- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജോലികൾ നിർത്തി വയ്ക്കൂ; നമ്മുക്കിടയിലെ പോരാളികളെ തിരിച്ചറിയേണ്ട സമയമാണിത്; ഒരു ഗ്രാമത്തിൽ നിന്നും രണ്ട് ട്രാക്ടർ ട്രോളികൾ സഹിതം 100 പേരെ വീതം അയയ്ക്കണം'; 12,500 ഗ്രാമങ്ങൾക്ക് നിർദ്ദേശം നൽകി കർഷക നേതാക്കൾ; ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരവുമായി മാത്രം കേന്ദ്രമന്ത്രിമാർ ചർച്ചയ്ക്ക് വന്നാൽ മതിയെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽനിൽക്കെ വീണ്ടും രാജ്യതലസ്ഥാനം കർഷകസമരത്തിന്റെ തീച്ചുളയിൽ വിറയ്ക്കുന്നത് ഭരണകക്ഷികൾക്ക് കടുത്ത സമ്മർദ്ദമാണ് ഉയർത്തുന്നത്. സമരച്ചൂടിലേക്ക് കർഷകർ നീങ്ങുന്നതിന് മുമ്പ് അനുനയ ചർച്ചയിലൂടെ പരിഹാരം തേടുകയാണ് കേന്ദ്രസർക്കാർ. കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ പരിഹാരം മുന്നോട്ടുവയ്ക്കുന്നതിനായി കേന്ദ്രമന്ത്രിമാർ വൈകുന്നേരും ചർച്ച നടത്താനിരിക്കെ സമ്മർദ്ദം ഏറ്റിക്കൊണ്ട് സമരത്തിന്റെ വീര്യം ഉയർത്താനുള്ള നീക്കത്തിലാണ് കർഷക നേതാക്കൾ.
കേന്ദ്രസർക്കാറിനെ മുൾമുനയിൽ നിർത്തിയ 2020-'21 കാലത്തുനടന്ന ആദ്യ കർഷകസമരത്തെ അനുസ്മരിപ്പിക്കും വിധമാണ് പുതിയ സമരത്തിന്റെ മുന്നൊരുക്കങ്ങൾ. ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ച് രാജ്യതലസ്ഥാനം വളയാൻ ലക്ഷ്യമിടുന്ന കർഷകർ ഉന്നയിക്കുന്നതിലേറെയും താങ്ങുവിലയടക്കം മുമ്പുയർത്തിയ വിഷയങ്ങൾതന്നെയാണ്.
കേന്ദ്രസർക്കാരിന്റെ സമവായ ശ്രമങ്ങൾക്കും ചർച്ചകൾക്കുമിടെ ഹരിയാന അതിർത്തിയിലേക്കു കൂടുതൽ സമരക്കാരെ എത്തിക്കാൻ കർഷക നേതാക്കൾ ആഹ്വാനം ചെയ്തു കഴിഞ്ഞു. ഒരു ഗ്രാമത്തിൽനിന്ന് രണ്ട് ട്രാക്ടർ ട്രോളികൾ സഹിതം 100 പേരെ വീതം ഹരിയാന അതിർത്തിയിലേക്ക് അയയ്ക്കാനാണു കർഷക നേതാക്കൾ 12,500 ഗ്രാമങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭാരതീയ കിസാൻ യൂണിയൻ (സിന്ധുപുർ) പഞ്ചാബ് ജനറൽ സെക്രട്ടറി കാക്കാ സിങ് കോട്റയാണ് വിഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.
''ജോലികൾ നിർത്തി വയ്ക്കൂ, ഗ്രാമത്തിൽ ഒരുമിച്ചുകൂടി ആളുകളെ ഹരിയാനപഞ്ചാബ് അതിർത്തിയിലേക്ക് അയയ്ക്കൂ. നമ്മുക്കിടയിലെ പോരാളികളെ തിരിച്ചറിയേണ്ട സമയമാണിത്''വിഡിയോ സന്ദേശത്തിൽ പറയുന്നു. ചർച്ചയ്ക്കു വരുന്ന മന്ത്രിമാർ തങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരവുമായി മാത്രം വന്നാൽ മതിയെന്നും കോട്‌റ മുന്നറിയിപ്പു നൽകി. കേന്ദ്ര മന്ത്രിമാരായ അർജുൻ മുണ്ട, പിയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവർ കർഷകരുമായി ഇന്നു അഞ്ച് മണിക്ക് വീണ്ടും ചർച്ച നടത്തുന്നുണ്ട്. ചർച്ച കഴിയും വരെ അതിർത്തിയിൽനിന്നു മുന്നോട്ടു നീങ്ങില്ലെന്നു കർഷകർ വ്യക്തമാക്കി. സർക്കാരിന്റെ നിലപാടിന് അനുസരിച്ചായിരിക്കും സമരത്തിന്റെ മുന്നോട്ടുള്ള പോക്കെന്നാണു കർഷകർ വ്യക്തമാക്കുന്നത്.
