- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ; പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ; പൗരത്വ അപേക്ഷ നൽകുന്നതിനുള്ള പോർട്ടൽ സജ്ജം; നിയമത്തിന്റെ ചട്ടങ്ങൾ മാർച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യും; പ്രതിഷേധങ്ങളെ 'മറികടക്കാൻ' നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴി
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാനിരിക്കെ അതിവേഗം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 2019-ൽ പാർലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ മാർച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യും. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ടവർക്ക് പൗരത്വത്തിനായി അപേക്ഷ നൽകുന്നതിന് പ്രത്യേക പോർട്ടൽ കേന്ദ്രആഭ്യന്തരമന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ്, പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ടവർക്കാണ് ഇന്ത്യൻ പൗരത്വം നൽകുന്നതിനായി കേന്ദ്രം നടപടിക്രമം ആരംഭിച്ചിരിക്കുന്നത്. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവിൽ വന്നുവെങ്കിലും ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധ, പാർസി മത വിശ്വാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമഭേദഗതിയാണ് പാർലമെന്റ് പാസ്സാക്കിയിരുന്നത്.
2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വത്തിനായി അപേക്ഷ നൽകാൻ കഴിയുകയെന്നായിരുന്നു നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ 2014-ന് ശേഷവും ഇന്ത്യയിൽ എത്തിയവർക്ക് സി.എ.എയുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നുവെന്നാണ് സൂചന. സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും, ബംഗാളും ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനാണ് പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴിയാക്കുന്നത്.
പൗരത്വത്തിന് അപേക്ഷിക്കുന്നവർ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വർഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരിൽ നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സി.എ.എ. നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകളും, വിവിധ മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു. മുസ്ലിംലീഗ് ഉൾപ്പടെ നൽകിയ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
മൂന്ന് അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള പ്രത്യേക വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം, ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് നടപ്പാക്കുമെന്നു ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞിരുന്നു. ഈ പ്രസ്താവന വന്നു ദിവസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നത്.
പൗരത്വ റജിസ്‌ട്രേഷനുള്ള ഓൺലൈൻ പോർട്ടൽ തയാറായിട്ടുണ്ട്. ഇതിന്റെ ട്രയൽ റൺ നടക്കുന്നതായാണ് വിവരം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 30 ജില്ലാ മജിസ്‌ട്രേറ്റുമാർക്കും 9 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്കും പരിശോധനകൾക്കു ശേഷം പൗരത്വം നൽകാനുള്ള അധികാരം നൽകിയിട്ടുണ്ട്.
ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് 2014 ഡിസംബർ 31ന് മുൻപ് കുടിയേറിയ ഹിന്ദു, സിഖ്, ജയിൻ, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണു പൗരത്വത്തിന് പരിഗണിക്കുക. 2019ൽ പാസാക്കിയ നിയമത്തിനെതിരെ വൻതോതിൽ പ്രക്ഷോഭം ഉയർന്നിരുന്നു. പൗരത്വം നൽകുന്നതിനായി മതം പരിഗണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധങ്ങൾ അരങ്ങേറിയത്. ഇതിനു തൊട്ടുമുൻപ് അവതരിപ്പിച്ച എൻആർസി, എൻപിആർ എന്നിവ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