- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉണ്ണിത്താൻ വധശ്രമക്കേസ്: എൻ. അബ്ദുൾ റഷീദിനെതിനായ അപ്പീലുകൾ ജസ്റ്റിസ് സോമരാജന്റെ ബഞ്ചിൽ നിന്ന് മാറ്റണമെന്ന് ഹർജി; എതിർകക്ഷിയുടെ വക്കാലത്ത് ഇല്ലാതെ അഭിഭാഷകൻ കേസിൽ ഹാജരായെന്ന് ഹർജിക്കാരൻ; ചൊവ്വാഴ്ച പരിഗണിക്കും
കൊച്ചി: മാധ്യമപ്രവർത്തകൻ വി.ബി. ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്ന എസ്പി എൻ. അബ്ദുൾ റഷീദിനെതിരേ ഹൈക്കോടതിയിൽ നിലനിൽക്കുന്ന അപ്പീലുകൾ അട്ടിമറിക്കാൻ അഭിഭാഷകന്റെ നേതൃത്വത്തിൽ ശ്രമമെന്ന് പരാതി. താൻ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ജസ്റ്റിസ് സോമരാജന്റെ ബഞ്ചിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ ജി. വിപിനൻ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ചൊവ്വാഴ്ച പരിഗണിക്കും.
ഉണ്ണിത്താൻ വധശ്രമക്കേസിൽ പ്രതിയായിരുന്ന എൻ. അബ്ദുൾ റഷീദിനെ വിചാരണ കൂടാതെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിനെതിരേ കേസിൽ 88-ാം സാക്ഷിയായിരുന്ന ജി. വിപിനനും സിബിഐയും അടക്കം നൽകിയ അഞ്ച് അപ്പീലുകളാണ് കോടതി ഒന്നിച്ച് പരിഗണിക്കുന്നത്. കഴിഞ്ഞ 19 ന് കേസ് പരിഗണിച്ചപ്പോൾ വനംവകുപ്പിന്റെ സ്റ്റാൻഡിങ് കോൺസലായ അഡ്വ. നാഗരാജ് നാരായണൻ ഹാജരാവുകയും ഹർജിക്കാരന് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നും പുറമേ നിന്നുള്ള ആളാണെന്നും അതിനാൽ ഈ കേസ് തീർപ്പാക്കണമെന്നും വാദിച്ചു.
അബ്ദുൾ റഷീദിനെതിരായ അപ്പീലുകൾ ജസ്റ്റിസ് പി. സോമരാജന്റെ ബഞ്ചാണ് പരിഗണിക്കുന്നത്. ഈ ഹർജികളിലൊന്നിൽപ്പോലും അഡ്വ. നാഗരാജ് നാരായണന് വക്കാലത്തില്ല. വക്കാലത്തില്ലാത്തയാൾ എങ്ങനെ ഒരു കേസിൽ ഹാജരാകുമെന്നും ഇതിന് പിന്നിൽ ഒത്തുകളിയുണ്ടെന്നും ചൂണ്ടിക്കാട്ടി വിപിനൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകിയിരുന്നു. ഇതിന് മുൻപ് ജനുവരി 24 ന് ജസ്റ്റിസ് പി. സോമരാജൻ ഹർജി പരിഗണിച്ചപ്പോൾ സിബിഐ അഭിഭാഷകൻ ഹാജരായി ഇത് ഉടൻ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമയം അനുവദിക്കണമെന്ന് വിപിനന്റെ അഭിഭാഷകൻ അപേക്ഷിച്ചെങ്കിലും കോടതി ജനുവരി 29 ലേക്ക് കേസ് മാറ്റി വയ്ക്കുകയായിരുന്നു. അന്നു തന്നെ ഹർജി തീർപ്പാക്കുമെന്ന് പരാമർശിക്കുകയും ചെയ്തു.
ഇക്കാര്യം ചൂണ്ടിക്കാട്ടി വിപിനൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും രജിസ്ട്രാർക്കും പരാതി അയച്ചിരുന്നു. ജസ്റ്റിസ് പി. സോമരാജനും അബ്ദുൾ റഷീദും കൊല്ലം ജില്ലക്കാരാണെന്നും മുൻപ് ഒരു ഹർജി റഷീദിന് അനുകൂലമായി അനുവദിച്ചിരുന്നുവെന്നും അതു കൊണ്ടു തന്നെ തന്റെ ഹർജിയിൽ നീതിപൂർവമായ വിധി ഉണ്ടാകാൻ സാധ്യതയില്ലെന്നും വിപിനൻ പരാതിയിൽ സൂചിപ്പിച്ചിരുന്നു. നേരത്തേ ഈ ഹർജി തന്റെ ബഞ്ചിൽ വന്നപ്പോൾ കൊല്ലം ജില്ലയിൽ നിന്നുള്ള ജസ്റ്റിസ് രാജാ വിജയരാഘവൻ അത് പരിഗണിക്കുന്നതിൽ നിന്ന് സ്വമേധയാ ഒഴിഞ്ഞു മാറിയിരുന്നുവെന്നും വിപിനൻ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ ഈ പരാതിക്ക് ഒരു പരിഹാരവും ഉണ്ടായില്ല. ഈ രണ്ടു സംഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് തനിക്ക് ജസ്റ്റിസ് പി. സോമരാജന്റെ ബഞ്ചിൽ നിന്ന് നീതി ലഭിക്കില്ലെന്ന് കാട്ടി ജി. വിപിനൻ അഡ്വ. ജോൺ റാൽഫ് മുഖേനെ വീണ്ടും കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച് ചൊവ്വാഴ്ച പരിഗണിക്കുന്നതിന് വേണ്ടി മാറ്റിയിരിക്കുകയാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്