പോരാട്ട വീര്യം ചോരാതെ കർഷകർ
#WATCH | General Secretary of Punjab Kisan Mazdoor Sangharsh Committee, Sarvan Singh Pandher says, "We have a meeting with the ministers today, and we want PM Modi to have a conversation with them so that we can reach a solution for our demands. Or else, we should be allowed to… pic.twitter.com/j7Z3TlflMI
- ANI (@ANI) February 15, 2024
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ വിലപേലശൽ തന്ത്രവുമായാണ് കർഷകർ അണിനിരക്കുന്നത്. 2020'21 കാലത്ത് നടന്ന ആദ്യ കർഷകസമരം നയിച്ച സംയുക്ത കിസാൻ മോർച്ചയിൽനിന്ന് പിരിഞ്ഞുപോന്ന രാഷ്ട്രീയേതര വിഭാഗമാണ് ഇപ്പോഴത്തെ സമരത്തിനു പിന്നിലുള്ള പ്രധാനികൾ. കർഷകസംഘടനകൾ ഭിന്നിച്ചുനിൽക്കുന്ന സാഹചര്യവുമുണ്ട്. എന്നാൽ കോൺഗ്രസും ആം ആദ്മി പാർട്ടിയുമടക്കം സമരത്തെ പരസ്യമായി തന്നെ പിന്തുണച്ച് രംഗത്ത് വന്നതോടെ രാഷ്ട്രീയ മാനങ്ങൾ കൈവന്നുകഴിഞ്ഞു.
പ്രതിരോധ കോട്ടയായി അതിർത്തികൾ
അന്നത്തെ സമരത്തിൽ കർഷകർ ഡൽഹി അതിർത്തികളിലെത്തിയാണ് തമ്പടിച്ചിരുന്നതെങ്കിൽ ഇത്തവണ അയൽസംസ്ഥാനങ്ങളുടെ അതിർത്തിക്കപ്പുറംതന്നെ പ്രതിഷേധക്കാരെ തടഞ്ഞു. പഞ്ചാബിൽനിന്ന് ഡൽഹി ലക്ഷ്യമിട്ട് പുറപ്പെട്ട കർഷകരെ ഹരിയാണയിലേക്ക് കയറ്റിയിട്ടില്ല.
മുൻ പാഠങ്ങൾ മുമ്പിലുള്ളതിനാൽ കേന്ദ്രസർക്കാർ എല്ലാ പഴുതുമടച്ചാണ് പ്രതിരോധിക്കുന്നത്. സമരക്കാർ പഞ്ചാബ്-ഹരിയാണ അതിർത്തികളിലാണെങ്കിലും കഴിഞ്ഞതവണ സമരംനടന്ന ഡൽഹി അതിർത്തികളിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രതിരോധം. പല തലങ്ങളിലെ ബാരിക്കേഡുകളും കാവലുകളുമുണ്ട്. ദേശീയപാതയടച്ചിട്ട് ഗതാഗഗത നിയന്ത്രണവുമുണ്ട്. ഇത്തവണ സമരത്തിന്റെ തുടക്കത്തിൽത്തന്നെ സർക്കാർ ചർച്ചയ്ക്ക് തയ്യാറാകുന്നുമുണ്ട്. സമരത്തിനുമുമ്പുതന്നെ കേന്ദ്രമന്ത്രിമാർ പങ്കെടുത്ത രണ്ടുവട്ട ചർച്ചകൾ നടന്നു. മൂന്നാം ചർച്ചയ്ക്കും സർക്കാർ സന്നദ്ധതയറിയിച്ചിട്ടുണ്ട്.
