- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃപ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു; സ്ഫോടനത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; പൊലീസും എഫ് ഐ ആർ ഇട്ടു; തകർന്നത് അമ്പതോളം വീടുകൾ; മൂന്ന് പേരുടെ പരിക്ക് ഗുരുതരം
കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ദിവാകരൻ (55) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദിവാകരൻ. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ രണ്ടായി. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു ആണ് നേരത്തെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് നാല് പേരിൽ ഒരാളാണ് ദിവാകരൻ. അപകടത്തിൽ മൊത്തം 16 പേർക്കാണ് പരിക്കേറ്റത്. മറ്റുള്ളവർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തൃപ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ കലക്ടറും എറണാകുളം സിറ്റി പൊലീസ് കമ്മീഷണറും സംഭവം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു ഉത്തരവിലുണ്ട്.
ഇന്ന് രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്ഫോടകവസ്തുക്കൾ ശേഖരിച്ച് വച്ചിരുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തുക്കൾ വാഹനത്തിൽ നിന്ന് പടക്കപ്പുരയിലേക്ക് എടുത്തുവെയ്ക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. പടക്കപ്പുരയിൽ ഉണ്ടായിരുന്നവർക്കും സ്ഫോടക വസ്തുക്കൾ ഇറക്കാൻ സഹായിച്ചവർക്കുമാണ് പരിക്കേറ്റത്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റർ ദൂരം വരെ സ്ഫോടക വസ്തുക്കൾ തെറിച്ചുവീണു. സ്ഫോടക വസ്തുക്കൾ തെറിച്ച് വീണാണ് ചുറ്റുമുള്ള വീടുകളിൽ നാശനഷ്ടം സംഭവിച്ചത്.
സ്ഫോടനം നടന്ന സ്ഥലത്തിന് ചുറ്റും ജനവാസകേന്ദ്രമാണ്. കൂടാതെ തൊട്ടടുത്തുള്ള കടകളിലും റോഡുകളിലുമായി നിരവധി ആളുകൾ ഉണ്ടായിരുന്ന സമയത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് പിന്നാലെ അനുഭവപ്പെട്ട പ്രകമ്പനം അര കിലോമീറ്റർ ചുറ്റളവ് വരെ അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. ചുറ്റുമുള്ള വീടുകളിലേക്ക് സ്ഫോടക വസ്തുക്കൾ തെറിച്ചുവീണ് കുട്ടികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിട്ടുമുണ്ട്. പടക്കപ്പുരയ്ക്ക് സമീപമുള്ള 50 ഓളം വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്.
വൈകുന്നേരം 7 മണിയോടെയാണ് ദിവാകരൻ മരണത്തിന് കീഴടങ്ങിയതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. എന്നാൽ ഇയാളുടെ മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല. തീവ്ര പരിചരണത്തിൽ പൊള്ളൽ ഐ സി.യുവിൽ ചികിത്സയിലായിരുന്ന ദിവാകരന് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.
രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. അടുത്തുള്ള വീടുകളെല്ലാം തകർന്നു. ആദ്യഘട്ടത്തിൽ 25 വീടുകൾക്ക് കേടുപാടുണ്ടായെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ 50 ഓളം കെട്ടിടങ്ങൾ തകർന്നതായി പ്രദേശവാസികൾ പറഞ്ഞു. അനുമതിയില്ലാതെയാണ് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സ്പോടക വസ്തുക്കൾ സൂക്ഷിക്കാൻ അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയർഫോഴ്സും സ്ഥിരീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