- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനുനയ നീക്കവുമായി കേന്ദ്രമന്ത്രിമാർ; ഉറപ്പുകളല്ല, വേണ്ടത് നടപടിയെന്ന് കർഷകർ
ന്യൂഡൽഹി: കർഷകർ മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ഉറപ്പുകളല്ല, മറിച്ച് നടപടിയാണ് വേണ്ടതെന്ന് വ്യക്തമാക്കി കർഷക സംഘടന നേതാക്കൾ. താങ്ങുവില നിയമപരമാക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കർഷകസംഘടനകൾ രാജ്യതലസ്ഥാനം വളയൽ സമരം -ഡൽഹി ചലോ മാർച്ച്- പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി കേന്ദ്രമന്ത്രിമാരുമായി സംഘടന നേതാക്കൾ നടത്തിയ അഞ്ചു മണിക്കൂർ ചർച്ച പരാജയപ്പെട്ടതോടെയാണ് കർഷകർ സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. സംസ്ഥാനങ്ങളുമായി ചർച്ച നടത്താതെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി.
അനുനയ നീക്കവുമായി കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ, കൃഷിമന്ത്രി അർജുൻ മുണ്ടെ എന്നിവരുടെ നേതൃത്വത്തിൽ ചണ്ഡീഗഢിൽ നടത്തിയ ചർച്ച അർധരാത്രി കഴിഞ്ഞപ്പോഴാണ് അവസാനിച്ചത്. ഇത് പരാജയപ്പെട്ടതോടെയാണ് കർഷകർ സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
2020ലെ വൈദ്യുതി നിയമം പിൻവലിക്കുക, ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം, കർഷക സമരത്തിന്റെ കാലത്തെടുത്ത കേസുകൾ പിൻവലിക്കണം എന്നതടക്കം ആവശ്യങ്ങളുയർത്തിയാണ് സമരം. സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയിതര വിഭാഗത്തിന്റെയും കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തിൽ ഇരുനൂറിലേറെ കർഷക സംഘടനകളാണ് സമരം പ്രഖ്യാപിച്ച് രംഗത്തുവന്നത്.
തിങ്കളാഴ്ച നടന്ന ചർച്ചയിൽ ഇക്കാര്യങ്ങളിൽ കേന്ദ്രമന്ത്രിമാർ ഉറപ്പ് നൽകിയെങ്കിലും, ഇത്തരം ഉറപ്പുകൾ നേരത്തേ നൽകിയതാണെന്നും നടപടിയൊന്നുമുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഡൽഹി ചലോ മാർച്ചിന് കർഷകരെത്തുന്നത് ആവശ്യമെങ്കിൽ നീണ്ടകാലത്തേക്കും പോരാട്ടത്തിനുറച്ചാണ്. ഇതിനാവശ്യമായ ഭക്ഷണസാധനങ്ങളും ഇന്ധനവും തങ്ങൾ കരുതിവെച്ചതായി കർഷകർ പറയുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് കർഷകർ വ്യക്തമാക്കുന്നത്.
കർഷക മാർച്ച് രാജ്യതലസ്ഥാനത്തേക്ക് കടക്കുന്നത് തടയുന്നതിനായി സകലസന്നാഹങ്ങളും ഒരുക്കി കേന്ദ്രസർക്കാർ നിൽക്കുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ളതെല്ലാം മുൻകൂട്ടി ഒരുക്കിയാണ് കർഷകർ ഇത്തവണ എത്തിയിട്ടുള്ളത്. ആറുമാസത്തേക്കുള്ള ഭക്ഷണവും ആവശ്യത്തിന് ഡീസലും മുൻകൂർ കൈയിൽകരുതിയാണ് ഇത്തവണ മാർച്ചിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളതെന്ന് കർഷകർ പറയുന്നു.
കേന്ദ്രസർക്കാർ തങ്ങളുടെ ക്ഷമയെ പരീക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാൽ അതൊന്നും ഇത്തവണ സമരത്തെ ബാധിക്കില്ലെന്നും കർഷകർ പറയുന്നു. കഴിഞ്ഞ തവണത്തെ പോലെ സർക്കാരിന്റെ വാക്ക് വിശ്വസിച്ച് മടങ്ങില്ലെന്നും ആവശ്യങ്ങളെല്ലാം അംഗീകരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമേ മടങ്ങൂ എന്നും കർഷകർ പറയുന്നു.
'സൂചി മുതൽ ചുറ്റിക വരെ ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഈ ട്രോളികളിലുണ്ട്. കല്ലുകൾ പിളർക്കാനുള്ള ആയുധങ്ങൾ മുതൽ ആറു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും ഡീസലും കരുതിയിട്ടുണ്ട്. ഞങ്ങളുടെ ആവശ്യത്തിന് പുറമേ ഹരിയാനയിൽ നിന്നുമെത്തുന്ന സഹോദരങ്ങൾക്കുവേണ്ടിയുള്ള വിഭവങ്ങളും ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്,' - ഗുർദാസ്പുരിൽ നിന്നുള്ള കർഷകനായ ഹർഭജൻ സിങ് പറഞ്ഞു. ഡൽഹിയിലേക്ക് യാത്ര ചെയ്യുന്ന ഹർഭജന്റെ ട്രാക്ടറിൽ ഒന്നല്ല, നിറയെ സാധനങ്ങൾ നിറച്ച രണ്ട് ട്രോളികളാണ് ഘടിപ്പിച്ചിട്ടുള്ളത്. 2020-ലെ കർഷകസമരത്തിലും ഹർഭജൻ പങ്കാളിയായിരുന്നു.
