- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെർച്ച് കമ്മറ്റിയിൽ പ്രതിനിധി വേണ്ടെന്ന് ഇടതു പ്രമേയം; പാസായെന്ന് പ്രോ ചാൻസലറായ മന്ത്രി; ഇല്ലെന്ന് താൽകാലിക വിസി; കേരള സർവ്വകലാശാലയിലെ സെനറ്റ് യോഗം ബഹളമയം; ഗവർണ്ണർ-സർക്കാർ പോര് രൂക്ഷമാക്കാൻ മന്ത്രി ബിന്ദുവിന്റെ ഇടപെടലുകൾ; ഉന്നത വിദ്യാഭ്യാസം പ്രതിസന്ധിയിൽ തന്നെ
തിരുവനന്തപുരം: ഗവർണ്ണർ-സർക്കാർ പോര് പുതിയ തലത്തിലെത്തിക്കാൻ കേരള സർവകലാശാല സെനറ്റ് യോഗത്തിലെ നാടകീയ രംഗങ്ങൾ. സേർച്ച് കമ്മിറ്റിയിൽ പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന പ്രമേയം സെനറ്റിൽ അവതരിപ്പിച്ചു. പ്രമേയത്തെച്ചൊല്ലി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും താൽകാലിക വൈസ് ചാൻസലർ (വിസി) ഡോ.മോഹനൻ കുന്നുമ്മലും തമ്മിൽ വാക്കുതർക്കമുണ്ടായി. മന്ത്രിയും വിസിയും നേർക്കുനേർ പോരടിക്കുന്ന വിഡിയോയും പുറത്തുവന്നു. വൈസ് ചാൻസലറാണ് യോഗത്തിൽ അധ്യക്ഷനാകേണ്ടത്. എന്നാൽ മന്ത്രി അധ്യക്ഷനായി സ്വയം എത്തി. പ്രൊ ചാൻസലർ എന്ന നിലയിലാണ് മന്ത്രിയുടെ ഇടപെടൽ. ഇതോടെ ഈ വിഷയം കോടതി കയറുമെന്ന് ഉറപ്പായി.
സേർച്ച് കമ്മിറ്റിയിൽ പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന പ്രമേയം പാസായെന്നു മന്ത്രിയും പാസായില്ലെന്നു വിസിയും നിലപാടെടുത്തു. ഇതോടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമായി. യോഗം വിളിച്ചതു താനാണെന്നും അതിനാൽ അധ്യക്ഷൻ താനാണെന്നും വിസി പറഞ്ഞു. മന്ത്രി അധ്യക്ഷത വഹിച്ചതും അജൻഡ വായിച്ചതും ശരിയായില്ലെന്നും വിസി നിലപാടെടുത്തു. തർക്കത്തിനിടെ, യോഗം പിരിഞ്ഞതായി മന്ത്രി അറിയിച്ചെങ്കിലും സെനറ്റ് അംഗങ്ങൾ ഹാളിൽനിന്നു വിട്ടുപോയില്ല. ഗവർണർ നാമനിർദ്ദേശം ചെയ്ത അംഗങ്ങൾ എതിർപ്പുമായി രംഗത്തെത്തി.
യോഗം വിളിച്ചത് വൈസ് ചാൻസലറുടെ താൽകാലിക ചുമതയലുള്ള ഡോ മോഹൻ കുന്നുമ്മലാണ്. അതുകൊണ്ട് തന്നെ യോഗത്തിൽ അധ്യക്ഷത വഹിക്കേണ്ടതും വിസിയാണ്. ഇതിനൊപ്പം പ്രത്യേക യോഗങ്ങളിൽ പ്രമേയം പാസാക്കാനും കഴിയില്ല. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാലയുടെ പ്രതിനിധിയെ നിശ്ചയിക്കാൻ ചേർന്ന സെനറ്റ് കമ്മിറ്റിയിൽ വാക്ക്പോര് അതിരൂക്ഷമായിരുന്നു. പ്രോ ചാൻസലാറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും വിസിയുമായാണ് ആദ്യം വാക്ക് പോരിൽ ഏർപ്പെട്ടത്.
തുടർന്ന് ഇടത് അംഗം മുന്നോട്ടു വച്ച പ്രമേയത്തിന്റെ പേരിലായി തർക്കം. എന്നാൽ സ്പഷ്യൽ സെനറ്റിൽ ഒരു അജണ്ട മാത്രം ചർച്ചചെയ്യാകു എന്ന നിയമം നിലനിൽക്കെയാണ് ഇടത് പ്രതിനിധി സമർപ്പിച്ചെന്ന് പറഞ്ഞ് പ്രമേയം കൊണ്ടുവന്നത്. വാക്കേറ്റം രൂക്ഷമായപ്പോൾ മന്ത്രി തന്നെ യോഗം പിരിച്ചുവിട്ടതായി അറിയിച്ചു. ഇത് വിസി അംഗീകരിച്ചില്ല. അതിനിടെ വിസി അംഗത്വം നാമനിർദ്ദേശം ചെയ്യുമെന്നും സൂചനയുണ്ട്. അങ്ങനെ വന്നാൽ അത് ഗവർണ്ണർ അംഗീകരിച്ചേക്കും. ഇത് കോടതിയിൽ എത്താനും സാധ്യതയുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം എത്രമാത്രം പ്രതിസന്ധിയിലാണെന്ന് തെളിയിക്കുന്നതാണ് കേരളയിലെ സംഭവ വികാസങ്ങൾ.
ഗവർണർ നാമനിർദ്ദേശം ചെയ്ത സെനറ്റ് പ്രതിനിധികൾ പങ്കെടുക്കുന്നത് കാലിക്കറ്റ് സർവകലാശാലയിലേതുപോലെ തടയാനുള്ള സാധ്യതയും സംഘർഷവും മുന്നിൽക്കണ്ട് പൊലീസ് സംരക്ഷണം നൽകാൻ ഡിജിപിയോട് സർവ്വകലാശാലാ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. അങ്ങനെ വലിയ പൊലീസ് സംരക്ഷണവും ഉണ്ടായിരുന്നു. സെർച്ച് കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്‌സിറ്റി പ്രതിനിധിയെ നിശ്ചയിച്ച് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരള സർവകലാശാലയിൽ സെനറ്റ് യോഗം ചേരുന്നത്. യോഗം ചേരാനുള്ള തീരുമാനത്തിന് പിന്നാലെ എതിർപ്പുകളും വിവാദങ്ങളും ഉയർന്നിരുന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച യോഗത്തിൽ സർവകലാശാലാ നോമിനിയെ നിശ്ചയിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണുണ്ടായിരുന്നത്.
106 അംഗങ്ങളുള്ള സെനറ്റിൽ ക്വാറം തികയാൻ മൂന്നിലൊന്ന് അംഗബലം മതിയാകും. ഭൂരിപക്ഷം ഇടത് അംഗങ്ങൾ ആണെങ്കിലും ചാൻസിലർ നോമിനികളും യു.ഡി.എഫ് പ്രതിനിധികളും ഔദ്യോഗിക അംഗങ്ങളും യോഗത്തിൽ എത്തിയാൽ ക്വാറം തികയുന്ന അവസ്ഥയുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഇടതുപക്ഷവും യോഗത്തിന് എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