- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിച്ചതിൽ വൻ അട്ടിമറി; മാസങ്ങൾക്ക് മുൻപ് സ്ഥലം മാറ്റപ്പെട്ടവർ തന്ത്രപ്രധാന തസ്തികളിൽ തിരിച്ചെത്തി; ഇടതു സർവീസ് സംഘടനാ നേതാക്കളെ കുത്തിനിറച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ; എതിർപ്പുമായി മറ്റ് സർവീസ് സംഘടനകൾ
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റവന്യൂ വകുപ്പ് ജീവനക്കാരുടെ സ്ഥലം മാറ്റത്തിൽ വൻ അട്ടിമറി നടന്നുവെന്ന് പരാതി. തെരഞ്ഞെടുപ്പ് പോലും തകിടം മറിക്കാവുന്ന തരത്തിൽ ചട്ടം ലംഘിച്ച് ഇടതു സർവീസ് സംഘടനാ നേതാക്കളെ തന്ത്രപ്രധാന തസ്തികകളിൽ തിരുകി കയറ്റിയെന്നാണ് ആരോപണം.
ഫെബ്രുവരി ഒമ്പതിന് വന്നിട്ടുള്ള ഉത്തരവിൽ പത്തനംതിട്ട കലക്ടറേറ്റിലെ ക്ലാർക്കുമാർക്കും സീനിയർ ക്ലാർക്കുമാർക്കും വിവിധ സെക്ഷനുകളുടെ ചുമതല നൽകിയിരിക്കുന്നതാണ് ആരോപണത്തിന് കാരണമായിരിക്കുന്നത്. ഈ ഉത്തരവ് പ്രകാരം പത്തനംതിട്ട ലോകസഭാ മണ്ഡലം റിട്ടേണിങ് ഓഫീസറായ ജില്ലാ കളക്ടറുടെ ഇലക്ഷൻ ക്ലർക്കായി നിയമിച്ചിട്ടുള്ള ആറന്മുള വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്ക് വി. വിനോജ് ( ക്രമനമ്പർ 14 ) നിരവധി വർഷങ്ങളായി കളക്ടറേറ്റിൽ ജോലി ചെയ്തിരുന്നയാളാണ്. വില്ലേജ് ഓഫീസ് സേവനം നിർബന്ധമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രകാരം ഏതാനും മാസങ്ങൾക്കു മുൻപ് മാത്രമാണ് ഇദ്ദേഹത്തെ ആറന്മുള വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റിയിട്ടുള്ളത്.
മുൻകാലങ്ങളിൽ കളക്ടറേറ്റിലെ സീക്രട്ട് സെക്ഷനിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും ഒരാളെ റിട്ടേണിങ് ഓഫീസറുടെ ഇലക്ഷൻ ക്ലാർക്ക് നിയമിക്കുന്നതായിരുന്നു കീഴ്വഴക്കം. ഇത് അട്ടിമറിച്ചാണ് വിനോജിനെ ഇപ്പോൾ ഇലക്ഷൻ ക്ലാർക്ക് ആയി നിയമിച്ചിരിക്കുന്നത്. കോന്നി നിയോജകമണ്ഡലത്തിന്റെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ ഡെപ്യൂട്ടി കളക്ടർ (എൽ. ആർ.) ന്റെ ഇലക്ഷൻ ക്ലർക്കായി നിയമിച്ചിട്ടുള്ള കോഴഞ്ചേരി വില്ലേജ് ഓഫീസിലെ സീനിയർ ക്ലാർക്കായ എസ്. ഗിരീഷ് ( ക്രമനമ്പർ 15) കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് ടൂർ പോയ സംഭവത്തിലെ മുഖ്യ സംഘാടകനായിരുന്ന ഇദ്ദേഹത്തിനെതിരെ നടന്ന അന്വേഷണത്തിന്റെ ഭാഗമായാണ് കോഴഞ്ചേരി വില്ലേജ് ഓഫീസിലേക്ക് സ്ഥലംമാറ്റിയത് എന്നാൽ ഇപ്പോൾ കോന്നി നിയോജകമണ്ഡലത്തിന്റെ ഇലക്ഷൻ ക്ലാർക്കായിട്ടാണ് നിയമിച്ചിരിക്കുന്നത്.
