ന്യൂഡൽഹി: വധശിക്ഷയിൽനിന്ന് ഇളവുലഭിച്ച ഇന്ത്യയുടെ എട്ട് മുൻനാവികരെ ഖത്തർ മോചിപ്പിച്ചത് അമീറിന്റെ മാപ്പു നൽകലിനെ തുടർന്ന്. നിരുപാധികമാണ് ഇവർക്ക് ഖത്തർ മാപ്പു നൽകിയത്. ഖത്തറിൽ ജയിലിൽ തുടർന്ന നാവികരെ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനിയാണ് വിട്ടയക്കാൻ തീരുമാനിച്ചത്. അതിൽ മലയാളി ഉൾപ്പെടെ ഏഴുപേരും തിങ്കളാഴ്ച പുലർച്ചെ ഇന്ത്യയിലെത്തി. ഒരാൾ വൈകാതെയെത്തും.

ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അൽ ദഹ്റയിൽ ജോലിചെയ്യവേയാണ് ഇവർ അറസ്റ്റിലായത്. ഇന്ത്യയോ ഖത്തറോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചാരവൃത്തിയാരോപിച്ചാണ് ഇവരെ അറസ്റ്റുചെയ്തതെന്നാണ് റിപ്പോർട്ടുകൾ. അൽ ദഹ്റ കമ്പനി മേയിൽ അടച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തു പറയരുതെന്ന നിബന്ധനയിലാണ് എല്ലാവരേയും മോചിപ്പിച്ചത്. അതുകൊണ്ട് തന്നെ നടപടിക്രമങ്ങളിൽ രഹസ്യാത്മകത തുടരും. വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയത്തിലെ എല്ലാക്കാര്യങ്ങളിലും പ്രധാനമന്ത്രിയുടെ വ്യക്തിപരമായ മേൽനോട്ടമുണ്ടായിരുന്നു. എന്നാൽ വിട്ടയയ്ക്കലിന്റെ സ്വഭാവം പോലും ഇന്ത്യയും പുറത്തു പറയുന്നില്ല. മോചനമാണോ മാപ്പുനൽകിയതാണോ എന്നൊക്കെ വിശേഷപദങ്ങളിൽ പറയുന്നതിലും നാവികർ തിരിച്ചെത്തിയെന്ന വസ്തുതയെയാണ് കാണേണ്ടതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. അതിനിടെയാണ് യു.എ.ഇ. സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി ഖത്തറിലേക്ക് പോകുമെന്നും വിശദീകരിച്ചിരിക്കുന്നത്.

ചൊവ്വാഴ്ചയാരംഭിക്കുന്ന രണ്ടുദിവസത്തെ യു.എ.ഇ. സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി ഖത്തറിലേക്കുപോകും. ഖത്തർ തലസ്ഥാനമായ ദോഹയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ത്താനിയുമായി മോദി ചർച്ചകൾ നടത്തും. യു.എ.ഇ. സന്ദർശനത്തിന്റെ രണ്ടാംദിനമായ ബുധനാഴ്ച ഉച്ചകഴിഞ്ഞാകും മോദി ദോഹയിലേക്ക് പോകുന്നത്. യു.എ.ഇ. സന്ദർശനത്തിന്റെ രണ്ടാംദിവസം അുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രവും മോദി ഉദ്ഘാടനം ചെയ്യും. ഖത്തറിലെ രാഷ്ട്ര തലവന് നന്ദി നേരിട്ട് പറയാനാണ് മോദിയുടെ ദോഹാ യാത്രയെന്നാണ് സൂചന.

സാധനങ്ങൾ പായ്ക്ക് ചെയ്ത് തയ്യാറായിരിക്കാൻ ഞായറാഴ്ച രാത്രിയാണ് ഇവരോട് ജയിലധികൃതർ ആവശ്യപ്പെട്ടത്. പിന്നീട് എംബസിയിലേക്കും അവിടെനിന്ന് വിമാനത്താവളത്തിലേക്കും കൊണ്ടുപോകുമ്പോഴും നാട്ടിലേക്കു മടങ്ങുകയാണെന്ന് അറിയുമായിരുന്നില്ലെന്നാണ് നാവികരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് ഇൻഡിഗോ വിമാനത്തിൽ ഇവർ ഡൽഹിയിലിറങ്ങിയത്. അപ്പോൾ മാത്രമാണ് മോചിക്കപ്പെട്ടുവെന്ന് ഇവർക്കും ഉറപ്പായത്. ആദ്യം വധശിക്ഷയാണ് വിധിച്ചത്. അതിനെതിരായ അപ്പീലിൽ തടവ് ശിക്ഷയായി. ഇന്ത്യൻ ജയിലിൽ ശിക്ഷ നൽകാമെന്ന് പോലും ഖത്തറിന് മുന്നിൽ ഇന്ത്യ നിർദ്ദേശം വച്ചിരുന്നു. അതുകൊണ്ട് തന്നെ ഡൽഹിയിലേക്ക് വീട്ടിലേക്ക് പോകാൻ അനുവദിക്കും വരെ അനിശ്ചിതത്വം തുടർന്നു.

ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, കമാൻഡർ അമിത് നാഗ്പാൽ, തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് തിരിച്ചെത്തിയത്. ദോഹയിൽ തുടരുന്ന കമാൻഡർ പൂർണേന്ദു തിവാരിയും വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് അറിയുന്നത്. രാഗേഷ് ഗോപകുമാർ തിരുവനന്തപുരത്തെ വീട്ടിൽ തിരിച്ചെത്തി. മാധ്യമങ്ങളോട് കരുതലോടെയാണ് പ്രതികരിച്ചത്. രാഗേഷിനെ സ്വീകരിക്കാൻ കുടുംബം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിരുന്നു.

ഖത്തർ അമീറിന്റെ തീരുമാനം സ്വാഗതംചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വധശിക്ഷ നേരിട്ടവരെ മോചിപ്പിക്കാനായത് ഇന്ത്യയുടെ നയതന്ത്രവിജയമായാണ് വിലയിരുത്തപ്പെടുന്നത്. ദുബായിൽനടന്ന കോപ്-28 ഉച്ചകോടിയിൽ ഖത്തർ അമീറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിൽ നാവികരുടെ വിഷയവും ചർച്ചയായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഖത്തർ അധികൃതരുമായുള്ള ചർച്ചകളിൽ നിർണ്ണായ ഇടപെടൽ നടത്തി.

ഡൽഹി വിമാനത്താവളത്തിലിറങ്ങിയ മുൻ നാവികർ 'ഭാരത് മാതാ കീ ജയ്' വിളിച്ചുകൊണ്ടാണ് പുറത്തേക്കു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഖത്തർ അമീറിനും മടങ്ങിയെത്തിയവർ നന്ദിപറഞ്ഞു.