മാർച്ചിനെ പരാജയപ്പെടുത്താൻ പമ്പുകളിൽനിന്ന് ഡീസൽ നൽകുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു. 2020-ൽ 13 മാസത്തോളം നീണ്ടുസമരമാണ് നടത്തിയത്. അന്ന് തന്ന വാഗ്ദാനങ്ങൾ നിറവേറ്റിയില്ല. ഇത്തവണ അതുറപ്പാക്കിയിട്ടേ മടങ്ങുകയുള്ളൂവെന്ന് ഹർഭജൻസിങ് പറഞ്ഞു.
കർഷകരുടെ ഡൽഹി ചലോ മാർച്ചിനിടെ ഹരിയാന അതിർത്തിയിൽ വൻ സംഘർഷം രൂപപ്പെട്ടു. സമരക്കാർക്ക് നേരെ പൊലീസ് ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം പ്രയോഗിച്ചു. കാൽനടയായി എത്തിയ കർഷകരെ കസ്റ്റഡിയിലെടുത്തു. ട്രാക്ടറുകൾ പിടിച്ചെടുത്തു. സിംഘു അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ട്രാക്ടർ ടയർ പഞ്ചറാകാൻ റോഡിലാകെ മുള്ളു കമ്പി നിരത്തിയിട്ടുണ്ട്.
കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ചെങ്കോട്ട അടച്ചു. സന്ദർശകർക്ക് പ്രവേശനം അനുവധിക്കില്ല. പൊലീസുമായുള്ള സംഘർഷത്തിന്റെ സാഹചര്യത്തിലും കൂടുതൽ കർഷകർ പ്രദേശത്തേക്ക് ഒഴികിയെത്തുകയാണ്. ഷംബു അതിർത്തിയിലേക്ക് മാർച്ചിന് കൂടുതൽ ട്രാക്ടറുകൾ കർഷകർ തയ്യാറാക്കി.
അൻപത് കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന ചലോ ഡൽഹി മാർച്ച് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്നാണ് രാവിലെ തുടങ്ങിയത്. ആയിരക്കണക്കിന് കർഷകരാണ് ഡൽഹിയിലേക്ക് തിരിച്ചത്. ഫത്തേഗഡ് സാഹിബിൽ മാത്രം 1700 ട്രാക്ടറുകളാണ് മാർച്ചിനായി എത്തിച്ചത്. അതിർത്തി ജില്ലകളിലെല്ലാം ഹരിയാന ഇന്റർനെറ്റ് റദ്ദാക്കി. സമരത്തിൽ പങ്കെടുക്കുന്ന ഹരിയാനയിലെ കർഷകരുടെ പാസ്പോർട്ട് റദ്ദാക്കുമെന്നും ട്രാക്ടർ പിടിച്ചെടുക്കുമെന്നും സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നല്കി. അതിർത്തിയിൽ തടയുന്ന സ്ഥലങ്ങളിൽ ഇരിക്കാനും അടുത്ത ഘട്ടത്തിൽ ഡൽഹിയിലേക്ക് കടക്കാനുള്ള നീക്കം ആലോചിക്കാനുമാണ് സംഘടനകളുടെ തീരുമാനം
ഇന്നലെ കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ റായി എന്നിവരുമായാണ് കർഷക സംഘടനകൾ ചർച്ച നടത്തിയത്. രാത്രി പതിനൊന്നിന് അവസാനിച്ച ചർച്ചയിൽ പഴയ സമരകാലത്ത് എടുത്ത കേസുകൾ റദ്ദാക്കാമെന്ന് സർക്കാർ ഉറപ്പു നല്കി. എന്നാൽ താങ്ങുവിലയ്ക്ക് നിയമസാധുത നല്കുന്ന നിയമം ഈ സർക്കാരിന്റെ കാലത്ത് ഇനി പാസ്സാകില്ല എന്നാണ് മന്ത്രിമാർ അറിയിച്ചത്. താങ്ങുവിലയുടെ കാര്യത്തിൽ നടപടിയില്ലാതെ പിന്നോട്ടില്ലെന്ന് കർഷകർ പറഞ്ഞു.
അറുപത് വയസ് കഴിഞ്ഞ കർഷകർക്ക് പതിനായിരം രൂപ പെൻഷൻ നല്കണം എന്ന ആവശ്യവും സംഘടനകൾ ശക്തമാക്കുകയാണ്. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തേ കർഷകരുടെ ആവശ്യങ്ങളിൽ തീരുമാനം എടുക്കാൻ കഴിയൂ എന്ന് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട വ്യക്തമാക്കി. സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച ഡൽഹി സർക്കാർ കർഷകർ അതിർത്തി കടന്നെത്തിയാൽ ഡൽഹിയിൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് പ്രഖ്യാപിച്ചു.