ഡൽഹിയിലേക്കു സമരങ്ങൾക്ക് കർഷകർ കൂടുതലായെത്തുന്നത് പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ, യു.പി. സംസ്ഥാനങ്ങളിൽനിന്നാണ്. ഇപ്പോഴതിൽ പഞ്ചാബിൽ മാത്രമാണ് ബിജെപി. ഭരണമില്ലാത്തത്. ബാക്കിയെല്ലായിടത്തും സർക്കാരുകൾ നിയന്ത്രണം കടുപ്പിച്ചു. ഡൽഹിക്ക് അയൽപ്പക്കത്തെ ബിജെപി. ഭരിക്കുന്ന സംസ്ഥാനങ്ങൾ കനത്ത കാവലാണൊരുക്കുന്നത്.
ചെറുത്തുനിൽക്കാൻ കർഷകരുടെ നീക്കം
സമരത്തെ ചെറുക്കാൻ സർവ സന്നാഹങ്ങളും ഒരുക്കി പൊലീസ് അണിനിരക്കുമ്പോൾ ചെറുക്കാൻ സജ്ജമാണ് കർഷക സംഘടനകളും. കണ്ണീർവാതകത്തെ പ്രതിരോധിക്കാൻ ട്രാക്ടറുകളിൽ കൂറ്റൻ ഫാനുകൾ ഘടിപ്പിക്കുകയാണ് കർഷകർ. കൂടാതെ ട്രാക്ടറുകളിൽനിന്നു ചെറുകുഴലുകളിലൂടെ ചുറ്റുപാടും വെള്ളം ചീറ്റിച്ചും കണ്ണീർവാതകത്തിന്റെ വീര്യം കെടുത്തുന്നു. നീന്തൽക്കാർ ധരിക്കുന്ന തരം കണ്ണടകളും വ്യാപകമായി വിതരണം ചെയ്തിട്ടുണ്ട്. കോൺക്രീറ്റ് ബാരിക്കേഡുകൾ തകർക്കാൻ ട്രാക്ടറുകളിൽ മെക്കാനിക്കൽ ഹാമറുകൾ പിടിപ്പിച്ച് ചുറ്റും കവചവുമൊരുക്കിയിട്ടുണ്ട്.
ബാരിക്കേഡുകളിലിടിച്ചു പരുക്കു പറ്റാതിരിക്കാൻ ട്രാക്ടറുകൾക്കു ചുറ്റും നനഞ്ഞ ചണച്ചാക്കുകൾ വരിഞ്ഞു കെട്ടിയിട്ടുണ്ട്. ബങ്കർ ട്രാക്ടർ എന്നാണു കർഷകർ തന്നെ ഇവയ്ക്കു പേരിട്ടിരിക്കുന്നത്. എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. സിഗ്‌നൽ കിട്ടിയാൽ മുന്നോട്ടു കുതിക്കും. പൊലീസിന്റെ ഈ പ്രതിബന്ധങ്ങളെല്ലാം മറികടക്കാൻ വെറും ഒരു മണിക്കൂർ മതിയെന്നാണ് അംബാലയിൽ നിന്നുള്ള ഹർകിരാത് സിങ് പറഞ്ഞത്. ബൈക്ക് റേസിന് ഉപയോഗിക്കുന്ന 'നീ ക്യാപ്പും' ജാക്കറ്റുകളും ഹെൽമറ്റും ധരിച്ചാണ് യുവാക്കൾ ട്രാക്ടറുകളിൽ തയാറായിരിക്കുന്നത്.
കർഷകർ പൊലീസിനെ ആക്രമിച്ചു എന്ന മട്ടിലുള്ള കള്ളക്കഥകളാണ് ഹരിയാനയിൽനിന്നു പ്രചരിപ്പിക്കുന്നത്. ഓരോ ദിവസവും പരുക്കേറ്റ പൊലീസുകാരുടെ എണ്ണവുമായി വരുന്നു. എന്നാൽ, കർഷകർ ഇതുവരെ ഒരു കല്ലെടുത്തെറിഞ്ഞിട്ടു പോലുമില്ലെന്നും ജഗ്ജീത് സിങ് ധല്ലേവാൾ പറഞ്ഞു. പൊലീസ് കർഷകർക്കു നേരെ പ്രയോഗിച്ച ഷെല്ലുകളെല്ലാം എടുത്തു വച്ചിട്ടുണ്ടെന്നാണ് കിസാൻ മസ്ദൂർ മോർച്ച കോ ഓർഡിനേറ്റർ സർവാൻ സിങ് പാന്ധേർ പറഞ്ഞത്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കണം എന്നു മാത്രമാണു കർഷകരുടെ ആവശ്യം. ഡൽഹിയിലേക്കു മാർച്ച് ചെയ്യണമെന്ന കടുംപിടിത്തമൊന്നുമില്ലെന്നും പാന്ധേർ പറഞ്ഞു.