മല്ലപ്പള്ളി താലൂക്ക് ഓഫീസിലെ സീനിയർ ക്ലർക്കായ റ്റി. എൻ. മോഹൻ കുമാറിനെ ( ക്രമനമ്പർ 16 ) റാന്നി നിയോജക മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ ഡെപ്യൂട്ടി കളക്ടർ (എൽ. എ.) ഇലക്ഷൻ ക്ലർക്കായിട്ടാണ് നിയമിച്ചിരിക്കുന്നത്. ടി. എസ്.സുരേഷ്, ( ക്രമനമ്പർ 17) വി.ഷാജു ( ക്രമനമ്പർ 18 ) എന്നിവരെ ലോക്സഭാ റിട്ടേണിങ് ഓഫീസറായ ജില്ലാ കലക്ടറുടെ ഓഫീസിലേക്കാണ് നിയമിച്ചിട്ടുള്ളത്. ഇവർ മൂന്നുപേരും സീനിയർ ക്ലാർക്കുമാരായി പ്രമോഷൻ ലഭിച്ച് ജില്ലയ്ക്ക് പുറത്തു പോയവരാണ്. ഏതാനും നാളുകൾക്ക് മുൻപ് മാത്രമാണ് സ്ഥലം മാറ്റം ലഭിച്ച് മല്ലപ്പള്ളി താലൂക്ക് ഓഫീസിൽ എത്തിയത്.
അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരായ ഡെപ്യൂട്ടി കളക്ടർമാരുടെ സെക്ഷനിലെ ജീവനക്കാരെ മാത്രമാണ് നാളിതുവരെ ഇലക്ഷൻ ക്ലർക്കുമാരായി നിയമിക്കാറുള്ളത്. എന്നാൽ നിലവിൽ കളക്ടറേറ്റിൽ സീനിയർ ക്ലാർക്കുമാരുടെ ഒഴിവുകൾ ഇല്ലാതിരുന്നിട്ടും ഭരണാനുകൂല സംഘടനയുടെ ഭാരവാഹികളായവരെ മാത്രം തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയമിച്ചു കൊണ്ടുള്ള പത്തനംതിട്ട എ. ഡി. എം. ഉത്തരവിൽ ക്രമനമ്പർ 14 മുതൽ 18 വരെയുള്ള ഇവരുടെ പേരിന് നേരെ മാത്രം ഏത് ഓഫീസിൽ നിന്നാണ് കളക്ടറേറ്റിലേക്ക് സ്ഥലം മാറ്റിയതെന്ന് ബോധപൂർവം മറച്ചുവെച്ചത് ഏറെ ദുരൂഹമാണ്.
എന്നുമാത്രമല്ല കളക്ടറേറ്റിൽ മൂന്നുവർഷ സേവനം പൂർത്തിയാക്കിയ എൽ. ഡി.ക്ലാർക്ക്, സീനിയർ ക്ലാർക്ക് എന്നിവരെ ഓഫീസ് മാറ്റണമെന്ന സ്ഥലംമാറ്റ ചട്ടത്തിന് വിരുദ്ധമായി മറ്റൊരു സീറ്റിലേക്ക് മാറ്റി നിയമിച്ച് ഇലക്ഷൻ പ്രഖ്യാപനത്തിന് മുൻപ് വളരെ ധൃതി പിടിച്ച് ഇറക്കിയ എ. ഡി. എം. ന്റെ ഈ ഉത്തരവ് നിയമ ലംഘനമാണ്. തികച്ചും രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായി.ഭരണത്തിലുള്ള രാഷ്ട്രീയ പാർട്ടിയുടെ സർവീസ് സംഘടനയിലെ നേതാക്കളെ മാത്രം തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ളത് നിഷ്പക്ഷവും നീതിപൂർവ്വമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അട്ടിമറിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടുകൂടി തന്നെയാണ്.
ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അസംബ്ലി ലെവൽ ട്രെയിനർമാരായി ജോയിന്റ് കൗൺസിലിന്റെ ജില്ലയിലെ സംസ്ഥാന ഭാരവാഹികളെയും ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള സംഘടന നേതാക്കളെ മാത്രം നിയമിച്ചത് നേരത്തെ വിവാദമായിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്