത് എന്നും കേന്ദ്രം ആരോപിച്ചു. കേന്ദ്രത്തിന്റെ അറിവ് ഇല്ലാതെ കടമെടുക്കുന്നു എന്നാണ് ആരോപണം. വരുമാനങ്ങളേക്കാൾ കൂടുതൽ കേരളം കടമെടുക്കുന്നു എന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. വായ്പാ പരിധി വെട്ടിക്കുറിച്ചതിൽ കേരളം നൽകിയ ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. എജിയുടെ ഓഫീസ് വഴി കേന്ദ്രം നൽകിയ കുറിപ്പിന് സംസ്ഥാനം കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. ഇതിന് മറുപടി നൽകാൻ മൂന്ന് ആഴ്‌ച്ചത്തെ സമയവും കേന്ദ്രം ആവശ്യപ്പെടുന്നുണ്ട്.