STORY | PM should speak to 3 Union ministers to resolve farmers' demands: Farmer leader Pandher
- Press Trust of India (@PTI_News) February 15, 2024
READ: https://t.co/9cW6MNq4vY
(PTI File Photo) pic.twitter.com/zNRXzP2vhB
VIDEO | Farmers Protest: Agitating farmers block railway track at Rajpura in Patiala district of #Punjab.#FarmersProtest pic.twitter.com/sZVKymYXpE
- Press Trust of India (@PTI_News) February 15, 2024
ഭാരതീയ കിസാൻ യൂണിയൻ (ഏകത ഉഗ്രഹൻ), ബികെയു ദാകൗണ്ട, എന്നീ സംഘടനകൾ പഞ്ചാബിൽ തീവണ്ടി തടയൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. 7 സ്ഥലങ്ങളിൽ വൈകിട്ടു 4 വരെ തീവണ്ടി തടയും. ബർണാലയിൽ 12നു തന്നെ തീവണ്ടി തടഞ്ഞു സമരം തുടങ്ങി. അതോടൊപ്പം സംയുക്ത കിസാൻ മോർച്ച ടോൾ പ്ലാസകളിലും പ്രതിഷധ സമരം നടത്തി.
#WATCH | Punjab: Protesters from Rajpura, Patiala are sitting on rail tracks and blocking trains at Rajpura Railway Station. pic.twitter.com/y4ffdC4LBz
- ANI (@ANI) February 15, 2024
ഹരിയാന അതിർത്തിയിലെ സ്ഥിതിഗതികൾ ശാന്തമല്ലെന്നാണു സംയുക്ത കിസാൻ യൂണിയൻ (നോൺ പൊളിറ്റിക്കൽ) കോഓർഡിനേറ്റർ ജഗ്ജീത് സിങ് ധല്ലേവാളും പറഞ്ഞത്. മൂന്നാം ഘട്ട ചർച്ചകൾ കഴിഞ്ഞിട്ടും അതിർത്തിയിലെ സ്ഥിതിഗതികൾ ശാന്തമല്ല. സർക്കാർ കർഷകരോട് അങ്ങേയറ്റം ക്രൂരമായാണു പെരുമാറുന്നത്. എന്നാലും ചർച്ചകൾക്ക് ഞങ്ങൾ തയാറാണ്. അല്ലെങ്കിൽ കർഷകർ ചർച്ചയ്ക്കു വഴങ്ങാതെ സമരം ചെയ്യുകയാണെന്നു സർക്കാർ പറയും ജഗ്ജീത് സിങ് ധല്ലേവാൾ പറഞ്ഞു.
വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി 2020 നവംബർ മുതൽ 2021 ഡിസംബർ വരെ നടന്ന സമരത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ 'ഡൽഹി ചലോ' മാർച്ച്. അന്നു നൽകിയ ഉറപ്പുകൾ പാലിക്കാത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ സമരം.
150 കർഷക സംഘടനകൾ അണിനിരക്കുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര വിഭാഗം) 250 കർഷക യൂണിയനുകൾ ഉൾപ്പെടുന്ന കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) ചേർന്നാണ് ഇക്കുറി രംഗത്തുള്ളത്. പഞ്ചാബിലാണു സമരത്തിന്റെ ഏകോപനം. 2020 - 21 കാലത്തെ സമരത്തിനു നേതൃത്വം നൽകിയിരുന്ന സംയുക്ത കിസാൻ മോർച്ച 2022 ജൂലൈയിൽ പിളർന്നിരുന്നു.
#WATCH | Commuters face delays and traffic jams entering into Delhi due to protestors; visuals from GT Karnal Road pic.twitter.com/hunVr7ARyv
- ANI (@ANI) February 15, 2024
എം.എസ്.സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരമുള്ള താങ്ങുവില, സമ്പൂർണ കടം എഴുതിത്ത്ത്ത്തള്ളൽ, 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിനു വീണ്ടും പ്രാബല്യം, വൈദ്യുതി സ്വകാര്യവൽക്കരണ ഭേദഗതി ബിൽ പിൻവലിക്കൽ എന്നിവയാണ് 12 ആവശ്യങ്ങളിൽ പ്രധാനം.
ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചു വിജ്ഞാപനം ഇറക്കിയാൽ ശംഭു, ഖന്നൗരി അതിർത്തികളിൽനിന്നു മടങ്ങാം. അല്ലെങ്കിൽ പ്രതിഷേധിക്കാൻ ഒരു സ്ഥലം തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസും അർധസൈന്യ വിഭാഗവും കർഷകർക്കു നേരെ ലോ ഇന്റൻസിറ്റി 12 ബോർ ബുള്ളറ്റുകളും മോർട്ടാറുകളും പ്രയോഗിക്കുന്നുണ്ട്. തെളിവിനായി ഒഴിഞ്ഞ ഷെല്ലുകൾ എടുത്തുവച്ചിട്ടുണ്ടെന്നും ധല്ലേവാൾ പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നിൽ, പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യം
പഞ്ചാബ്: കഴിഞ്ഞ തവണ 13 ൽ 2 സീറ്റു നേടിയ ബിജെപി ഇത്തവണ മുൻ കോൺഗ്രസ് മുഖ്യമന്ത്രി അമരിന്ദർ സിങ്, പിസിസി അധ്യക്ഷനായിരുന്ന സുനിൽ ഝാക്കർ എന്നിവരെ സ്വന്തം പാളയത്തിലെത്തിച്ചിരുന്നു. ഏറ്റവും പഴയ സഖ്യകക്ഷിയായ അകാലിദളിനെ തിരിച്ചു കൊണ്ടുവരാനുള്ള പിന്നാമ്പുറ ചർച്ചകൾ തകൃതിയായി നടക്കുന്നു. അതിനിടയിൽ വന്ന കർഷക സമരം പഞ്ചാബിൽ നേട്ടം കൊയ്യാനുള്ള നീക്കത്തിനു തടസ്സമാകും.
ഹരിയാന: ഇടഞ്ഞു നിൽക്കുന്ന സഖ്യകക്ഷി ജെജെപിക്കു കർഷകർക്കൊപ്പമല്ലാതെ നിലപാടെടുക്കാൻ കഴിയില്ല. കഴിഞ്ഞ തവണ പത്തിൽ പത്തും നേടിയ ഹരിയാനയിൽ സമരം മത്സരം കടുപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്കും അധികം ദൂരമില്ല.
രാജസ്ഥാൻ: ജാട്ട് കർഷകർ സമരത്തിനു പിന്തുണ അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ അവിടെ 25ൽ ഒരു സീറ്റൊഴികെ നേടിയത് ബിജെപിയാണ്.
പശ്ചിമ യുപി:എസ്‌പി ശക്തികേന്ദ്രങ്ങളായ രണ്ടോ മൂന്നോ സീറ്റുകളല്ലാതെ മറ്റെല്ലാം ബിജെപിയാണു ജയിച്ചത്. ഉപതിരഞ്ഞെടുപ്പുകളിൽ എസ്‌പിയുടെ സീറ്റുകളിലും ബിജെപി ജയിച്ചു. എന്നിട്ടും ഒന്നാം കർഷക സമരത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ യുപിയിൽ എസ്‌പി നേട്ടമുണ്ടാക്കി. ലോക്‌സഭയിൽ അതാവർത്തിക്കാതിരിക്കാൻ ആർഎൽഡിയെ ഇന്ത്യ മുന്നണിയിൽനിന്ന് അടർത്തിയെടുത്ത ആശ്വാസത്തിനിടയ്ക്കാണു സമരം.
ഹരിയാനയിൽനിന്നു പഞ്ചാബിലേക്ക് കർഷകർക്കു മേൽ കണ്ണീർവാതക ഷെല്ലുകൾ വർഷിക്കുമ്പോൾ മുഖ്യമന്ത്രി ഭഗവന്ത് മാൻ മൗനം പാലിക്കുകയാണെന്നു കുറ്റപ്പെടുത്തൽ. ഹരിയാന പൊലീസ് റബർ, പ്ലാസ്റ്റിക് ബുള്ളറ്റുകളും ഇടതടവില്ലാതെ കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിക്കുന്നു. ഇത് കണ്ടിട്ടും ഭഗവന്ത് മാൻ മിണ്ടാതിക്കുന്നതെന്താണെന്നും ജഗ്ജീത് സിങ് ധല്ലേവാൾ ചോദിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